ജനവാസമേഖലയിൽ ഇറങ്ങി ആക്രമണം നടത്തുന്ന വന്യജീവികളെ നിയന്ത്രിക്കുന്നതിലുള്ള നിയമപരമായ അപ്രായോഗിക നിയന്ത്രണങ്ങളും തടസ്സങ്ങളും നീക്കാൻ സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. കേന്ദ്രനിയമമായ 1972-ലെ വന്യജിവി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതി നിർദ്ദേശിക്കുവാനാണ് സമിതി രൂപീകരിച്ചിട്ടുള്ളത്.
ചീഫ് സെക്രട്ടറി കൺവീനറായുള്ള സമിതിയിൽ വനം വകുപ്പ് അഡീ. ചീഫ് സെക്രട്ടറി, പരിസ്ഥിതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി, മുഖ്യ വനം മേധാവി, നിയമ വകുപ്പ് സെക്രട്ടറി എന്നിവർ അംഗങ്ങളാണ്.
ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലുക, മയക്ക് വെടി വെയ്ക്കുക, കൂട് വെച്ച് പിടിക്കുക, പിടിച്ചുകഴിഞ്ഞാൽ പ്രത്യേകം പാർപ്പിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കുന്നതിന് നിലവിലുള്ള കേന്ദ്ര നിയമമായ 1972-ലെ വന്യജീവി സംരക്ഷണം നിയമത്തിലെ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. ഈ വ്യവസ്ഥകൾ പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് ചില അധികാരങ്ങൾ ഉണ്ടെങ്കിലും അവ വിനിയോഗിച്ച് പ്രായോഗിക നടപടികൾ സ്വീകരിക്കുന്നതിന് കേന്ദ്ര സർക്കാർ പുറവ്വെടുവിച്ച Standard Operating Procedure, Advisory to deal with human – wildlife conflict, ടൈഗർ കൺസർവേഷൻ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ളതും പ്രോജക്ട് എലിഫൻറ് പദ്ധതി പ്രകാരമുള്ളതും ആയ വിവിധ ഗൈഡ് ലൈനുകൾ തുടങ്ങിയവ പാലിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡർ നിർബന്ധിതനായതിനാൽ അടിയന്തര ഘട്ടങ്ങളിൽ പോലും നടപടി സ്വീകരിക്കുന്നതിന് നിയമതടസ്സങ്ങൾ ഉണ്ടാവുകയും എടുത്ത നടപടികൾ തന്നെ ഫലപ്രദമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുകയാണ്. 1972-ലെ വന്യജീവി സംരക്ഷണം നിയമത്തിൻറെ വകുപ്പ് 11 (എ) അനുസരിച്ച് Captivity പാടില്ല എന്ന് ഹൈക്കോടതി നിർദ്ദേശമുണ്ട്. കൂടാതെ നിലവിൽ തടങ്കലിലുള്ള വന്യജീവികളെ വനത്തിൽ തുറന്ന് വിടണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളും കോടതിയിൽ നിലവിലുണ്ട്.
വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം എന്ന വിഷയം ഭരണഘടനയുടെ സമവർത്തി ലിസ്റ്റിൽ (concurrent list) 17 ബി ഇനമായി 1976-ൽ ചേർത്തിട്ടുണ്ട്. ജനവാസമേഖലയിൽ അക്രമാസക്തമായി ഇറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് നിലവിലുള്ള കേന്ദ്ര നിയമം ഭേദഗതി ചെയ്യുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ തയ്യാറാക്കി കേന്ദ്രനിയമത്തിനുള്ള സംസ്ഥാന ഭേദഗതി ബില്ലായി അവതരിപ്പിക്കുകയോ കേന്ദ്രനിയമം ഭേദഗതി ചെയ്യുന്നതിനുള്ള ഭേദഗതി നിർദ്ദേശങ്ങൾ ആയി നിയമസഭ പാസ്സാക്കുന്ന ഒരു പ്രമേയം സഹിതം കേന്ദ്രസർക്കാരിന് സമർപ്പിക്കുകയോ ചെയ്യാനാണ് ഉദ്ദേശ്യം.
വയനാട്ടിലും എരുമേലിയിലും ഇടുക്കിയിലും ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തിയ വന്യജീവികളെ വെടിവയ്ക്കുന്നതും പിടികൂടുന്നതും സംബന്ധിച്ച് വിവിധങ്ങളായ നിയമ പ്രശ്നങ്ങളാണ് സർക്കാരിന് നേരിടേണ്ടി വന്നത്. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ നിർദ്ദേശിച്ച പ്രകാരമുള്ള ഭേദഗതി ബിൽ പാർലമെൻറ് പാസ്സാക്കിയിരുന്നു. കൂടുതൽ കർശന വ്യവസ്ഥകളടങ്ങിയ ഈ ഭേദഗതി 2023 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
വനവും വന്യജീവികളെയും പരിസ്ഥിതിയും സംരക്ഷിക്കുക എന്ന ഭരണഘടനാപരമായ കർത്തവ്യത്തോടൊപ്പം മനുഷ്യൻറെ ജീവനും സ്വത്തിനും സംരക്ഷണം നൽകത്തക്കവിധമുള്ള നിയന്ത്രണങ്ങളും പ്രായോഗിക തലത്തിൽ ഫലപ്രദമായി നടപ്പിലാക്കാൻ പറ്റുന്ന നിയമ വ്യവസ്ഥകളും കൊണ്ടുവരിക എന്നതാണ് ലക്ഷ്യം.