Special teams formed at wildlife attack hotspots

വന്യജീവി ആക്രമണം നിരന്തരമായി അനുഭവപ്പെടുന്ന മേഖലകളിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചുകൊണ്ട് അഞ്ച് വനം സർക്കിളുകളിലും ഉത്തരവ് പുറപ്പെടുവിച്ചു. വന്യജീവി ആക്രമണം സംബന്ധിച്ച പ്രശ്‌നങ്ങൾ ഏകോപിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനുമായി വനം വകുപ്പിന്റെ സർക്കിൾ തലങ്ങളിലെ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരെ നോഡൽ ഓഫീസർമാരായി നിയമിച്ചുകൊണ്ട് കഴിഞ്ഞ ഡിസംബറിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ നോഡൽ ഓഫീസർമാരാണ് ഇപ്പോൾ സ്‌പെഷ്യൽ ടീമുകൾ രൂപീകരിച്ചത്.

നോർത്തേൺ സർക്കിളിന് കീഴിൽ കണ്ണൂർ ഡിവിഷനിലെ ആറളം, സൗത്ത് വയനാട് ഡിവിഷനിലെ പുൽപ്പള്ളി, നോർത്ത് വയനാട് ഡിവിഷനിലെ തിരുനെല്ലി, കാസർഗോഡ് ഡിവിഷനിലെ പാണ്ടി എന്നീ ഹോട്ട് സ്‌പോട്ടുകളിലാണ് പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുള്ളത്.

ഈസ്‌റ്റേൺ സർക്കിളിന് കീഴിൽ നിലമ്പൂർ നോർത്ത് ഡിവിഷനിലെ ഇടക്കോട്, മണ്ണാർക്കാട് ഡിവിഷനിലെ പുതൂർ പ്രദേശം, പാലക്കാട് ഡിവിഷനിലെ വാളയാർ എന്നിവയാണ് ഹോട്ട്‌സ്‌പോട്ടുകൾ.

സെൻട്രൽ സർക്കിളിന് കീഴിൽ തൃശൂർ ഡിവിഷനിലെ വാഴാനി, പട്ടിക്കാട്, ചാലക്കുടി ഡിവിഷനിലെ പാലപ്പിള്ളി പ്രദേശം, മലയാറ്റൂർ ഡിവിഷനിലെ മണികണ്ഠൻചാൽ, വാടാട്ടുപാറ, കണ്ണിമംഗലം, വാവേലി എന്നിവയാണ് ഹോട്ട്‌സ്‌പോട്ടുകൾ.

ഹൈറേഞ്ച് സർക്കിളിന് കീഴിൽ മൂന്നാർ, പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിലാണ് ടീം പ്രവർത്തിക്കുക.

സതേൺ സർക്കിളിൽ തിരുവനന്തപുരം ഡിവിഷനിലെ പാലോട്, തെന്മല ഡിവിഷനിലെ ആര്യങ്കാവ്, റാന്നി ഡിവിഷനിലെ തണ്ണിത്തോട് എന്നിവടങ്ങളിലാണ് സ്‌പെഷ്യൽ ടീമുകൾ രൂപീകരിച്ചത്.

ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങൾ ആസ്ഥാനമാണെങ്കിലും വന്യജീവി ആക്രമണം ഉണ്ടാകുന്ന സമീപ പ്രദേശത്തെ എല്ലാ മേഖലകളിലും ഈ ടീം പ്രവർത്തിക്കുന്നതാണ്.

സ്‌പെഷ്യൽ ടീമിൽ ഡി.എഫ്.ഒ ടീം ലീഡർ ആയിരിക്കും. വൈൽഡ് ലൈഫ് വാർഡൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ, റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, വാച്ചർമാർ എന്നിവർ അംഗങ്ങളാണ്.

വൈൽഡ് ലൈഫ് വിഭാഗത്തിന് പുറമെ സോഷ്യൽ ഫോറസ്ട്രിയിലെയും ടെറിട്ടോറിയൽ വിഭാഗത്തിലെയും ജീവനക്കാരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ടീം രൂപീകരിച്ചിട്ടുള്ളത്. വന്യജീവി ആക്രമണം നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് മറ്റു വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി കൂടുതൽ അംഗങ്ങളുള്ള ടീം രൂപീകരിച്ചത് .