ഇക്കോ സെന്‍സിറ്റീവ് സോണ്‍: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപ്പരിശോധന ഹര്‍ജി ഫയല്‍ ചെയ്തു
വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിര്‍ത്തി മുതല്‍ ഒരു കിലോ മീറ്റര്‍ പരിധി പരിസ്ഥിതി സംവേദക മേഖല ഉണ്ടായിരിക്കണം എന്ന ബഹു. സുപ്രീംകോടതി വിധിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപ്പരിശോധന ഹര്‍ജി ഫയല്‍ ചെയ്തു. ഭരണഘടനയുടെ 137-ാം അനുച്ഛേദപ്രകാരമാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കേസ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കേണ്ടതുണ്ട് എന്ന് കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. 03.06.2022-ലെ സുപ്രീംകോടതി വിധി നേരത്തെയുള്ള ഗോവ ഫൗണ്ടേഷന് കേസുമായി ബന്ധപ്പെട്ട വിധിയുമായി യോജിക്കുന്നില്ല. മാത്രമല്ല 2011-ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പ്രായോഗികമല്ല. ഇക്കോ സെന്‍സിറ്റീവ് സോണില്‍ ഉള്‍പ്പെട്ട പലപ്രദേശങ്ങളും ഇപ്പോള്‍ ടൗണ്‍ ഷിപ്പുകള്‍ കൂടിയാണ്. അവിടെ ആളുകളെ മാറ്റി പാര്‍പ്പിക്കുക പ്രായോഗികമല്ലെന്നും ഹര്‍ജിയിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇക്കോ സെന്‍സിറ്റീവ് സോണില്‍ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും സ്കൂളുകളും മറ്റ് പൊതുസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. പരിസ്ഥിതിയും ജനജീവിതവും ഒരേപോലെ സംരക്ഷിക്കുന്ന നിലപാടാണ് ഈ കാര്യത്തില്‍ സംസ്ഥാനം അനുവര്‍ത്തിക്കുന്നത്. 03.06.2022-ലെ സുപ്രീംകോടതി വിധി കേരളത്തിന്റെ പൊതുതാല്പര്യം പരിഗണിച്ച് സ്റ്റേ ചെയ്യണമെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്.