Eravikulam is the best national park in India.

ഇരവികുളം ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനം

രാജ്യത്തെ നാഷണൽ പാർക്കുകളും സംരക്ഷിത പ്രദേശങ്ങളുമെല്ലാം ഉൾപ്പെടുത്തി കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നടത്തുന്ന 2020-25 കാലയളവിലെ “മാനേജ്മെന്റ് എഫക്ടീവ്‌നസ് ഇവാല്യുവേഷൻ” (MEE) – ൽ മികച്ച പ്രകടനത്തോടെ കേരളം ഏറ്റവും മുന്നിലെത്തി. ഇവാല്യുവേഷനിൽ 76.22% സ്കോർ നേടി “വെരി ഗുഡ്” റേറ്റിംഗ് കരസ്ഥമാക്കിയ ഏക സംസ്ഥാനമാണ് കേരളം. കർണ്ണാടക (74.24%), പഞ്ചാബ് (71.74%), ഹിമാചൽ പ്രദേശ് (71.36%) എന്നീ സംസ്ഥാനങ്ങൾക്ക് “ഗുഡ്” റേറ്റിംഗ് ലഭിച്ചു.

കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതൽ 2025 വരെ സംരക്ഷിത വനമേഖലകളിൽ നടത്തിയ മാനേജ്മെന്റ് എഫക്ടീവ് ഇവാല്യൂവേഷനിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ദേശിയോദ്യാനമായി മൂന്നാർ വൈൽഡ്‌ലൈഫ് ഡിവിഷനു കീഴിലുള്ള ഇരവികുളം നാഷണൽ പാർക്കിനെ തിരഞ്ഞെടുത്തു. ഇന്ത്യയിലെ 438 സംരക്ഷിത വനമേഖലകളിൽ വിവിധ ഘട്ടങ്ങളായി വിദഗ്ദ്ധ സമിതി നടത്തിയ പരിശോധനകളുടേയും വിലയിരുത്തലുകളുടേയും അടിസ്ഥാനത്തിലാണ് 92.97% മാർക്ക് നേടി ഇരവികുളം നാഷണൽ പാർക്ക്, ജമ്മു & കാശ്മീരിലെ ഡച്ചിഗാം നാഷണൽ പാർക്കിനൊപ്പം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN), വേൾഡ് കമ്മീഷൻ ഓൺ പ്രൊട്ടക്ടഡ് ഏരിയ (WCPA) എന്നിവയുടെ മൂല്യനിർണയ മാനദണ്ഡങ്ങൾക്കനുസൃതമായിട്ടാണ് മാർക്കുകൾ നൽകിയിരിക്കുന്നത്. ആറ് പ്രധാന സംരക്ഷണ ഘടകങ്ങൾ വിലയിരുത്തുന്നതിനായി 32 മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് മാർക്കുകൾ നൽകിയിരിക്കുന്നത്.

90.63% മാർക്കോടെ മൂന്നാർ വൈൽഡ്‌ലൈഫ് ഡിവിഷനിലെ തന്നെ മതികെട്ടാൻ ഷോല നാഷണൽ പാർക്കും, 89.84% മാർക്കോടെ ചിന്നാർ വന്യജീവി സങ്കേതവും മികച്ച സംരക്ഷിത വനമേഖലകളായി ഇരവികുളം നാഷണൽ പാർക്കിന്റെ തൊട്ടുപിന്നിൽ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

2012 ൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ 39 സൈറ്റുകളിൽ ഒന്നായ പശ്ചിമ ഘട്ടത്തിന്റെ തെക്ക് ഭാഗത്ത് ഉയർന്ന മലനിരകളിൽ സ്ഥിതി ചെയ്യുന്ന 97 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള സംരക്ഷിത വനമേഖലയാണ് ഇരവികുളം നാഷണൽ പാർക്ക്. പുൽമേടുകളും ഷോലവനങ്ങളും നിറഞ്ഞ ജൈവവൈവിധ്യ സമ്പന്നമായതും അതീവ പരിസ്ഥിതിക പ്രാധാന്യമർഹിക്കുന്നതുമായ മേഖലയാണ് ഇരവികുളം നാഷണൽ പാർക്ക്.

ലോകത്ത് വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രം കാണപ്പെടുന്നതും കടുത്ത വംശനാശ ഭീഷണി നേരിടുന്നതുമായ അതീവ സംരക്ഷണ പ്രാധാന്യമർഹിക്കുന്ന വന്യജീവികളാണ് നീലഗിരി താർ (Nilgiri Tahr) എന്നറിയപ്പെടുന്ന വരയാടുകൾ. ലോകത്ത് ഏറ്റവും അധികം വരയാടുകൾ കാണപ്പെടുന്ന സ്വാഭാവിക ആവാസമേഖലയാണ് ഇരവികുളം നാഷണൽ പാർക്ക്. കൂടാതെ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി (Strobilanthes kunthianus) ഉൾപ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങളും ഇരവികുലത്തിന്റെ മാത്രം പ്രത്യേകതയാണ്.

ഇന്ത്യയിൽ ഏറ്റവും വൃത്തിയായി പരിപാലിക്കുന്ന നാഷണൽ പാർക്കുകളിൽ ഒന്നായി അറിയപ്പെടുന്ന ഇരവികുളം, പ്രാദേശിക ജനവിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഇക്കോ-ടൂറിസത്തിന്റെ ഏറ്റവും മികച്ച മാതൃകയാണെന്നും റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

കേരളത്തിലും തമിഴ്നാട്ടിലുമുള്ള നിരവധി സംരക്ഷിത വനമേഖലകളെയും, റിസർവ്വ് ഫോറസ്റ്റുകളെയും ബന്ധിപ്പിക്കുന്ന ജൈവവൈവിധ്യ മേഖലയാണ് ഈ പ്രദേശം. ഉഷ്ണമേഖല പർവ്വത ആവാസവ്യവസ്ഥക്ക് അനുയോജ്യമായ രീതിയിൽ സസ്യ-ജന്തു ജാലങ്ങളുടെ വിപുലമായ പട്ടിക രൂപപ്പെടുത്തി അവയെ ഇരവികുളം നാഷണൽ പാർക്ക് സംരക്ഷിച്ചു വരുന്നതായിട്ടാണ് റിപ്പോർട്ടിൽ എടുത്തു പറയുന്നത്.

സംരക്ഷിത വനമേഖലയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ ടൂറിസം സോൺ വേർതിരിച്ച് നിയന്ത്രിക്കുകയും, ഇന്റർപ്രൊട്ടേഷൻ സെന്റർ, ഓർക്കിഡേറിയം, ഫേണറി, സ്വാഭാവിക ആവാസവ്യവസ്ഥയിൽ പ്രവേശിക്കാതെ തന്നെ ജൈവവൈവിധ്യവും പ്രകൃതിഭംഗിയും ആസ്വദിക്കാനുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ Virtual Reality Experience Center, Nature Education Center എന്നിവ ഇരവികുളം നാഷണൽ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.