1) ഈ ബിൽ നിയമസഭ പ്രസിദ്ധീകരിച്ചിട്ടേ ഉള്ളൂ. സഭ പാസ്സാക്കിയിട്ടില്ല. നിയമസഭാ ചട്ട പ്രകാരം അത് ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
2) ആവശ്യമുള്ള ഭേദഗതികൾ നിയമസഭാ സബ്ജക്ട് കമ്മിറ്റി ബില്ലിൽ ചേർക്കും.
ബില്ലിലെ വ്യവസ്ഥകൾ
3) പ്ലാസ്റ്റിക് വേസ്റ്റ്.-വകുപ്പ് 27 (1) (e) (vii) -കോടതി നിർദ്ദേശ പ്രകാരം പ്ലാസ്റ്റിക് വേസ്റ്റും മറ്റ് മാലിന്യങ്ങളും വനത്തിൽ നിക്ഷേപിക്കുന്നവർക്ക് സ്പോട്ട് ഫൈൻ വരെ ചുമത്താൻ നിർദ്ദേശം ഉണ്ട്. കോടതി വിധികൾ കൂടി കണക്കിലെടുത്താണ് ഇതിന് പിഴ ശിക്ഷ ഏർപ്പെടുത്തിയത് വന്യമൃഗങ്ങളെ പീഢിപ്പിക്കുന്നതിനെതിരെയും ഇപ്രകാരം കോടതി നിർദ്ദേശം ഉണ്ട്.
4) വനത്തിന് പുറത്തു വളരുന്ന മുള, ഈറ്റ എന്നിവ മരം നിർവ്വചനത്തിൽ നിന്നും ഒഴിവാക്കി [വകുപ്പ് 2 (l)]
5) വനത്തിനകത്തെ മണൽ എടുക്കുന്നതിന് നിരോധനം-
നിലവിൽ പാറകൾ, കൽക്കരി, ചുണ്ണാമ്പ് കല്ല് എന്നിവയ്ക്കൊപ്പം മണൽ എടുക്കുന്നത് കൂടി കുറ്റകരമാക്കി[വകുപ്പ് 27 (1)(vii)]
6) വനത്തിൽ തോക്കും സ്ഫോടക വസ്തുക്കളുമായി പ്രവേശിക്കരുത് [ വകുപ്പ് 27 (1)(viii)]
മൃഗവേട്ടയും ചന്ദനം തുടങ്ങിയ മരങ്ങളുടെ മോഷണവും ഒഴിവാക്കാനാണ് ഈ വ്യവസ്ഥ.
7) വന്യമൃഗങ്ങളെ പിഢീപ്പിക്കുന്നതും ആഹാരം നൽകുന്നതും നിരോധിച്ചു [ വകുപ്പ് 27 (1)(ix)]
വന്യമൃഗ സംരക്ഷണത്തിനും പൊതുജനങ്ങൾക്കെതിരെ വന്യജീവി ആക്രമണം ഒഴിവാക്കുന്നതിനുമാണ് ഈ വ്യവസ്ഥ.
8) മീൻ പിടിക്കുന്നത്.- വകുപ്പ് 27 (1) (x)
വനത്തിനകത്തെ ജലാശയങ്ങളിൽ വിഷം ചേർത്തും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചും മറ്റും ആദിവാസികൾ അല്ലാത്തവർ മീൻ പിടിക്കുന്നതിനാണ് വിലക്കുള്ളത്. ഇത് കേന്ദ്ര വനാവകാശ പ്രകാരം ആദിവാസികളുടെ അവകാശം സംരക്ഷിക്കുന്ന വ്യവസ്ഥയാണ്.
9) ജണ്ടകൾ തകർത്താൽ ഫൈൻ.- [വകുപ്പ് 27 (1) (e) (ii)] നിലവിലുള്ള മറ്റ് നിർമ്മാണങ്ങളോടൊപ്പം ജണ്ട, മതിലുകൾ എന്നിവ നശിപ്പിക്കുന്നത് കൂടി കുറ്റകരമാക്കി. ഇത് വനം കയ്യേറ്റം നടത്തുന്നവർക്ക് മാത്രം ബാധകമാണ്.
10) ഫൈൻ വർദ്ധിപ്പിച്ചത്.- 1961- മുതലുള്ള പിഴ തുകയും 1993-ൽ പുതുക്കിയ ചില പിഴതുകയും ചന്ദന മോഷണം സംബന്ധിച്ച് 2010-ൽ ചേർത്ത പിഴ തുകയും ആണ് ഇപ്പോൾ വർദ്ധിപ്പിച്ചിട്ടുള്ളത്. പണത്തിന്റെ മൂല്യശോഷണവും കുറ്റകൃത്യത്തിന്റെ സ്വഭാവവും കൂടി കണക്കിലെടുത്താണ് പിഴ തുക വർദ്ധിപ്പിച്ചത്.
11) തൊണ്ടി സാധനങ്ങൾ പിടിച്ചെടുക്കൽ.
വകുപ്പ് 52.- വനം കേസുകളിലെ തൊണ്ടി സാധനങ്ങൾ പിടിച്ചെടുക്കുന്നതിനും (seizure) കണ്ടു കെട്ടുന്നതിനും നിലവിൽ ഫോറസ്റ്റ് വാച്ചർ ഉൾപ്പെടെ ഏത് ഫോറസ്റ്റ് ഓഫീസർക്കും (ഫോറസ്റ്റ് ഓഫീസർ എന്ന നിർവ്വചനത്തിൽ അവസാനം വരുന്ന റാങ്കിലാണ് ഫോറസ്റ്റ് വാച്ചർ) ഏതൊരു പോലീസ് ഓഫീസർക്കും അധികാരമുണ്ട്.
ഈ അധികാരം വെട്ടിച്ചുരുക്കി ഫോറസ്റ്റ് വാച്ചർക്ക് മുകളിലുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുതൽ മുകളിലുള്ള ഉദ്യോഗസ്ഥർക്കാക്കി.
12) അറസ്റ്റിനുള്ള അധികാരം
വകുുപ്പ് 63 (1)
നിലവിൽ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ഫോറസ്റ്റ് വാച്ചർ ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥർക്ക് വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാൻ അധികാരമുണ്ട്.
ഈ അധികാരം പരിശീലനം ലഭിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുതൽ മുകളിലുള്ളവർക്കായി നിജപ്പെടുത്തി.
13) വനം ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം.-
വകുപ്പ് 63(2) – ഫോറസ്റ്റ് ഓഫീസർമാരുടെ കർത്തവ്യ നിർവ്വഹണത്തിൽ തടസ്സം സൃഷ്ടിക്കുന്ന ഏതൊരാളെയും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുതൽ മുകളിലുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായി വന്നാൽ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ അധികാരം നൽകുന്നു. (ഇത് പുതിയ വ്യവസ്ഥയാണ്. ആവശ്യമെങ്കിൽ പുന: പരിശോധിക്കുന്ന താണ് )
14) അറസ്റ്റിനും തുടർ നടപടി ക്രമങ്ങൾക്കും വ്യക്തമായ വ്യവസ്ഥ ചേർത്തു.
വകുപ്പ് 63 (3) &(4) –
അറസ്റ്റ് ചെയ്താൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വ്യക്തമാക്കുന്നു. ഇതിന് ക്രിമിനൽ നടപടി നിയമത്തിലെ വ്യവസ്ഥ (ഭാരതീയ നാഗരിക സുരക്ഷാ സംഹിത (BNSS)-ലെ വ്യവസ്ഥകൾ പാലിക്കണമെന്ന് വ്യക്തമായ വ്യവസ്ഥ ചേർത്തു. നിലവിൽ അങ്ങനെ വ്യക്തമായ വ്യവസ്ഥ ഇല്ല.
15) കുറ്റങ്ങൾ രാജിയാക്കൽ (compounding of offences) – വ്യക്തമായ വ്യവസ്ഥ ചേർത്തു.
നിലവിൽ ACF മുതൽ മുകളിലുള്ള ഉദ്യോഗസ്ഥർക്ക് കുറ്റം ചെയ്തതായി സംശയിക്കപ്പെടുന്ന ആളിൽ നിന്നും ഉദ്യോഗസ്ഥൻ നിശ്ചയിക്കുന്ന ഒരു തുക ഈടാക്കി കുറ്റം രാജിയാക്കാം (compounding) (ഇത് അഴിമതിയ്ക്ക് കാരണമാകും)
അതിനാൽ പിഴതുക അടച്ച് കുറ്റം രാജിയാക്കാനുള്ള (compounding) വ്യക്തമായ വ്യവസ്ഥ ചേർത്തു.
16) കോടതി വഴി കുറ്റം രാജിയാക്കാൻ വ്യവസ്ഥ ചേർത്തു.
കേസ് കോടതിയിൽ എത്തിയാൽ അത് രാജിയാക്കാൻ (compounding) നിലവിൽ വ്യവസ്ഥ ഇല്ല. അതിനാൽ പ്രതി കോടതിയിൽ ഇതിനായി അപേക്ഷ സമർപ്പിക്കുന്ന പക്ഷം കുറ്റം compound ചെയ്ത് തീർപ്പാക്കാൻ ഈ ബില്ലിൽ വ്യവസ്ഥ ചേർത്തു.
17) നിയമാനുസൃതം ഒരാളുടെ കൈവശം ഉള്ള വന ഉത്പന്നത്തിന് സർട്ടിഫിക്കറ്റ് നൽകാൻ വ്യവസ്ഥ ചേർത്തു.
കൈവശം സൂക്ഷിച്ചുവരുന്ന ഉത്പന്നം നിയമ വിരുദ്ധമല്ല എന്ന് കാണിക്കാൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിന് വ്യവസ്ഥ ചേർത്തു. ഇത് കോടതിയിൽ തെളിവായി ഹാജരാക്കാൻ സാധിക്കും.
18) ചന്ദനം മുറിച്ചു വിൽക്കാൻ അനുമതി.
ഇതുവരെ സ്വകാര്യ വ്യക്തികൾക്ക് അവരുടെ ഭൂമിയിൽ വളരുന്ന ചന്ദനം വിൽക്കാൻ അനുവാദം ഇല്ലായിരുന്നു. വനം വകുപ്പ് മുഖേന ചന്ദനം വിൽപന നടത്താൻ ബില്ലിൽ വ്യവസ്ഥ ചേർത്തു. ചന്ദനം മുറിക്കാൻ കഴിയാതെ മോഷണം പോകുകയും ഉടമക്കെതിരെ കേസ് വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു. ചന്ദന കൃഷി പ്രോത്സാഹിപ്പിക്കാൻ ഈ വ്യവസ്ഥ സഹായിക്കും.
കേരള നിയമസഭാചട്ടങ്ങൾ പ്രകാരം (ചട്ടം 69) എല്ലാ ബില്ലുകളും നിയമസഭ സംസ്ഥാന ഗസറ്റിൽ പ്രസിദ്ധീകരിക്കണം. അപ്രകാരം പ്രസിദ്ധീകരിച്ചതാണ് ഈ ബിൽ. ബിൽ ഇനി നിയമസഭയിൽ അവതരിപ്പിക്കണം. ചർച്ചക്ക് ശേഷം സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണം. സബ്ജക്റ്റ് കമ്മിറ്റി ചർച്ച ചെയ്ത് അംഗീകരിക്കുന്ന ഭേദഗതികളോടെ പുതിയ ബിൽ നിയമസഭയിൽ അവതരിപ്പിക്കണം. ആ ബിൽ വീണ്ടും നിയമസഭയിൽ ചർച്ച ചെയ്ത് എം.എൽ.എ-മാർ അവതരിപ്പിക്കുന്ന ഭേദഗതികൾ ആവശ്യമെങ്കിൽ അംഗീകരിച്ച ശേഷം മാത്രമാണ് ബിൽ പാസ്സാക്കുക.
ബിൽ നിയമസഭ പാസ്സാക്കിയശേഷം അതിന് ഗവർണറുടെ അനുമതി ലഭിച്ച് അത് ഗസറ്റിൽ പ്രസിദ്ധീകരിച്ചാൽ മാത്രമേ അത് നിയമം ആകുന്നുള്ളു.
ഇപ്പോൾ പ്രചരിപ്പിക്കുന്ന ആശങ്കകൾ അസ്ഥാനത്താണ് എന്നും പൊതുജനങ്ങളിൽ തെറ്റിദ്ധാരണ ജനിപ്പിക്കാൻ മാത്രമാണ് എന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.