Modern solar fencing on forest borders as a solution to wildlife nuisance

വന്യമൃഗശല്യത്തിന് പരിഹാരമായി വനാതിർത്തികളിൽ ആധുനിക സോളാർ വേലി

കോട്ടയത്തെ കിഴക്കൻ മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരമായി വനാതിർത്തികളിൽ ആധുനിക സോളാർ വേലി ഒരുങ്ങുന്നു.ആറ് മാസത്തിനകം വേലിയുടെ നിർമാണം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഒരുങ്ങുന്ന സോളാർ വേലിയിലൂടെ ഏറെക്കാലമായി തങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

15 അടി ഉയരത്തിൽ നിലം തൊടാതെ നിൽക്കുന്ന വലിയ വേലിയിലൂടെ രാപകൽ വൈദ്യുതി പ്രവഹിക്കുന്ന രീതിയിലാണ് നിർമാണം. വേലി നിർമിക്കാനാവാത്ത സ്ഥലങ്ങളിൽ കിടങ്ങുകളും ഒരുക്കും. മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ വനാതിർത്തിയിൽ 30 കിലോമീറ്ററിലാണ് സോളാർ വേലി നിർമിക്കുക. ഒരു കിലോമീറ്റർ വേലി നിർമിക്കാൻ ഒമ്പത് ലക്ഷത്തിലധികം ചെലവുവരും.

കാട്ടുമൃഗങ്ങൾ തൂണ് മറിച്ചിടാതിരിക്കാനും കാട്ടുവള്ളികൾ പടർന്നു കയറാതിരിക്കാനുമുള്ള സംവിധാനവുമൊരുക്കും. വേലികൾ നിർമിക്കാൻ പ്രയാസമുള്ള മൂന്ന് കിലോമീറ്ററിലാണ് പ്രതിരോധ കിടങ്ങുകൾ സ്ഥാപിക്കുന്നത്. ആനകൾ വരാതിരിക്കാൻ രണ്ട് മീറ്റർ ആഴത്തിലും രണ്ട് മീറ്റർ വീതിയിലുമായിരിക്കും കിടങ്ങുകളുടെ നിർമാണം. ഒരു കിലോമീറ്റർ നിർമിക്കുന്നതിന് 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.   വനം വകുപ്പിന്റെ പ്ലാൻ ഫണ്ട്, കൃഷി വകുപ്പിന്റെ വികാസ് യോജന പദ്ധതി, നബാർഡ് എന്നീ ഫണ്ടുകൾ ഉപയോഗിച്ചാണ് പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത്. പദ്ധതിയുടെ നിർമാണോദ്ഘാടനം കോരുത്തോടിൽ   നടത്തി.