സെപ്റ്റംബർ 19 അന്താരാഷ്ട്ര പാമ്പുകടി ബോധവത്കരണ ദിനം
മനുഷ്യ-വന്യജീവി സംഘർഷങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കി വരികയാണ്. പാമ്പുകടി മരണ രഹിത കേരളം എന്ന നയം രൂപീകരിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്. പാമ്പ് കടി മരണം കുറക്കുന്നതിന് ഉള്ള കൂടുതൽ കർമ്മ പദ്ധതികൾ രൂപീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കണക്കുകൾ പരിശോധിച്ചാൽ, വന്യജീവികൾ മൂലം മനുഷ്യജീവനുകൾ നഷ്ടപ്പെട്ട സംഭവങ്ങൾ ബഹഭൂരിപക്ഷവും പാമ്പുകടി മൂലമാണെന്ന് ബോധ്യമാകും. പാമ്പുകൾ മൂലം ജനങ്ങൾക്കുണ്ടാകാവുന്ന അപകടങ്ങൾ പരമാവധി ഒഴിവാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് സർപ്പ എന്ന മൊബൈൽ ആപ്പ് സർക്കാർ അവതരിപ്പിച്ചത്. വനംവകുപ്പിന്റെ പരിശീലനം സിദ്ധിച്ച അംഗീകൃത സർപ്പ വോളണ്ടിയർമാരുടെ സേവനം നാല് വർഷക്കാലമായി സംസ്ഥാനത്ത് ലഭ്യമാണ്. ഇതിന്റെ ഭാഗമായി അനേകം ബോധവത്കരണ പരിപാടികളും നടത്തിവരുന്നുണ്ട്. പാമ്പുകടി മൂലമുള്ള മരണങ്ങൾ നാല് വർഷം മുമ്പുണ്ടായിരുന്നതിനെ അപേക്ഷിച്ച് നാലിൽ ഒന്നായി കുറയ്ക്കാൻ ഈ സേവനങ്ങൾ മൂലം കഴിഞ്ഞിട്ടുണ്ട്.വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇത്തരം ഉദ്യമങ്ങൾക്ക് തുടക്കമിട്ട് മുന്നേറുന്ന, രാജ്യത്തെ ആദ്യ സംസ്ഥാനമാണ് നമ്മുടേത്.
പാമ്പുകടിയേറ്റാൽ സമയം നഷ്ടപ്പെടുത്താതെ ശരിയായ ചികിത്സ ലഭ്യമാക്കിയാൽ അപകടം കൂടാതെ ജീവൻ രക്ഷിക്കാനാകും. ആശുപത്രിയിലെത്തിക്കാൻ വൈകുന്നതും, തെറ്റായ ചികിത്സ നടത്തി സമയം പാഴാക്കുന്നതുമാണ് വിലപ്പെട്ട ജീവൻ നഷ്ടമാകുന്നതിലേക്ക് എത്തിക്കുന്നത്. സംസ്ഥാനത്ത് ആന്റിവെനം ചികിത്സ ലഭ്യമായ ആശുപത്രികളുടെ വിവരങ്ങൾ സർപ്പ ആപ്പിൽ ലഭ്യമാണ്.
പാമ്പുകളെയും പാമ്പുകടിയെയും സംബന്ധിച്ച ശരിയായ ബോധവത്കരണം പാമ്പുകടി മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് പരമപ്രധാനമാണ്.
ആപ്പ് ലിങ്ക് :
https://play.google.com/store/apps/details?id=ltl.kfdsr&hl=en_IN