ദുരന്തത്തിനിരയായ മുഴുവൻ കുടുംബങ്ങളുടെയും പുനരധിവാസം ഉറപ്പുവരുത്തും: മന്ത്രിസഭാ ഉപസമിതി
ക്യാമ്പുകളിലുള്ളവർക്കേ സഹായം ലഭിക്കൂ എന്ന പ്രചാരണം ശരിയല്ല
ക്യാമ്പുകളിൽ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസത്തിന് പദ്ധതി
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന് ഇരയായ മുഴുവൻ കുടുംബങ്ങളുടെയും പുനരധിവാസം സാധ്യമാക്കുന്നതിനുള്ള സത്വര നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച എല്ലാ കുടുംബങ്ങളും പുനരധിവാസ പാക്കേജിൽ ഉൾപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് പഴുതടച്ച സംവിധാനമാണ് നടപ്പിലാക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഉറപ്പാക്കുന്നതിന് കളക്ടറേറ്റ് ആസൂത്രണ ഭവനിലെ എപിജെ ഹാളിൽ ത്രിതലപഞ്ചായത്ത് അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും അടിയന്തര യോഗം ചേർന്നു.
ക്യാമ്പുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവർ ഉൾപ്പെടെ അർഹരായ മുഴുവൻ പേർക്കും സഹായം ലഭ്യമാക്കും. പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാൻ ദുരിതാശ്വാസ ക്യാംപുകളിൽ രജിസ്റ്റർ ചെയ്യണമെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ല. ക്യാംപുകളിൽ ആരൊക്കെ കഴിയുന്നുവെന്നു നോക്കിയല്ല, ഉരുൾപൊട്ടൽ ദുരിതം വിതച്ച പ്രദേശങ്ങളിൽ നിന്നുള്ള കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പുനരധിവാസ പാക്കേജ് തയ്യാറാക്കുക.
ക്യാമ്പുകളിൽ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസത്തിനാണ് സർക്കാർ ഇപ്പോൾ ഊന്നൽ നൽകുന്നത്. വിവിധ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ താമസിക്കുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതിന് ത്രിതല പഞ്ചായത്ത് പരിധിയിലുള്ള ഒഴിഞ്ഞ വീടുകൾ, ക്വാർട്ടേഴ്സുകൾ, ഫ്ളാറ്റുകൾ, ഹോസ്റ്റലുകൾ എന്നിവ കണ്ടെത്തി എത്രയും വേഗം അറിയിക്കാൻ തദ്ദേശസ്ഥാപന അധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കും മന്ത്രിസഭാ സമിതി നിർദ്ദേശം നൽകി. ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ ക്ലാസ്സുകൾ എത്രയും വേഗം തുടങ്ങുന്നതിനുള്ള നടപടിയുടെ ഭാഗമായാണിത്. താൽക്കാലിക പുനരധിവാസത്തിനായി സർക്കാറിന് കീഴിലെ ഹോട്ടലുകൾ, ക്വാർട്ടേഴ്സുകൾ തുടങ്ങിയവയും ഉപയോഗപ്പെടുത്തും.
വാടകയില്ലാതെ വീടുകളും ക്വാർട്ടേഴ്സുകളും മറ്റും പൂർണമായോ ഭാഗികമായോ വിട്ടുനൽകാമെന്ന വാഗ്ദാനവുമായി പലരും മുന്നോട്ടുവന്നിട്ടുണ്ട്. വീടുകളുടെ മുകൾ ഭാഗം വിട്ടുനൽകാമെന്ന് പറഞ്ഞആവശ്യമായ ഘട്ടങ്ങളിൽ ഫ്ളാറ്റ് സമുച്ഛയങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നിശ്ചിത വാടക നിശ്ചയിച്ച് കുടുംബങ്ങളുടെ പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുക്കും.
ചാലിയാർ പുഴ കേന്ദ്രീകരിച്ച് പോലീസും നാട്ടുക്കാരും സംയുക്തമായി നടത്തുന്ന തെരച്ചിൽ തുടരുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ദുരിതബാധിതർക്ക് കൂടുതൽ സൗകര്യപ്രദമായ താമസം ഒരുക്കുന്നതിനും ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ പഠനം പുനരാരംഭിക്കാനുമാണ് ആളുകളെ താത്ക്കാലികമായി പുനരധിവസിപ്പിക്കാനുള്ള അടിയന്തര പദ്ധതി നടപ്പിലാക്കുന്നത്. പ്രതിസന്ധി ഘട്ടത്തിൽ കക്ഷി-രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തനമാണ് കാഴ്ചവച്ചതെന്നും പുനരധിവാസ കാര്യത്തിലും അത് തുടരണം.
താത്ക്കാലിക പുനരധിവാസം: ആദ്യ പരിഗണന സമീപ പഞ്ചായത്തുകൾക്ക്
ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതിന് സമീപ പഞ്ചായത്തുകൾക്കാണ് ആദ്യ പരിഗണന നൽകുക. വയനാട് ജില്ലാ പഞ്ചായത്ത്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധികളിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ, സർക്കാർ ക്വാട്ടേഴ്സുകൾ, ഹോട്ടലുകൾ, ഹോം സ്റ്റേകൾ, ഹോസ്റ്റലുകൾ കണ്ടെത്തി ആളുകളെ താത്ക്കാലികമായി പുനരധിവസിപ്പിക്കാൻ സംവിധാനമുണ്ടാക്കും. മറ്റ് ത്രിതല പഞ്ചായത്തുകളിലും ഇത്തരത്തിൽ വിവരശേഖരണം നടത്തി കരുതൽ സ്ഥലം കണ്ടെത്തും. ക്യാമ്പുകളിൽ താമസിക്കുന്നവരെ ഘട്ടംഘട്ടമായി സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം.
സൗജന്യമായി വീട് വിട്ടു തരാൻ സന്നദ്ധരായ സ്വകാര്യ വ്യക്തികൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപന അധികൃതരെ വിവരം അറിയിക്കണം. കൽപ്പറ്റ, ബത്തേരി നഗരസഭകൾ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, അമ്പലവയൽ, വൈത്തിരി, മുട്ടിൽ, പടിഞ്ഞാറത്തറ, മൂപ്പൈനാട്, കോട്ടത്തറ, പനമരം ഗ്രാമപഞ്ചായത്ത് പരിധിയിൽ ഒഴിഞ്ഞ് കിടക്കുന്നതും ഉപയോഗ പ്രദമായതുമായ സർക്കാർ ക്വാട്ടേഴ്സുകളുടെയും ഹോസ്റ്റലുകളുടെയും ലഭ്യത സംബന്ധിച്ച് വിവരശേഖരണം നടത്തി.