ആനകൾക്കുള്ള വിദഗ്ധ ചികിൽസ കേരളത്തിൽ ലഭ്യം
സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനകളുമായി ബന്ധപ്പെട്ടുകൊണ്ട് ഉണ്ടായിട്ടുള്ള വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് അടിയന്തര ഉന്നതതല യോഗം വിളിച്ചു ചേർത്തു.
തൃശ്ശൂർ ചേലക്കരയിൽ ഒരു കാട്ടാന കൊല്ലപ്പെട്ടതും ആനക്കൊമ്പിന്റെ ഭാഗം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് വനം വകുപ്പ് എടുത്തിട്ടുള്ള കേസിന്റെ അന്വേഷണ പുരോഗതി ചർച്ച ചെയ്തു. കേസിൽ ശക്തമായ തുടർനടപടികൾ ഉണ്ടാകും.
പി.ടി 7 (ധോണി) എന്ന ആനയുടെ കാഴ്ച്ച നഷ്ടമായി എന്നും ആയത് വനം വകുപ്പ് മറച്ചുവെച്ചു തുടങ്ങിയ ആരോപണങ്ങൾ സംബന്ധിച്ച് യോഗത്തിൽ ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരും ചീഫ് വെറ്റിനററി സർജൻ അരുൺ സഖറിയയും വിശദീകരണം നൽകി. ആനയെ പിടികൂടുന്ന സമയത്തു തന്നെ കാഴ്ച്ചയുടെ മങ്ങൽ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിടികൂടിയ സമയം ആന അക്രമാസക്തമായതിനാലും പിന്നീട് കൂട്ടിൽ ഇടേണ്ടി വന്നതിനാലും അന്ന് കൃത്യമായ ചികിൽസ നൽകാൻ സാധിക്കുമായിരുന്നില്ല. പിടികൂടി ഒരാഴ്ച്ചയ്ക്കകം തന്നെ ആന്റി ബയോട്ടിക്കും കണ്ണിനുള്ള തുള്ളി മരുന്നുകളും നൽകുകയുണ്ടായി. കോർണിയ തെളിഞ്ഞിട്ടുണ്ട് എന്നാൽ ലെൻസിന് തെളിച്ചം വന്നിട്ടില്ല. ആയതിന് ആനയെ കിടത്തി ഓഫ്താൽമിക് പരിശോധനകൾ നടത്തി തുടർ ചികിൽസ നൽകണം. എന്നാൽ ആനയുടെ തുടർ ജീവിതത്തിന് ഈ പ്രശ്നം തടസമല്ലെന്നും അരുൺ സഖറിയ യോഗത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ ആനകളെ ഗുജറാത്തിലേക്ക് കടത്താൻ ശ്രമം നടക്കുന്നുണ്ടെന്നും ഇതിന് സർക്കാർ കൂട്ടു നിൽക്കുന്നുവെന്നും ഉള്ള ചില മാധ്യമ വാർത്തകൾ യോഗം നിഷേധിച്ചു. ഇതുവരെ ഒരാൾക്കും ആനയെ കൊണ്ടുപോകുന്നതിന് അനുവാദം നൽകിയിട്ടില്ല. ആനകൾക്കുള്ള വിദഗ്ധ ചികിൽസ കേരളത്തിൽ തന്നെ ലഭ്യമാണെന്നും ഇതിന് മറ്റ് സംസ്ഥാനത്തേക്ക് പോകേണ്ട ആവശ്യം ഇല്ലെന്നും യോഗം വിലയിരുത്തി.
വാളയാറിൽ കൂട്ടം തെറ്റി വന്ന കുട്ടിയാന ആരോഗ്യവാനാണ്. ഇത് വനത്തിൽ തന്നെ വേലിയ്ക്ക് അകത്താണ് ഉള്ളത്. ഇതിനെ നിരീക്ഷിക്കുന്നതിനായി ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തകരമാണെന്നും അത് മറ്റ് ആനക്കൂട്ടങ്ങൾക്കൊപ്പം ചേർന്നിട്ടുണ്ട് എന്നും തമിഴ്നാട് അറിയിച്ചിട്ടുണ്ട്. ആന ഇപ്പോൾ നിൽക്കുന്ന സ്ഥലം സംബന്ധിച്ച് പെരിയാറിലുള്ള സാറ്റലൈറ്റ് നിരീക്ഷണ സംവിധാനം വഴി കൃത്യമായി മനസ്സിലാക്കുന്നുണ്ട്.