തൃശ്ശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. 2024 ജനുവരിയോടെ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ സാധിക്കും. സുവോളജിക്കൽ പാർക്കിലേയ്ക്കുള്ള മൃഗങ്ങളെ മറ്റ് സ്ഥലങ്ങളിൽ നിന്നും അവിടേയ്ക്ക് മാറ്റുവാൻ വനം മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. നെയ്യാർ സഫാരി പാർക്കിൽ ഉണ്ടായിരുന്ന രണ്ട് കടുവകളെ ഇതിനകം മാറ്റിക്കഴിഞ്ഞു. ഇപ്പോൾ വനം വകുപ്പിന്റെ കൈവശമുള്ളതും വനത്തിൽ തുറന്നുവിടാൻ സാധിക്കാത്തതുമായ മൃഗങ്ങളെ ഉടൻ പാർക്കിലേയ്ക്ക് മാറ്റുന്നതാണ്. ഇതിൽ തട്ടേക്കാട് നിന്നുള്ള ഒരു സിംഹവാലൻ കുരങ്ങ്, അകമല നിന്നും ഒരു സിവറ്റ് (വെരുക്), ബോണറ്റ് മക്കാക്ക് (കുരങ്ങൻ) തേക്കടിയിൽ നിന്നും ‘മംഗള’ എന്ന മൂന്ന് വയസ്സുകാരി കടുവ കുഞ്ഞ് എന്നിവ ഉൾപ്പെടുന്നതാണ്. കൂടാതെ തിരുവനന്തപുരം മൃഗശാലയിൽ നിന്നും നാല് കാട്ട് പോത്തുകളെ നൽകുന്നതാണ്. തൃശ്ശൂർ മൃഗശാലയിൽ നിന്നുള്ള മൃഗങ്ങളെ കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പാർക്കിലേയ്ക്ക് മാറ്റുന്നതാണ്.
തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ മൃഗങ്ങൾക്ക് വേണ്ടിയുള്ള വെറ്റിനറി ആശുപത്രി പ്രവർത്തനം ആരംഭിച്ചു. ഇവിടെ ഇപ്പോൾ ഒരു മൃഗ ഡോക്ടറും രണ്ട് ആനിമൽ കീപ്പേഴ്സും ഉണ്ട്. ആവശ്യമായ കൂടുതൽ ഉപകരണങ്ങളും മരുന്നും ഉടൻ എത്തിക്കുന്നതാണ്. കൂടുതൽ മൃഗങ്ങളെ എത്തിക്കുന്ന മുറയ്ക്ക് ആശുപത്രി സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതാണ്.