വനം വകുപ്പിന്റെ കീഴിൽ ഇക്കോ ടൂറിസം ഡയറക്ടറേറ്റ് രൂപീകരണം സംബന്ധിച്ച് തയ്യാറാക്കിയ കരട് രൂപരേഖ ചർച്ച ചെയ്യുന്നതിനായി ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്തെ വനമേഖലയിലെ ഇക്കോ ടൂറിസം സാധ്യതകൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഇക്കോ ടൂറിസം ഡയക്ടറേറ്റ് രൂപീകരിക്കുന്നതിലൂടെ സാധ്യമാകും.
ഇക്കോ ടൂറിസം നയത്തിന് അനുസൃതമായി വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മെച്ചപ്പെടുത്തുകയും പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തി വിപുലീകരിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളിത്തം നൽകിയും വനോൽപന്നങ്ങളുടെ വർദ്ധിച്ച വിപണന സാധ്യത ഉപയോഗപ്പെടുത്തിയും വനാശ്രിത സമൂഹങ്ങളുടെ ഉപജീവനത്തിനായി മാർഗങ്ങൾ കണ്ടെത്തുക, അവരെ ശാക്തീകരിക്കുക, സന്ദർശകരിൽ പ്രകൃതി സംരക്ഷണ അവബോധം സൃഷ്ടിക്കുക, ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രാധാന്യവും സൗകര്യങ്ങളും പ്രത്യേകതകളും സംബന്ധിച്ച് ആഗോള ശ്രദ്ധപിടിച്ചു പറ്റാവുന്ന വിധത്തിൽ പ്രചരണവും വിപണനവും നടത്തുക തുടങ്ങിയവയാണ് ഇതിന്റെ ഉദ്ദേശ്യങ്ങൾ.
സംസ്ഥാനത്ത് 60 അംഗീകൃത ഇക്കോടൂറിസം കേന്ദ്രങ്ങളാണ് നിലവിലുള്ളത്. കൂടുതൽ സ്ഥലങ്ങൾ കണ്ടെത്താൻ ഇത്തരത്തിൽ ഒരു പ്രത്യേക സംവിധാനം ഏർപ്പെടുത്തിയാൽ ഇതിലേക്കായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നതാണ്. ഇതൊരു ഇക്കോ ടൂറിസം മിഷൻ ആയി നടപ്പിലാക്കുന്ന കാര്യവും ചർച്ച ചെയ്തു.