*24×7 പ്രവർത്തിക്കുന്ന 18004254733 ടോൾഫ്രീ നമ്പർ സജ്ജം
എരുമേലിയിലും കൊല്ലത്തും ഉണ്ടായ കാട്ടുപോത്ത് ആക്രമണങ്ങളിൽ മനുഷ്യജീവനുകൾ നഷ്ടമായ സംഭവം ആവർത്തിക്കാതിരിക്കാൻ വനം വകുപ്പ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്.ഒ.പി) തയാറാക്കാൻ തീരുമാനിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വൈൽഡ് ലൈഫ് വാർഡൻ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഒ.പി തയാറാക്കും.
ഇതിനു പുറമേ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പർ: 18004254733 നിലവിൽ വന്നു. വന്യജീവി ആക്രമണം സംബന്ധിച്ച് ഏത് സമയവും ജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടാം. നിലവിൽ വയനാട്, ഇടുക്കി, അതിരപ്പള്ളി പോലുള്ള വന്യജീവി സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റാപ്പിഡ് റെസ്പോൺസ് ടീമിന്റെ (ആർ.ആർ.ടി) പ്രവർത്തനം ഇനി എരുമേലി ഉൾപ്പെടെ കൂടുതൽ ഹോട്ട്സ്പോട്ടുകളിലേക്ക് വ്യാപിപ്പിക്കും.
പ്രശ്നമുണ്ടാകുമ്പോൾ മാത്രം മറ്റു സ്ഥലങ്ങളിൽ നിന്ന് ആർ.ആർ.ടിയെ സംഘർഷ സ്ഥലത്ത് എത്തിക്കുന്ന പതിവിന് പകരം ഹോട്ട്സ്പോട്ടുകളിൽ സ്ഥിരം ആർ.ആർ.ടിയെ വിന്യസിക്കുകയാണ് ലക്ഷ്യം. ഇവർക്ക് ആധുനിക ഉപകരണങ്ങളും ക്യാമറയും ലഭ്യമാക്കും. ഹോട്ട്സ്പോട്ടുകളിൽ വനസംരക്ഷണ സമിതി, ജനജാഗ്രതാ സമിതി എന്നിവയുടെ പ്രവർത്തനം സജീവമാക്കാൻ നടപടികൾ സ്വീകരിക്കും. ഒരു സംഭവം നടന്നശേഷം പ്രതികരിക്കുന്നതിന് പകരം ഇത്തരം ആക്രമണങ്ങൾ മുൻകൂട്ടി തടയാൻ പര്യാപ്തമായ എസ്.ഒ.പി ആയിരിക്കും തയാറാക്കുക. കാട്ടുപോത്ത് സാധാരണ നിലയ്ക്ക് മനുഷ്യരെ ആക്രമിക്കുന്ന പതിവില്ലെന്നും ആക്രമണം എന്തുകൊണ്ട് സംഭവിച്ചു എന്ന് ശാസ്ത്രീയമായി അന്വേഷിക്കുമെന്നും അറിയിച്ചു.
കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന ഉത്തരവിന്റെ സമയപരിധി ഈ മാസം 28 ന് അവസാനിക്കുന്നതിനാൽ അത് ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചു കൊണ്ട് ഉടൻ ഉത്തരവ് ഇറങ്ങും. മനുഷ്യ-വന്യമൃഗ സംഘർഷത്തിന് ശാസ്ത്രീയവും പ്രായോഗികവുമായ നിയമനടപടികൾ സ്വീകരിക്കാനായി കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്താനുള്ള സാധ്യതകൾ പരിശോധിക്കും.