ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ്. അപകടകാരിയായ കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് കുമളിയിൽ ഉന്നതതല യോഗം ചേർന്നു. രണ്ട് മാസക്കാലമായി ചിന്നക്കനാൽ, ശാന്തൻപാറ പ്രദേശത്ത് ഭീതി പടർത്തിയ അരികൊമ്പനെ പിടിക്കുന്നതിനുള്ള പ്രത്യേക സംഘം ഈ മാസം 16 ന് ജില്ലയിലെത്തും . 26 അംഗ ഉദ്യോഗസ്ഥരും 4 കുങ്കിയാനകളുമടങ്ങിയ ടീമിനെ ഡോ.അരുൺ സക്കറിയ നയിക്കും. കൂട് പണി ആരംഭിച്ച് 4 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും.അതിന് ശേഷമാകും ആനയെ പിടിക്കാനുള്ള ശ്രമം ആരംഭിക്കുക. ആ ദിവസങ്ങളിൽ പ്രദേശത്ത് 144 പ്രഖ്യാപിക്കും. എസ്. എസ്. എൽ. സി, പ്ലസ് 2 പരീക്ഷ തീയതികൾ ഒഴിവാക്കിയാകും 144 പ്രഖ്യാപിക്കുക . ഫയർ ഫോഴ്സ്, മെഡിക്കൽ ടീം, പോലീസ് എന്നിവരുടെ പ്രത്യേക സാന്നിധ്യം പ്രദേശത്ത് ഉറപ്പാക്കും. ഡി. എഫ്. ഒ മാരുടെ നേതൃത്വത്തിൽ 8 സ്ക്വാഡുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. അരിക്കൊമ്പനെ വിജയകരമായി പിടികൂടിയാൽ പ്രശ്നക്കാരായ ചക്കകൊമ്പൻ, മൊട്ടവാലൻ എന്നീ ഒറ്റയാൻമാരുടെ കാര്യത്തിലും ഉചിതമായ തീരുമാനം എടുക്കും.