കരുതൽ മേഖല സംബന്ധിച്ച് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ ഓഫീസിൽ വിദഗ്ധ സമിതി കൺവീനറും വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഡോ. കെ.ആർ.ജ്യോതിലാലും വിദഗ്ധ സമിതി അംഗങ്ങളുമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ട് സർക്കാർ പരിശോധിച്ച ശേഷം ബഹു. സുപ്രീംകോടതി നിർദ്ദേശിച്ച പ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കും.
WP (C) 202/1995 നമ്പർ കേസ്സിലെ I.A. 1000/2003 നമ്പർ ഹർജ്ജിയിലെ 03.06.2022 ലെ ബഹു. സുപ്രീം കോടതി വിധി പ്രകാരം, സംരക്ഷിത പ്രദേശങ്ങളുടെ പാരിസ്ഥിതിക സംവേദക മേഖലയിൽ (ഇക്കോ സെൻസിറ്റീവ് സോണിൽ) നിലകൊള്ളുന്ന നിർമ്മിതികളുടെ വിശദാംശങ്ങൾ പട്ടികപ്പെടുത്താൻ സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ച് ഈ പ്രവർത്തി പൂർത്തീകരിക്കാൻ KSREC-നെ (Kerala State Remote Sensing and Environment Centre) ചുമതലപ്പെടുത്തി. ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ച് നിർമ്മിതികളുടെ എണ്ണം രേഖപ്പെടുത്തുമ്പോൾ പല നിർമ്മിതികളും വിട്ടുപോകാൻ സാദ്ധ്യതയുണ്ടെന്നുള്ള ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് ആയത് പരിഹരിക്കുന്നതിനും ഭൗതിക സ്ഥല പരിശോധന നടത്തി വിട്ടുപോയിട്ടുള്ള നിർമ്മിതികൾ KSREC-ന്റെ റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നതിനുമായി സർക്കാർ തീരുമാനിച്ചു. ഇതിന് മേൽനോട്ടം വഹിക്കുന്നതിനായി റിട്ടയേർഡ് ജസ്റ്റിസ് ശ്രീ. തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. വിദഗ്ധ സമിതിയെ സഹായിക്കുന്നതിനായി നാലംഗ സാങ്കേതിക സമിതിയും രൂപീകരിച്ചു. താഴപറയുന്നവരാണ് വിദഗ്ധ സമിതിയിലെ അംഗങ്ങൾ.
വിദഗ്ധ സമിതി
1. ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ,
2. ശ്രീ. വി. വേണു ഐ.എ.എസ്
(അഡീഷണൽ ചീഫ് സെക്രട്ടറി, പരിസ്ഥിതി വകുപ്പ്,)
3. ശ്രീമതി. ശാരദ മുരളീധരൻ,
(അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് )
4. ശ്രീ. കെ.ആർ. ജ്യോതി ലാൽ
(അഡീഷണൽ ചീഫ് സെക്രട്ടറി, വനം -വന്യജീവി വകുപ്പ്)
5. ശ്രീ. കെ.ജെ വർഗ്ഗീസ് ഐ.എഫ്.എസ്
(മുൻ പി.സി.സി.എഫ്, വനം വകുപ്പ്)
സാങ്കേതിക വിദഗ്ധരുടെ സമിതി
1. ശ്രീ. പ്രമോദ് ജി. കൃഷ്ണൻ ഐ.എഫ്.എസ്
(എ.പി.സി.സി.എഫ് വിജിലൻസ് & ഫോറസ്റ്റ് ഇന്റലിജൻസ്)
2. ഡോ.റിച്ചാർഡ് സ്കറിയ
(ഭൂമിശാസ്ത്ര അധ്യാപകൻ, ചിറ്റൂർ ഗവ. കോളേജ്)
2. ഡോ.സന്തോഷ് കുമാർ എ.വി
മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്
4. ഡോ.ജോയ് ഇളമൺ
ഡയറക്ടർ ജനറൽ, കില (കൺവീനർ)
വിവരശേഖരണാവശ്യം മുൻനിർത്തി പ്രതേ്യകമായി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് പരിശീലനം ലഭിച്ച വനം, തദ്ദേശ സ്വയംഭരണം, റവന്യൂ വകുപ്പുകളിലെ ഉദേ്യാഗസ്ഥരും, മറ്റു വോളന്റിയർമാരും നിർമ്മിതികളുടെ വിവരങ്ങൾ വിദഗ്ധസമിതിയുടെ മേൽനോട്ടത്തിൽ പ്രദേശങ്ങളിൽനിന്നും ശേഖരിച്ചു. പൊതുജനങ്ങൾക്കും ബന്ധപ്പെട്ടവർക്കും അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള അവസരവും വിദഗ്ധ സമിതി നൽകി.
ഉപഗ്രഹ ചിത്രങ്ങളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ശേഖരിച്ച വിവരങ്ങളുടെ വിശകലനത്തിനായി വിദഗ്ധ സമിതി നാളിതുവരെ 14 മീറ്റിംഗുകൾ നടത്തിയിട്ടുണ്ട്. രണ്ട് വാല്ല്യങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന ഈ റിപ്പോർട്ടിൽ സർവ്വെ നമ്പരോടുകൂടിയുള്ള നിർമ്മിതികളുടെയും അനുബന്ധ ഉപഘടകങ്ങളുടെയും (ആട്രിബ്യൂട്ടുകളുടെയും) വിവരങ്ങൾ അടങ്ങിയിട്ടുണ്ട്. 1:5000 സ്കെയിലിലാണ് അതിർത്തി നിർണ്ണയത്തിനുള്ള വിശകലനം നടത്തിയിരിക്കുന്നത്. ഇക്കോ സെൻസിറ്റീവ് സോൺ നിർവ്വചിക്കുന്നതിന് GIS പ്ളാറ്റ്ഫോമിലെ കഡസ്ട്രൽ മാപ്പുകളുടെയും ഉപഗ്രഹ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് വിവര ശേഖരണം നടത്തിയിരിക്കുന്നത്. കൂടാതെ ലഭ്യമായ ഉയർന്ന റസല്യൂഷനിലുള്ള ഇന്ത്യൻ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ച് ഓരോ പ്രദേശത്തിന്റെയും അതിർത്തി, ആകൃതി, വിസ്തീർണ്ണം എന്നിവ നിർണ്ണയിച്ചിട്ടുമുണ്ട്. അസറ്റ് മാപ്പർ (മൊബൈൽ ആപ്ലിക്കേഷൻ) മുഖാന്തരം ശേഖരിച്ച വിവരങ്ങൾ KSREC ന്റെ സെർവ്വറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രീതിയിലൂടെ 24 സംരക്ഷിത പ്രദേശങ്ങളുടെ അതിരിൽനിന്നും ബഹു. സുപ്രീംകോടതി നിർദ്ദേശിച്ച പ്രകാരമുള്ള പാരിസ്ഥിതിക സംവേദക മേഖലയിൽ 70,582 നിർമ്മിതികൾ ടി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ബഹു. സുപ്രീംകോടതി നിർദ്ദേശിച്ച പ്രകാരം വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുപാടുമുള്ള ഒരു കിലോ മീറ്റർ ഇക്കോ സെൻസിറ്റീവ് സോൺ പരിധിയിൽ വന്നിട്ടുള്ള ആകെ 70582 നിർമ്മിതികളുടെ സംരക്ഷിത പ്രദേശങ്ങൾ തിരിച്ചുകൊണ്ടുള്ള കണക്കും ഇതിൽ വിവിധതരം സ്ഥാപനങ്ങൾ അവയുടെ തരം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് തരം തിരിച്ച കണക്കും ഇതോടൊപ്പം ചേർക്കുന്നു.