ഇടുക്കി ജില്ലയിലെ മൂന്നാർ ഡിവിഷനിൽ ദേവികുളം റെയ്ഞ്ചിന്റെ പരിധിയിൽ ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന ‘അരിക്കൊമ്പൻ’ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ധരിപ്പിച്ച് ഉൾക്കാട്ടിൽ തുറന്നുവിടുകയോ അല്ലെങ്കിൽ ഈ പ്രദേശത്തെ ദുർഘടമായ ഭൂപ്രകൃതി പരിഗണിച്ച് മയക്കുവെടി വെച്ച് പിടികൂടി വാഹനത്തിൽ കയറ്റി നീക്കം ചെയ്യാൻ സാധിക്കാത്ത പക്ഷം ജി.എസ്.എം റേഡിയോ കോളറിംഗ് നടത്തി നിരീക്ഷിക്കുന്നതിനോ, മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലടയ്ക്കുന്നതിനോ ആണ് അനുമതി നൽകിയിട്ടുള്ളത്. കുങ്കിയാനകളുടെ സേവനം ആവശ്യമാകുന്ന പക്ഷം ആയത് ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ലഭ്യമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആനയെ കൂട്ടിലടയ്ക്കേണ്ട സാഹചര്യത്തിൽ കോടനാട് ആനക്കൂട്ടിലേക്ക് ആനയെ നീക്കാനുള്ള നടപടി സ്വീകരിക്കാവുന്നതാണ്.
കഴിഞ്ഞ 7 വർഷത്തിനിടെ ദേവികുളം റേഞ്ചിൽ കാട്ടാനയുടെ ആക്രമണത്തിൽ 13 പേർ മരണപ്പെടുകയും 3 പേർക്ക് ഗുരുതര പരിക്കേൽക്കുകയും 24 വീടുകളും 4 വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് അരിക്കൊമ്പനെ തളയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. 30 വയസ് പ്രായം തോന്നിക്കുന്ന അരിക്കൊമ്പൻ ഇക്കഴിഞ്ഞ മാസം മാത്രം 3 കടകൾ തകർക്കുകയും അരിയും മറ്റ് റേഷൻ സാധനങ്ങളും കവരുകയും ചെയ്തിരുന്നു.
വയനാട്ടിലും പാലക്കാടും സമാന സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 2 കാട്ടനകളെയും ഒരു കടുവയെയും മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലടച്ചിട്ടുണ്ട്.