വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി വിവിധ സ്ഥലങ്ങളിലായി നിരവധി പദ്ധതികൾ വനം വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ നിയമസഭ മുൻപാകെ വന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവെ വന്യജീവി ശല്യം കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദീകരിച്ചു.
സമീപകാലത്തായി വന്യജീവി ആക്രമണങ്ങൾ വർദ്ധിക്കുന്നതിന് ഉണ്ടായിട്ടുള്ള കാരണങ്ങൾ മനസിലാക്കുന്നതിനും പരിഹാര മാർഗ്ഗങ്ങൾ ആസുത്രണം ചെയ്യുന്നതിനും ആവശ്യമായ പഠനങ്ങൾ നടത്തി പരിഹാരം ഉണ്ടാക്കും.
ഈ വിഷയത്തിൽ താഴെ പറയുന്ന പഠനങ്ങളും അത് പ്രകാരം തയ്യാറാക്കിയ പദ്ധികൾക്കും പുറമെയാണ് സമീപകാലത്തെ മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിന് നടപടി സ്വീകരിക്കുന്നത്.
ഇതുവരെ സ്വീകരിച്ച പ്രധാന നടപടികൾ
• മനുഷ്യ-വന്യജീവി സംഘർഷത്തെ കുറിച്ച് പഠിക്കുന്നതിന് മുൻ മുഖ്യ വനം മേധാവി ശ്രീ. പി.കെ.കേശവൻ ഐ.എഫ്.എസ്, ശ്രീ. ബെന്നിച്ചൻ തോമസ് ഐ.എഫ്.എസ്, കോ ചെയർപേഴ്സൺമാരായും ഡോ. പി.എസ്.ഈസ, ഡോ. മാണി ചെല്ലപ്പൻ, ഡോ.എസ് നന്ദകുമാർ, ഒ.പി. കലേർ, ജെയിംസ് സക്കറിയ, പി.വിശ്വൻ, കെ.രാമചന്ദ്രൻ എന്നിവർ അംഗങ്ങളായും ഒരു സമിതിയെ നിയോഗിക്കുകയും ഇതിനുള്ള പരിഹാര മാർഗങ്ങൾ അടങ്ങിയതും 1155 കോടി രൂപ ചെലവ് വരുന്നതും 10 വർഷ കാലയളവിലേക്കുള്ളതുമായ ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗീകരിച്ചിട്ടുള്ളതും അത് പ്രകാരം ഫണ്ട് ലഭ്യതയ്ക്ക് അനുസരിച്ച് നടപടികൾ സ്വീകരിച്ചു വരികയാണ്.
കമ്മിറ്റിയുടെ പ്രധാന ശുപാർശ താഴ പറയുന്നവയാണ്
1. അതത് സ്ഥലങ്ങളിലെ ഭൂപ്രകൃതിയ്ക്കും സ്ഥലത്തിന്റെ പ്രത്യേകതയ്ക്കും അനുസരിച്ചും വന്യമൃഗങ്ങളുടെ സ്വാഭാവികമായുള്ള സഞ്ചാരം തടസപ്പെടാതെയും വിവിധ വിഭാഗത്തിൽപെടുന്ന വേലികൾ, കിടങ്ങുകൾ എന്നിവ നിർമ്മിക്കുക.
2. കാർഷിക വിള ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഇൻഷുറൻസുകൾ ഏർപ്പെടുത്തുക
3. പ്രശ്നക്കാരായ വന്യമൃഗങ്ങളെ പിടികൂടി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുക, റേഡിയോ കോളറിംഗ് ഏർപ്പെടുത്തുക, കുരങ്ങ•ാരെ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ, മയിലുകളുടെ ഉപദ്രവം തടയാനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയ വിവിധ പരിഹാര മാർഗങ്ങളാണ് ശുപാർശയിലുള്ളത്.
4. ഈ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ അഞ്ച് വർഷക്കാലയളവ് കൊണ്ട് നടപ്പിലാക്കുന്നതിനുള്ള 620 കോടി രൂപയുടെ പദ്ധതി പ്രത്യേകം തയ്യാറാക്കുകയും ഇതിനുള്ള സാമ്പത്തിക സഹായത്തിനായി കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
5. വയനാട് വൈൽഡ് ലൈഫ് ഡിവിഷനിൽ 12300 ഹെക്ടർ വനഭൂമിയിൽ വ്യാപിച്ചു കിടക്കുന്നതും വയനാട് വന്യജീവി സങ്കേതത്തിലെ സ്വാഭാവിക വനത്തിന് ദോഷം ഉണ്ടാക്കുന്നതുമായ അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി മഞ്ഞക്കൊന്ന നശിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടമെന്ന നിലയിൽ 1672 ഹെക്ടർ പ്രദേശത്താണ് ഇത് നടപ്പിലാക്കുന്നത്. 5.31 കോടി രൂപയുടെ ഈ പദ്ധതി നബാർഡിന്റെ സഹായത്തോടെ മുത്തങ്ങ, കുറിച്യാട് ഫോറസ്റ്റ് റേഞ്ചുകളിലാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.
സസ്യഭുക്കുകളായ വന്യജീവികൾക്ക് ഉപയോഗപ്രദമല്ലാത്തതും തദ്ദേശയിനം വൃക്ഷങ്ങളെ വളരാൻ അനുവദിക്കാത്തതുമായ മഞ്ഞക്കൊന്ന കാടിന്റെ ജൈവ സമ്പത്തിനും ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാണ്. വനത്തിൽ സസ്യഭുക്കുകളുടെ എണ്ണം കുറയുന്നതിനാൽ കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങൾക്ക് ഇരകളെ ലഭിക്കാതിരിക്കുന്നതിനും കാട്ടാനകൾ ഉൾപ്പെടെ അവ വനത്തിന് പുറത്ത് കടക്കുന്നതിനും ഇടയാകുന്നതാണ്. ഇതിന് പരിഹാരമെന്ന നിലയിലാണ് മഞ്ഞക്കൊന്ന നശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നത്
• 2021-22 കാലഘട്ടത്തിൽ 3.26 കോടി രൂപ ചെലവിട്ട് 226.53 കി.മീ ദൂരത്തിൽ സൗരോർജ്ജവേലി സ്ഥാപിച്ചു.
• 2022-23 സാമ്പത്തിക വർഷത്തിൽ 2022 നവംബർ വരെ 119.96 ലക്ഷം രൂപ ചെലവിട്ട് 75.46 കി.മീ സൗരോർജ്ജ വേലി സ്ഥാപിച്ചു.
• 39 കോടി രൂപ ചെലവിട്ട് 17 കി.മീറ്റർ ആന പ്രതിരോധ കിടങ്ങ് സ്ഥാപിച്ചു
• 154 ലക്ഷം രൂപ ചെലവിട്ട് 30.5 കി.മീ ഹാഗിങ് സോളാർ ഫെൻസിങ് സ്ഥാപിച്ചു.
• കൂടാതെ ക്രാഷ് ഗാർഡ് ഫെൻസിംഗ് ആനമതിൽ, റെയിൽ ഫെൻസിംഗ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വയനാട്ടിൽ പിടിക്കപ്പെടുന്ന കടുവകളെ സംരക്ഷിക്കുന്നതിനായി റെസ്ക്യു സെന്റർ സ്ഥാപിച്ചു. ഇതിൽ ഇപ്പോൾ 5 കടുവകളുണ്ട്. കൂടാതെ നെയ്യാറിൽ രണ്ടെണ്ണത്തിനെ സംരക്ഷിച്ചു വരുന്നു.
• രണ്ട് ആനകളെ വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി സംരക്ഷിക്കുന്നുണ്ട്. കുങ്കിയാനകളുടെ സേവനമാണ് ഇതിനായി ഉപയോഗിക്കുന്നത്.
• വന്യമൃഗ ആക്രമണങ്ങളിൽ നഷ്ടപരിഹാരമായി കഴിഞ്ഞ മൂന്നു വർഷത്തിനിടെ 30.89 കോടി രൂപ നൽകിയിട്ടുണ്ട്.
• 2016-17 മുതൽ 2021-22 വരെ കാലഘട്ടത്തിൽ വിവിധ വന്യജീവികളുടെ ആക്രമണത്തിൽ 637 പേരാണ് മരണപ്പട്ടിട്ടുള്ളത്. ഇതിൽ 476 പേർ പാമ്പുകടിയേറ്റാണ് മരണപ്പെട്ടത്. കാട്ടാന ആക്രമണത്തിൽ 115 പേരും കാട്ടുപന്നി ആക്രമണത്തിൽ 30 ഉം, കാട്ടുപോത്ത് ആക്രമണത്തിൽ ആറും കടുവ ആക്രമണത്തിൽ അഞ്ചു പേരും മറ്റ് ജീവികളുടെ ആക്രമണത്തിൽ അഞ്ച് പേരും ആണ് മരണപ്പെട്ടിട്ടുള്ളത്.
• വനത്തോട് ചേർന്ന താമസിക്കുന്ന പട്ടികജാതി പട്ടിക വർഗ വിഭാഗക്കാർ, മറ്റ് വിഭാഗക്കാർ എന്നിവർക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിന് ഇൻഷുറൻസ് പ്രീമിയം തുകയായി 19 ലക്ഷത്തോളം രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്.
• തേനിച്ച/കടന്നൽ കുത്തേറ്റ് മരണപ്പെടുന്ന വ്യക്തികൾക്ക് 10 ലക്ഷം രൂപ വരെ നഷട്പരിഹാരം നൽകുന്നതിന് ഉത്തരവായിട്ടുണ്ട്.
• വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മരണപ്പെട്ട വ്യക്തിയുടെ ആശ്രിതനും ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട വാച്ചറുടെ ആശ്രിതയ്ക്കും വനം വകുപ്പിൽ ജോലി നൽകുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
• കാട്ടുപന്നികളെ നശിപ്പിക്കുന്നതിനായി അവയെ വെടിവെച്ചു കൊല്ലുന്നതിന് ഉൾപ്പെടെയുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷ•ാർക്ക് നൽകിയിട്ടുണ്ട്. അപ്രകാരം കാട്ടുപന്നികളുടെ ശല്യം ഒരു പരിധിവരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ
1. കൂടുതൽ ആർ.ആർ.ടികൾ സ്ഥാപിക്കും (ഇപ്പോൾ 8 എണ്ണം + 7 താൽക്കാലികം)
2. പറമ്പിക്കുളം, തേക്കടി എന്നിവിടങ്ങളിൽ രണ്ട് റെസ്ക്യൂ സെന്ററുകൾ കൂടി സ്ഥാപിക്കും.
3. ഇടുക്കി പോലുള്ള സ്ഥലങ്ങളിൽ ജനവാസ മേഖലകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും. ഇതിനായി ഇടുക്കി ജില്ലയിൽ മൂന്ന് കോടി രൂപയുടെ പാക്കേജ് തയ്യാറാക്കി.
4. ഇടുക്കി ആനയിറങ്കലിൽ 1.94 കോടി രൂപയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പദ്ധതി ആവിഷ്കരിച്ചു. പ്രോജക്റ്റ് എലിഫന്റ് ഫണ്ട് ഉപയോഗിച്ചാണ് ഇത് ചെയ്യുക
5. അതിരപ്പള്ളി വാഴച്ചാൽ മേഖലകളിൽ 10.5 കോടി രൂപയുടെ നബാർഡ് ഫണ്ട് ഉപയോഗിച്ചുള്ള പ്രതിരോധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
6. മരണം, പരിക്ക് എന്നിവയ്ക്ക് മറ്റ് പല സംസ്ഥാനങ്ങളിതിനേക്കാൾ കൂടുതൽ നഷ്ടപരിഹാരം കേരളത്തിൽ നൽകി വരുന്നുണ്ട്.
വന്യജീവി സംരക്ഷണ നിയമം കേന്ദ്ര നിയമമാണ് അതിൽ പറയുന്ന വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി മാത്രമേ സംസ്ഥാനങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി പോലുള്ള അതോറിറ്റികളുടെ നിയന്ത്രണങ്ങളും ഉണ്ട്.
കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും വന്യജീവി ആക്രമണവും അത് മൂലമുള്ള മരണങ്ങളും കൂടി വരുന്നുണ്ട്. ആയതിനാൽ മറ്റ് സംസ്ഥാനങ്ങളുമായി ഈ വിഷയം കൂടിയാലോചിക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.
സംസ്ഥാനത്തെ വനാതിർത്തി പങ്കിടുന്ന എല്ലാ പഞ്ചായത്ത്, മുൻസിപ്പൽ പ്രദേശളുമായി ബന്ധപ്പെട്ട് ഈ വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിക്കൊണ്ട് യോഗങ്ങൾ സംഘടിപ്പിക്കുന്നതും പൊതുജനങ്ങൾ, ശാസ്ത്രജ്ഞന്മാർ , മറ്റ് വിദഗ്ധർ എന്നിവരിൽ നിന്നും പരാതികളും പരിഹാരമാർഗങ്ങളും ആരായുന്നതും പരിഹരിക്കാൻ പറ്റുന്ന വിഷയങ്ങൾക്ക് മുൻഗണന നൽകി അവ നടപ്പിലാക്കുന്നതുമാണ്.