ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയുമായ തൃശ്ശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്ക് അടുത്ത വർഷം മധ്യത്തോടെ പ്രവർത്തന സജ്ജമാവും. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ച പാർക്ക് അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജമാക്കാനുള്ള ശ്രമത്തിലാണ് .
സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടുന്ന തൃശ്ശൂർ മൃഗശാലയിലെ മൃഗങ്ങളെ വിശാലമായ പൂത്തൂരിലേക്ക് മാറ്റുന്നതോടൊപ്പം. മറ്റിടങ്ങളിൽ നിന്നുമുള്ള മൃഗങ്ങളെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടു വരുവാനുമുള്ള ശ്രമത്തിലുമാണ് സുവോളജി പാർക്കിൻ്റെ നിർമാണ മേൽനോട്ടം വഹിക്കുന്ന ഉന്നതാധികാര സമിതി. വിദേശ മൃഗശാലകളിൽ നിന്ന് പക്ഷി- മൃഗാദികളെ കൊണ്ടു വരുന്നതിന് ഏറെ നിയമക്കുരുക്കുകളുണ്ട്. ഇത് കൈകാര്യം ചെയ്തു പരിചയമുള്ള അന്താരാഷ്ട്ര തല ഏജൻസികളുടെ സേവനം ഉപയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിന്നായി താല്പര്യ പത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ ക്ഷണിക്കും.
നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന തൃശ്ശൂർ മൃഗശാല പ്രവർത്തിക്കുന്നത് സ്റ്റേറ്റ് മ്യൂസിയവും, മൃഗശാലയും ചേർന്നുള്ള 13 ഏക്കർ സ്ഥലത്താണ്. 1885-ൽ സ്ഥാപിതമായ ഈ മൃഗശാലയിൽ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ ഉഭയജീവികൾ ഉൾപ്പെടെ 64 ഇനങ്ങളിലായി 511 ജീവികളാണ് ഉള്ളത്. ഈ ജീവജാലങ്ങളെയും മറ്റിടങ്ങളിൽ നിന്നുള്ള അപൂർവ്വയിനം പക്ഷിമൃഗാദികളെയും പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.
മൃഗങ്ങളുടെയും പക്ഷികളുടെയും സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസൃഷ്ടിച്ച് പുത്തൂരിലെ 350 ഏക്കർ സ്ഥലത്ത് 300 കോടി രൂപ ചെലവിലാണ് സുവോളജിക്കൽ പാർക്ക് ഒരുക്കുന്നത്.. ലഭ്യമായ വിവരങ്ങളനുസരിച്ച് ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കാണ് ഇത്. പ്രശസ്ത ഓസ്ട്രേലിയൻ മൃഗശാല ഡിസൈനർ ജോൻ കോ ഡിസൈൻ ചെയ്ത പുത്തൂർ സുവോളജിക്കൽ പാർക്കിന് ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയെന്ന പ്രത്യേകത കൂടിയുണ്ട്.
വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തുറസ്സായി പ്രദർശിപ്പിക്കുവാനുള്ള പ്രത്യേക വാസസ്ഥലങ്ങളാണ് പുതിയ മൃഗശാലയുടെ പ്രധാന ആകർഷണീയത. ഇത്തരത്തിൽ 23-ഓളം ഇടങ്ങളാണ് പുത്തൂർ സുവോളജിക്കൽ പാർക്കിൽ സജ്ജമാക്കിയിരിക്കുന്നത്. ഇവയിൽ മൂന്നെണ്ണം വിവിധയിനം പക്ഷികൾക്കായിട്ടുള്ള വിശാലമായ പ്രത്യേക ആവാസകേന്ദ്രങ്ങളാണ്. കൂടാതെ വെറ്റിനറി ആശുപത്രി സമുച്ചയം, മൃഗങ്ങൾക്കുള്ള ഭക്ഷണ കേന്ദ്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പാർക്കിനോടനുബന്ധിച്ച് സന്ദർശകർക്കായി, മൃഗങ്ങളെ വീക്ഷിക്കുവാനുള്ള സന്ദർശക ഗാലറികൾ, വിശാലമായ പാർക്കിംഗ് സ്ഥലം, റിസപ്ഷൻ ആൻഡ് ഓറിയന്റേഷൻ സെന്റർ, സർവ്വീസ് റോഡുകൾ, ട്രാം റോഡുകൾ, സന്ദർശക പാതകൾ, ട്രാം സ്റ്റേഷനുകൾ, കഫറ്റീരിയ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സമുച്ചയം, ക്വാർട്ടേഴ്സുകൾ, ടോയിലറ്റ് ബ്ലോക്കുകൾ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ 90 ശതമാനത്തിലേറെ പൂർത്തിയായി കഴിഞ്ഞു.
തൃശൂർ സുവോളജിക്കൽ പാർക്ക് വൈൽഡ് ലൈഫ് കൺസർവേഷൻ ആൻഡ് റിസർച്ച് സെന്റർ എന്ന പുത്തൂരിലെ മൃഗശാല പീച്ചി ഡാമിനോട് ചേർന്നുള്ള വനമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. കേരള സാംസ്കാരിക വകുപ്പിന്റെ കീഴിലുണ്ടായിരുന്ന മൃഗശാല ഇപ്പോൾ കേരള വനം വന്യജീവി വകുപ്പാണ് നിയന്ത്രിക്കുന്നത്. വനം വന്യജീവി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ മൃഗശാലയാണിത്.