വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന സേവ് ദ് വെയ്ൽ ഷാർക്ക് ക്യാമ്പയിൻ സംഘടിപ്പിയ്ക്കുന്നു. മത്സ്യബന്ധന വലയിൽ ആകസ്മികമായി കുടുങ്ങുന്ന തിമിംഗല സ്രാവുകളെ രക്ഷപ്പെടുത്തുക, മരണം കുറയ്ക്കുക എന്നിവയാണ് മുഖ്യലക്ഷ്യം. ഇവയെ വല മുറിച്ച് രക്ഷപ്പെടുത്തുമ്പോൾ മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്
തിമിംഗലങ്ങളെ സംരക്ഷിക്കുന്നതിനുള്ള ബോധവത്ക്കരണത്തിനായി മത്സ്യത്തൊഴിലാളികളെയും ഗ്രാമീണ സമൂഹങ്ങളെയും വിദ്യാർഥികളെയും ബന്ധിപ്പിക്കുക എന്നതാണ് സേവ് ദ് വെയ്ൽ ഷാർക്ക് ക്യാംപെയ്നിലൂടെ ലക്ഷ്യമിടുന്നത്. വനം വകുപ്പ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, കംപ്യൂട്ടർ സോഫ്റ്റ്വെയർ നിർമാണ കമ്പനിയായ ഒറക്കിൾ എന്നിവയുടെ സഹകരണത്തോടെയാണ് കേരളം, കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ നിർമ്മിച്ച വെയിൽ ഷാർക്ക് റെസ്ക്യൂ ആപ്പ് പുറത്തിറക്കി.
ദേശാടന ഇനത്തിൽപെട്ട തിമിംഗല സ്രാവ് പ്രജനനത്തിനായി ഒക്ടോബർ മുതൽ മാർച്ച് വരെ മാസങ്ങളിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും എത്തുന്നുണ്ട്. ഇന്ത്യയിൽ ഗുജറാത്തിലാണ് കൂടുതലായി കാണപ്പെടുന്നത്. കർണാടക–കേരള–ലക്ഷദ്വീപ് തീരങ്ങളിലും സാന്നിധ്യമുണ്ട്.
മനഃപൂർവവും അല്ലാതെയും തിമിംഗല സ്രാവുകളെ പിടികൂടുന്ന സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് തിമിംഗല സ്രാവ് സംരക്ഷണത്തിനായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പദ്ധതി തയാറാക്കിയത്. 2 ദശാബ്ദം മുൻപ് ഗുജറാത്തിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്. അറബിക്കടലിൽ 900 തിമിംഗല സ്രാവുകളെ മത്സ്യത്തൊഴിലാളികൾ വിട്ടയച്ചതു പദ്ധതിയുടെ വിജയമാണ്. 2017ൽ കേരളത്തിൽ ബോധവത്ക്കരണം ആരംഭിച്ചതിനെത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ മത്സ്യബന്ധന വലകളിൽ കുടുങ്ങിയ 6 തിമിംഗല സ്രാവുകളെ കടലിലേക്കു തിരിച്ചയച്ചിരുന്നു.
ഏകദേശം 18 മീറ്റർ നീളവും 21 ടൺ വരെ ഭാരവുമാണ് തിമിംഗല സ്രാവിന്. ഉഷ്ണമേഖല, ചൂടുള്ള മിതശീതോഷ്ണ സമുദ്രങ്ങളിൽ ഇവ വ്യാപകമാണ്. 1972-ലെ വന്യജീവി സംരക്ഷണത്തില് ഷെഡ്യൂൾ 1-ൽ ഉൾപ്പെട്ട ഇവയെ പിടിയ്ക്കുകയോ ഉപദ്രവിയ്ക്കുകയോ ചെയ്താൽ 7 വർഷം കഠിന തടവും 25,000 രൂപ പിഴയുമുണ്ട്.