കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട വനാശ്രിത ഗ്രാമങ്ങളില്‍ വനസംരക്ഷണ സമിതി / ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി (VSS / EDC) കളുടെ സഹകരണത്തോടെ ഔഷധ സസ്യ കൃഷിക്ക് കേരള വനം വകുപ്പ് ആരംഭം കുറിക്കുകയാണ്.
വനാശ്രിത സമൂഹങ്ങളുടെ വരുമാനം ഔഷധ സസ്യകൃഷിയിലൂടെ വര്‍ദ്ധിപ്പിക്കുവാനും അത് വഴി വനാശ്രിത സമൂഹങ്ങളുടെ ജീവിത നിലവാരം ഉയര്ത്തു വാനും ലക്ഷ്യമാക്കിയിട്ടുള്ളതാണ് “വനൗഷധ സമൃദ്ധി” പദ്ധതി
ദേവസ്വം ബോര്‍ഡ്, ട്രൈബല്‍ കോ- ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഡെവലപ്പ്മെന്റ് ഫെഡറേഷന് ഓഫ് ഇന്ത്യ (TRIFED), ആയുർ വേദ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി വനം വകുപ്പ് നടപ്പിലാക്കുക. ആയുർവേദ വ്യവസായ മേഖലയിലും പൊതുവിപണിയിലും ഏറെ ആവശ്യക്കാരുള്ളതും വന്യമൃഗങ്ങള്‍ നശിപ്പിക്കാത്തതുമായ മഞ്ഞള്‍, തുളസി എന്നീ ഔഷധ സസ്യങ്ങളാണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്. വനങ്ങളോട് ചേർന്ന സ്വകാര്യഭൂമി, പട്ടയഭൂമി, ആദിവാസികൾക്ക് കൈവശാവകാശരേഖ ലഭിച്ച ഭൂമി തുടങ്ങിയ ഇടങ്ങളിലാണ് ഔഷധ സസ്യകൃഷി നടപ്പിലാക്കുന്നത്.
ഔഷധ സസ്യകൃഷിയില്‍ ഏർപ്പെടുന്ന വന സംരക്ഷണ സമിതി / ഇക്കോ ഡെവലപ്പ്മെന്റ്് കമ്മിറ്റി (VSS / EDC) അംഗങ്ങൾക്ക് ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും കാർഷിക സർവ്വകലാശാലയും കൃഷി വകുപ്പും നല്‍കുന്നതാണ്. നടീല്‍ വസ്തുക്കള്‍, പദ്ധതി ചിലവ് എന്നിവ വനം വകുപ്പ് ലഭ്യമാക്കും. വിളവെടുക്കുന്ന ഔഷധ സസ്യങ്ങള്‍ മൂല്യ വർധന നടത്തി “വനശ്രീ” എന്ന ബ്രാൻഡിൽ പൊതുസമൂഹത്തിന് വനം വകുപ്പ് ലഭ്യമാക്കും. ഗ്രാമീണ വിപണികളിലുൾപ്പെടെ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും അതോടൊപ്പം VSS / EDC അംഗങ്ങള്‍ക്ക് തങ്ങളുടെ കാര്ഷികക ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കുവാനും ഇത്തരം പ്രവർത്തനങ്ങളിലൂടെ വനം വകുപ്പ് ലക്ഷ്യമിടുന്നു.