വനം വകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ അദാലത്ത് : തീര്‍പ്പാക്കിയത് 15,038 ഫയലുകള്‍
സംസ്ഥാന സര്‍ക്കാരിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി തൊടുപുഴ ടൗണ്‍ഹാളില്‍ വനം-വന്യജീവി വകുപ്പ് സംഘടിപ്പിച്ച ഹൈറേഞ്ച് സര്‍ക്കിള്‍ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തില്‍ 15,038 ഫയലുകള്‍ തീര്‍പ്പാക്കി.
ഹൈറേഞ്ച് സര്‍ക്കിളിന്റെ പരിധിയില്‍ ഉള്‍പ്പെട്ട ടെറിട്ടോറിയല്‍ ഡിവിഷനുകള്‍, വൈല്‍ഡ് ലൈഫ് ഡിവിഷനുകള്‍, സാമൂഹിക വനവല്‍ക്കരണ വിഭാഗം, ഇന്സ്പെക്ഷന് ആന്റ് ഇവാലുവേഷന്‍ വിഭാഗം, വര്‍ക്കിംഗ് പ്ലാന്‍ ഡിവിഷന് തുടങ്ങി വനം വകുപ്പിന്റെ 63 ഓഫീസുകളിലായി ആകെ 44,335 ഫയലകളാണ് തീര്‍പ്പ് കല്പിക്കാനുണ്ടായിരുന്നത്. അതില്‍ ഒന്നു മുതല്‍ നാലു ഘട്ടങ്ങള്‍ പൂര്‍ത്തികരിച്ചപ്പോള്‍ 15,038 ഫയലുകള്‍ തീര്‍പ്പാക്കി.
പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതും വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുള്ള 2,212 ഫയലുകള്‍ അദാലത്തില്‍ തീര്‍പ്പാക്കി. വന്യമൃഗ ആക്രമണത്തില്‍ നഷ്ടപരിഹാരമായി 107 അപേക്ഷകളിന്മേല് 39,28,299 രൂപയും മറ്റുള്ള ആനുകൂല്യങ്ങള്‍ക്കുള്ള 20 അപേക്ഷകളില്‍ 20,53,51 രൂപയും ഉള്‍പ്പെടെ 41,33,650 രൂപ വിതരണം ചെയ്തു.
കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞ ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ഫോറസ്റ്റ് വാച്ചര്‍ നാഗരാജിന്റെ വിധവ ചിത്രാദേവിക്ക് വനം വകുപ്പില്‍ വാച്ചര്‍ തസ്തികയില്‍ സ്ഥിരം നിയമനം നല്കുന്ന ഉത്തരവും കൈമാറി.
വനാവകാശ നിയമം അനുസരിച്ച് കട്ടമുടി കുഞ്ചിപ്പെട്ടി ട്രൈബല്‍ സെറ്റില്മെന്റിലേക്കുളള റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് അനുവാദം നല്കിക്കൊണ്ടുളള ഉത്തരവും, മരാധിഷ്ഠിത വ്യവസായങ്ങള്‍ക്കുളള ലൈസന്‍സുകളും വിതരണം ചെയ്തു.