വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കും.
ജനങ്ങളെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്കും ആവാസ വ്യവസ്ഥയ്ക്കും അനുകൂലമായ നടപടികളാണ് വനം വകുപ്പ് ആലോചിക്കുന്നത്.വന്യജീവികളും വനവും നാടിന്റെ അമൂല്യ സമ്പത്തുകളാണ്. അതിനെ ചൂഷണം ചെയ്യുന്ന സ്ഥിതി ഉണ്ടാകുമ്പോഴാണ് പ്രകൃതി ദുരന്തമുള്‍പ്പെടെ ഉണ്ടാകുന്നത്. കാടുകള്‍ വ്യവസായ ആവശ്യത്തിനാണെന്ന ധാരണയോടെ പെരുമാറുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിക്കേണ്ടിയിരിക്കുന്നു. സര്‍വ്വ നാശത്തിലേക്കു നയിക്കുന്ന ഇത്തരം പ്രവണതകളില്‍ നിന്നും മനുഷ്യന്‍ മാറി ചിന്തയ്ക്കാന്‍ തുടങ്ങിയെന്നത് ആശ്വാസകരമാണ്. മനുഷ്യനും പ്രകൃതിയും ഒന്നിച്ചു പോകുന്ന പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. വനവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ആകാശത്തിനും ഭൂമിക്കുമിടയില്‍ ഹരിതകവചം തീര്‍ക്കാനുള്ള ശ്രമത്തില്‍ നമുക്ക് പങ്കുചേരാം.
വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണത്തോടൊപ്പം വനാതിര്‍ത്തിയില്‍ താമസിക്കുന്ന മനുഷ്യരുടെയും സംരക്ഷണം മുഖ്യമാണ്.വന്യജീവികള്‍ നാട്ടിലേക്കിറങ്ങി വരുന്ന പ്രവണത കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വര്‍ദ്ധിച്ചു വരികയാണ്. ഇതിന് ശാശ്വത പരിഹാരം കാണാനുള്ള തീവ്ര പരിശ്രമത്തിലാണ് വനം വകുപ്പ്.
സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ സമാപനം സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്ത് നിര്‍വ്വഹിച്ചു. വന്യജീവി വാരാഘോഷ മത്സര വിജയികളെയും ചടങ്ങില്‍ പ്രഖ്യാപിച്ചു. വനം വകുപ്പ് മേധാവി പി.കെ.കേശവന്‍ മുഖ്യപ്രഭാഷണം നടത്തി.
ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡോ.അമിത് മല്ലിക്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ്, സി.സി.എഫ് പ്രമോദ് പി.പി, ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി റെനി പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.