2023-ലെ കേരള സ്വകാര്യവനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) (ഭേദഗതി) ബിൽ കേരള നിയമസഭ പാസാക്കി. മുഹമ്മദ് ബഷീർ എന്നയാൾ സമർപ്പിച്ച കേസിൽ ബഹു. സുപ്രീംകോടതിയുടെ 22.1.2019 ലെ ഉത്തരവിൽ സ്വകാര്യ വനഭൂമിയുടെ കാര്യത്തിലും ഭൂ പരിഷ്കരണ നിയമപ്രകാരമുള്ള പട്ടയം ആധികാരിക രേഖയാണെന്ന് വിധിച്ചിരുന്നു. പ്രസ്തുത വിധി സംസ്ഥാനത്തെ സ്വകാര്യവനങ്ങളിൽപെട്ട നിബിഡ വനങ്ങളിൽ ഏറിയപങ്കും നഷ്ടപ്പെടാൻ ഇടയാകുമെന്നും ബഹു. ഹൈക്കോടതിയിൽ ഈ വിഷയത്തിൽ നിലനിൽക്കുന്ന കേസുകളിൽ ബഹു ഭൂരിപക്ഷത്തിലും സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാവുമെന്നും സർക്കാരിന് ബോധ്യപ്പെട്ടിരുന്നു. 20000 ഹെക്ടർ നിബിഡ സ്വകാര്യ വനഭൂമി നഷ്ടപ്പെടുമെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമ നിർമ്മാരണത്തിന് സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്തെ സ്വകാര്യ വനങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
വനഭൂമി സ്വകാര്യ വനഭൂമി ആണോ അല്ലയോ എന്ന് തീരുമാനിക്കാൻ 1971-ലെ സ്വകാര്യ വനങ്ങൾ നിക്ഷിപ്തമാക്കൽ നിയമപ്രകാരം ഫോസ്റ്റ് ട്രിബ്യൂണലുകൾക്കാണ് അധികാരം. ഭൂപരിഷ്ക്കരണ നിയമപ്രകാരം കുടിയാൻ- ജന്മി ബന്ധം ഉള്ള കേസുകളിൽ മാത്രമാണ് പട്ടയം നൽകാവുന്നത്. സ്വകാര്യ വനഭൂമിയ്ക്ക് ഇപ്രകാരം പട്ടയം നൽകുന്നത് നിലനിൽക്കില്ല എന്നതാണ് സർക്കാർ നിലപാട്. ഇത്തരത്തിലുള്ള പട്ടയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സ്വകാര്യ വനങ്ങളുടെ ഉടമസ്ഥാവകാശം നിർണ്ണയിക്കുന്നതിലെ അപാകത സർക്കാർ പരിശോധിക്കുകയുണ്ടായി. പട്ടയം എന്നത് മറ്റ് രേഖകൾക്കും തെളിവുകൾക്കും ഒപ്പം ഒരു രേഖയായി പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നിയമ നിർമ്മാണം നടത്തിയിട്ടുള്ളത്. ഇതു സംബന്ധിച്ച് നേരത്തെ ഏഴു തവണ ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുണ്ട്.
50 സെന്റ് വരെയുള്ള ഭൂമിയിൽ വീട് വച്ച് താമസിച്ചിരുന്ന ചെറുകിട ഭൂവുടമകളെ മാനുഷിക പരിഗണന നൽകി ഈ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കാനും ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിന് 1971 മുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്.