Timber production on private land: Forest Department invited applications for the scheme

സ്വകാര്യഭൂമിയിലെ തടിയുല്‍പാദനം: വനം വകുപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്വകാര്യ ഭൂമികളിലെ ശോഷിച്ചുവരുന്ന തടിയുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സര്‍വ്വസാധാരണമായി ഉല്‍പ്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂവുടമകള്‍ക്ക് അധികവരുമാനം ലഭിക്കുന്നതിനും വനംവകുപ്പ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

തേക്ക്, ഈട്ടി, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. തൈകളുടെ എണ്ണമനുസരിച്ച് മൂന്ന് തലങ്ങളിലായി 50 തൈകള്‍ മുതല്‍ 200 തൈകള്‍ വരെ തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതല്‍ 400 വരെ തൈകള്‍ക്ക് തൈ ഒന്നിന് 40 രൂപ നിരക്കിലും, 401 മുതല്‍ 625 വരെ തൈ ഒന്നിന് 30 രൂപ നിരക്കിലും ധനസഹായം നല്‍കും. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമും ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹ്യവനവല്‍ക്കരണ ഓഫീസ്, കേരള വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.forest.kerala.gov.in) എന്നിവയില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോം സ്ഥലത്തിന്റെ കരം അടച്ച രസീതിന്റെ പകര്‍പ്പ്, അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, സ്ഥലത്തിന്റെ കൈവശാവകാശം അല്ലെങ്കില്‍ ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്ഥലത്തേയ്ക്ക് എത്തിച്ചേരുവാനുള്ള വഴിയുടെ സ്‌കെച്ച് എന്നിവ സഹിതം ഒക്ടോബര്‍ 15 നകം ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹ്യവനവല്‍ക്കരണ വിഭാഗം ഓഫീസില്‍ എത്തിക്കണം. ഇത് സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ക്ക് 0477-2246034 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടാം.