Forest Department's "Serpent Lesson" project in schools

സ്കൂളുകളില്‍ വനം വകുപ്പിന്റെ”സര്‍പ്പ പാഠം ” പദ്ധതി

പാമ്പുവിഷബാധ മരണ രഹിത കേരളം എന്ന ലക്ഷ്യത്തോടെ, പാമ്പ് കടി മൂലമുണ്ടാകുന്ന അത്യാഹിതങ്ങൾ ഒഴിവാക്കുന്നതിനായി സംസ്ഥാന സർക്കാർ, വനം വകുപ്പ് മുഖേന വിവിധ പരിപാടികൾ നടത്തിവരികയാണ്.
സ്കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് അധ്യയന വർഷാരംഭത്തിൽ സ്‌കൂളുകളിൽ പാമ്പുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിനായും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായും സുരക്ഷാ പരിശോധന ആരംഭിച്ചിരുന്നു. പരിശോധനയുടെ ആദ്യ ഘട്ടം ജൂണിൽ പൂർത്തിയായി.

പരിപാടിയുടെ രണ്ടാം ഘട്ടമായി “സർപ്പ പാഠം’ എന്ന പേരിൽ വനം വകുപ്പ് വിദ്യാലയ സുരക്ഷാ പരിശോധനയും ബോധവൽക്കരണ പരിപാടികളും നടത്തുന്നു. പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്നത് സംബന്ധിച്ച അവബോധക്കുറവാണ് അധികവും മരണത്തിലേക്ക് നയിക്കുന്നത് എന്നതും കൃത്യമായ ബോധവത്കരണം അപകടങ്ങൾ ഒഴിവാക്കാൻ അനിവാര്യമാണ് എന്നതുമായ വസ്തുതകൾ പരിഗണിച്ചാണ് നടപടി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, കുടുംബശ്രീ, തൊഴിലുറപ്പ് യൂണിറ്റുകളിലും മറ്റിതര മേഖലകളിലും കൃത്യമായ ബോധവത്കരണ ക്‌ളാസുകൾ നടത്തുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട സർപ്പ വോളന്റിയർമാർക്ക് പരിശീലനം നൽകി ഒരു പ്രത്യേക ടീം രൂപീകരിച്ചിട്ടിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്നായി 67 പേർക്കാണ് പ്രത്യേക പരിശീലനം നൽകിയത്. ഈ അധ്യയന വർഷത്തിൽ കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും സുരക്ഷാ പരിശോധനയും ബോധവത്കരണ പരിപാടികളും നടത്തുകയാണ് ലക്ഷ്യമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സ്കൂൾ, കോളേജ് അധികൃതർക്ക് അതാത് ജില്ലയിലെ സോഷ്യൽ ഫോറെസ്ട്രി അസിസ്റ്റന്റ് കാൻസർവേറ്ററുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കാവുന്നതാണ് എന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ അറിയിച്ചു.