ചികിൽസാ ചെലവ് അനുവദിക്കുന്നതിന് അപേക്ഷകന് നൽകിയ ചികിൽസയും ചെലവായ തുകയും സംബന്ധിച്ച് കേരള സർക്കാർ സർവ്വീസിലെ സിവിൽ സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന സാക്ഷ്യപത്രം വേണമെന്ന വ്യവസ്ഥയിലാണ് ഭേദഗതി വരുത്തിയത്.
പാമ്പ് കടിയേറ്റ് ചികിൽസ തേടുന്നവർ എത്രയും വേഗം തൊട്ടടുത്ത ആശുപത്രിയിൽ ചികിൽസ തേടുകയാണ് ചെയ്യുന്നത്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടിയവർക്ക് ഏതെങ്കിലും സർക്കാർ ആശുപത്രിയിലെ ഡോക്ടർ ചികിൽസ സംബന്ധിച്ച സാക്ഷ്യപത്രം നൽകണം എന്നതായിരുന്നു വ്യവസ്ഥ. ഇപ്രകാരം സാക്ഷ്യപത്രം നൽകുന്നത് പ്രായോഗികമല്ല എന്ന് ചില സർക്കാർ ഡോക്ടർമാർ അറിയിച്ചിരുന്നതായും നഷ്ട പരിഹാരം ലഭിക്കാതെ വന്നതായും വന സൗഹൃദ സദസ്സിൽ ഉൾപ്പെടെ പരാതി ലഭിച്ചിരുന്നു. സർക്കാർ ഡോക്ടർമാർ തന്നെ സാക്ഷ്യപത്രം നൽകണം എന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്.
ഭേദഗതി പ്രകാരം, രണ്ട് ലക്ഷം രൂപ വരെയുള്ള നഷ്ട പരിഹാരം ലഭിക്കുന്നതിന് പരിക്ക് പറ്റിയ വ്യക്തിയെ ചികിൽസിച്ച രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറോ അല്ലെങ്കിൽ കേരള സർക്കാർ സർവ്വീസിലെ മെഡിക്കൽ ഓഫീസറോ സാക്ഷ്യപ്പെടുത്തിയാൽ മതി.
രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചികിൽസാ ചെലവ് നിർദ്ദിഷ്ട ആവശ്യത്തിനായി നിയോഗിക്കപ്പെട്ട സർക്കാർ സർവ്വീസിലെ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തണം.
വന്യമൃഗ ആക്രമണം മൂലം പരിക്ക് പറ്റുന്ന വ്യക്തിയ്ക്ക് ചികിൽസയ്ക്ക് ചെലവാകുന്ന തുകയിൽ പരമാവധി നൽകാവുന്നത് ഒരു ലക്ഷം രൂപയാണ്. പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് ചികിൽസാർത്ഥം ചെലവാകുന്ന മുഴുവൻ തുകയും തിരികെ നൽകുന്നതാണ്. സ്ഥായിയായ അംഗ വൈകല്യം ഉണ്ടാകുന്നവർക്ക് രണ്ട് ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കുന്നതാണ്.