ആമുഖം
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്, വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾ നേരിൽ മനസ്സിലാക്കി പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും, മനുഷ്യ- വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വിദഗ്ദ്ധരിൽനിന്നും പൊതുജനങ്ങളിൽനിന്നും സ്വീകരിക്കുന്നതിനും, വനം വകുപ്പ് കൈക്കൊണ്ടതും സ്വീകരിച്ചുവരുന്നതുമായ പദ്ധതികളെക്കുറിച്ച് വിശദീകരണം നൽകുന്നതിനുമായി വനാതിർത്തി പങ്കിടുന്ന, 54 നിയോജകമണ്ഡലങ്ങൾ ഉൾപ്പെട്ട 255 തദ്ദേശസ്വയംഭരണ സ്ഥപാനങ്ങളിൽ 21 വേദികളിലായി ‘വനസൗഹൃദ സദസ് ‘ എന്ന പേരിൽ ഒരു കർമ്മപരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഈ പരിപാടി 2023, ഏപ്രിൽ 2, ഞായറാഴ്ച രാവിലെ 10.30 ന് വയനാട് ജില്ലയിലെ മാനന്തവാടിയിലാണ് ആരംഭിച്ചത്. ഏപ്രിൽ 28 തിരുവനന്തപുരം ജില്ലയിലെ ആര്യനാട് വച്ച് പരിപാടി സമാപിച്ചു.
വിവിധ വകുപ്പ് മന്ത്രിമാർ, ജനപ്രതിനിധികൾ, അതാതു ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുത്തു. വനത്തിനുള്ളിലും വനാതിർത്തിയിലും താമസിക്കുന്ന ജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പരിഗണിച്ച് പ്രാദേശിക പരിഗണന നൽകി നൂതന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായിരുന്നു വനസൗഹൃദ സദസ്സ്. വന, വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരമാവധി പരിഹാരം കാണുക, പൊതുജന പങ്കാളിത്തത്തിലൂടെ വനപരിപാലനം കൂടുതൽ കാര്യക്ഷമമാക്കുക എന്നിവയായിരുന്നു ഈ പരിപാടി ലക്ഷ്യമിട്ടത്.
21 വേദികളിലായി ഏപ്രിൽ 2 മുതൽ 28-ാം തീയതി വരെ കേരളത്തിലെ വിവിധ ജില്ലകളിലായി സംഘടിപ്പിച്ച ‘വനസൗഹൃദ സദസ് ‘ എന്ന പരിപാടിയിൽ 12054 പേർ പങ്കെടുത്തു. കൂടാതെ 1485 ജന പ്രതിനിധികളും പങ്കെടുത്തു. ആകെ 4797 പരാതികൾ സ്വീകരിച്ചതിൽ 4311 പരാതികൾക്ക് തീർപ്പുകൽപ്പിച്ചിട്ടുണ്ട്. 151 അപേക്ഷകർക്ക് വിവിധ ആവശ്യങ്ങൾക്കായി എൻ.ഒ.സി. നൽകിയിട്ടുണ്ട്. കൂടാതെ വന്യമൃഗ ആക്രമണത്തിൽ ജീവഹാനി, പരിക്ക്, കൃഷിനാശം തുടങ്ങിയവ സംബന്ധിച്ച് 451 അപേക്ഷകൾക്ക് നഷ്ടപരിഹാരമായി 2,26,53,194/- രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട്.
വനസൗഹൃദ സദസ്സിലെ ചർച്ചാ വിഷയങ്ങൾ
21 വേദികളിലായി നടന്ന വനസൗഹൃദ സദസ്സുകൾക്കെല്ലാം രണ്ട് ഭാഗങ്ങൾ ഉണ്ടായിരുന്നു. ആദ്യ ഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി, വനം വകുപ്പിലെ ഉന്നത ഉദേ്യാഗസ്ഥർ, മറ്റു വകുപ്പുകളിലെ ഉദേ്യാഗസ്ഥർ എന്നിവർ ചർച്ച നടത്തുകയും നിയമപരമായി പ്രായോഗികതലത്തിൽ സ്വീകരിക്കാവുന്ന പ്രതിവിധികൾ ഉരുത്തിരിയുകയും ചെയ്തു. രണ്ടാം ഭാഗത്തിൽ നടന്ന പൊതുയോഗങ്ങളിൽ വനം വകുപ്പ് മന്ത്രി കൂടാതെ അതാത് ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും മറ്റു ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും പൊതുജനങ്ങളും പങ്കെടുത്തു. വനസൗഹൃദ ചർച്ചകളിലും പൊതുയോഗങ്ങളിലും മനുഷ്യ-വന്യമൃഗ സംഘർഷം, പട്ടയം, എൻ.ഒ.സി, പട്ടയഭൂമിയിലെ മരം മുറിക്കൽ, ഇക്കോട്ടൂറിസം, അന്തർ സംസ്ഥാന വിഷയങ്ങൾ എന്നിങ്ങനെ വിവിധ ചർച്ചാവിഷയങ്ങൾ ഉയർന്നുവന്നു.
വനം വകുപ്പ് തലത്തിൽ തീരുമാനം എടുക്കാവുന്ന പരാതികളിൽ നിശ്ചിത സമയത്തിനുള്ളിൽ തീരുമാനം എടുക്കാനും സർക്കാർ തലത്തിൽ തീരുമാനം എടുക്കേണ്ടവ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാനും തീരുമാനിച്ചു.
സർക്കാർ തലത്തിൽ പരിഗണിക്കപ്പെടേണ്ട വിഷയങ്ങൾ
1. ജനവാസ മേഖലയിൽ മനുഷ്യജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ സർക്കാർ ഉത്തരവിൽ ആവശ്യമായ ഭേദഗതികൾ.
കാട്ടിൽനിന്നും നാട്ടിലേക്കിറങ്ങി ജനവാസ മേഖലകളിൽ മനുഷ്യജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ 2022 ലെ ഉത്തരവിൽ വെടിവച്ചു കൊല്ലുന്ന കാട്ടുപന്നികളുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള ചെലവും ഷൂട്ടേഴ്‌സിനുള്ള പ്രതിഫലവും സംബന്ധിച്ച് പ്രതിപാദിച്ചിട്ടില്ലായെന്നും അക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ ആവശ്യപ്പെട്ടു.
ഇത്തരത്തിൽ വെടിവച്ചു കൊല്ലുന്ന കാട്ടുപന്നികളുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള ചെലവും ഷൂട്ടേഴ്‌സിനുള്ള പ്രതിഫലവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടിൽനിന്നും വിനിയോഗിക്കുവാൻ സർക്കാർ തലത്തിൽ നിർദ്ദേശം നൽകാവുന്നതാണ്. ഷൂട്ടേഴ്‌സിന്റെ അഭാവമുള്ള സ്ഥലങ്ങളിൽ സമീപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നോ ജില്ലാ റൈഫിൾ ക്‌ളബ്ബിൽനിന്നോ വിദഗ്ധ ഷൂട്ടേഴ്‌സിന്റെ സേവനം തേടാൻ വേണ്ട നിർദ്ദേശം സർക്കാർതലത്തിൽനിന്നും നൽകാവുന്നതാണ്.
2. മനുഷ്യ-വന്യമൃഗ സംഘർഷം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക യഥാസമയം വിതരണം ചെയ്യുന്നത് സംബന്ധിച്ച്.
മനുഷ്യ-വന്യമൃഗ സംഘർഷവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുക യഥാസമയം ലഭ്യമാകുന്നില്ലായെന്ന് വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ആവലാതിപ്പെടുകയുണ്ടായി.
മനുഷ്യ-വന്യമൃഗ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിലവിൽ സംസ്ഥാന വനം വകുപ്പിന് അനുവദിക്കുന്ന ഫണ്ട് തികച്ചും അപര്യാപ്തമാണ്. ഇക്കാരണത്താൽ നഷ്ടപരിഹാരത്തുക യഥാസമയം വിതരണം ചെയ്യാൻ കഴിയാതെ വരികയും, ആയത് വർഷങ്ങളോളം കുടിശ്ശികയായി നിലനിൽക്കുകയും ചെയ്യുന്നു. വന്യമൃഗ ആക്രമണത്തിൽ മരണം സംഭവിക്കുന്ന അടിയന്തിര സാഹചര്യങ്ങളിൽ ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജൻസിയിൽനിന്നും ഫണ്ട് വായ്പയായി എടുത്ത് നഷ്ടപരിഹാര തുക നൽകുന്ന കീഴ്‌വഴക്കമുണ്ട്. എന്നാൽ ആയത് എഫ്.ഡി.എ-ക്ക് തിരികെ നൽകാൻ ആവശ്യമായ തുക സർക്കാരിൽനിന്നും ലഭ്യമാകാറില്ല. മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനാവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുള്ള ഫണ്ടും അപര്യാപ്തമാണ്. ഈ സാഹ ചര്യത്തിൽ എല്ലാ വർഷവും ബന്ധപ്പെട്ട ബജറ്റ് ശീർഷകത്തിൽ ആവശ്യമായ ഫണ്ട് വകയിരുത്തുന്നതിനും ആയത് യഥാസമയം ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ സർക്കാർതലത്തിൽ സ്വീകരിക്കേണ്ടതാണ്.
3. വന്യമൃഗ ആക്രമണത്തിനുള്ള നഷ്ടപരിഹാര തുക കാലോചിതമായി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് .
നിലവിൽ മറ്റു സംസ്ഥാനങ്ങളിൽ മനുഷ്യ-വന്യമൃഗ സംഘർഷത്തിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് നൽകിവരുന്ന നഷ്ടപരിഹാര തുകയുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
തമിഴ്‌നാട് 5 ലക്ഷം രൂപ
കർണ്ണാടക 15 ലക്ഷം രൂപ
തെലങ്കാന 10 ലക്ഷം രൂപ
ആന്ധ്രാപ്രദേശ് 5 ലക്ഷം രൂപ
ഒഡീഷ 6 ലക്ഷം രൂപ
മധ്യപ്രദേശ് 8 ലക്ഷം രൂപ
മഹാരാഷ്ട്ര 20 ലക്ഷം രൂപ
കേരളത്തിൽ വന്യമൃഗ ആക്രമണത്തിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് നിലവിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകി വരുന്നു.
2018-ൽ ആണ് കേരളത്തിൽ നിലവിലുള്ള നഷ്ടപരിഹാരതുക അവസാനമായി വർദ്ധിപ്പിച്ചത്. നിലവിലെ നഷ്ടപരിഹാരതുകയുടെ നിരക്കുകൾ വർദ്ധിപ്പിച്ചു നൽകുന്ന കാര്യം സർക്കാർതലത്തിൽ പരിഗണിക്കാവുന്നതാണ്.
4. വന്യമൃഗ ആക്രമണം മൂലം സംഭവിച്ച കൃഷിനാശത്തിനുള്ള നഷ്ടപരിഹാര തുക കാലോചിതമായി പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് .
08.01.2015 ലെ സർക്കാർ ഉത്തരവ് (കൈ) നം. 2/2015/വനം പ്രകാരമാണ് നിലവിൽ വന്യമൃഗ ആക്രമണംമൂലമുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം നൽശി വരുന്നത്. 22.03.2017 ലെ സർക്കാർ ഉത്തരവ് (കൈ) നം. 37/2017/കൃഷി പ്രകാരം കാർഷിക വിളകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷയിൽ വർദ്ധനവ് വരുത്തുകയുണ്ടായി. ടി സർക്കാർ ഉത്തരവ് പ്രകാരമുള്ള നിരക്കുകൾ നൽശുന്നതിനായി 11.03.2022 ൽ സർക്കാരിന് ശുപാർശ നൽശിയിട്ടുള്ളതാണ് (പകർപ്പ് ഉള്ളടക്കം ചെയ്യുന്നു).
5. വന്യമൃഗ ആക്രമണം മൂലം ആശുപത്രിയിൽ കഴിയുന്നതോ ഡോക്ടറുടെ നിർദ്ദേശ പ്രകാരം വിശ്രമിക്കുന്നതോ ആയ ആളുകൾക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നത് സംബന്ധിച്ച്.
വന്യമൃഗ ആക്രമണംമൂലം പരിക്ക് പറ്റുന്നവർക്ക് നിലവിൽ ചികിത്സാ ചെലവ് (പരമാവധി ഒരു ലക്ഷം രൂപ വരെ) നൽശി വരുന്നു. എന്നാൽ ആശുപത്രിയിൽ കഴിയുന്നതോ ഡോക്ടറുടെ നിർദ്ദേശ പ്രകാരം വിശ്രമിക്കുന്ന ആളുകൾക്കുണ്ടാകുന്ന വരുമാന നഷ്ടം കണക്കാക്കി നൽശുന്നത് പ്രയോഗികമല്ലായെന്ന് കാണുന്നു. എന്നിരുന്നാലും ഇതു സംബന്ധിച്ച് സർക്കാർതലത്തിൽ തീരുമാനം കൈക്കൊള്ളുന്നതാവും ഉചിതം.
6. ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിന് വാല്യുവേഷൻ നിരക്ക് വളരെ ഉയർന്നതിനാൽ ആരും ഏറ്റെടുക്കാത്ത അവസ്ഥയാണുള്ളത്. ആയതിനാൽ വാല്യുവേഷന്റെ കാര്യത്തിലും മരങ്ങൾ വിൽപ്പന നടത്തുന്ന കാര്യത്തിലും ആവശ്യമായ നടപടികൾ സംബന്ധിച്ച്.
എൻ.ആർ.നായർ വോള്യം റ്റേബിൾ പ്രകാരം നിൽക്കുന്ന മരത്തിന്റെ വോള്യം കണക്കാക്കി സർക്കാർ നിശ്ചയിച്ചിട്ടുള്ള സീനിയറേജ് റേറ്റ് പ്രകാരം വാല്യുവേഷൻ നൽകി വരുന്നു.
നിലവിൽ ഗുൽമോഹർ, മഴമരം, ആൽ തുടങ്ങിയ സോഫ്റ്റ്‌വുഡ് സ്പീഷീസുകൾക്കാണ് വാല്യുവേഷൻ നിരക്ക് ഉയർന്നതിനാൽ ലേലത്തിൽ വിറ്റുപോകാത്ത സാഹചര്യമുള്ളത്. സോഫ്റ്റ്‌വുഡ് സ്പീഷീസ് ഇനത്തിൽപ്പെട്ട നിൽപ്പുമരത്തിൽനിന്നും ലഭിക്കാവുന്ന തടിയുടെയും വിറകിന്റെയും അനുപാതം കണക്കാക്കുന്നതിനായി പഠനം നടത്തി സീനിയറേജ് റേറ്റിൽ ആവശ്യമായ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കാവുന്നതാണ്.
ജീവനും സ്വത്തിനും അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ചു മാറ്റേണ്ട സാഹചര്യത്തിൽ അത്തരം മരങ്ങൾ മുറിച്ചിട്ടതിനുശേഷം വാല്യുവേഷൻ നടത്തുന്ന രീതി പരീക്ഷിക്കാവുന്നതും, ആയതിന് സർക്കാർതലത്തിൽ അനുമതി നൽശാവുന്നതുമാണ്.
7. വനഭൂമിയിലെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച നിയമ നടപടികൾ ത്വരിതഗതിയിലാക്കുന്നത് സംബന്ധിച്ച്.
വനഭൂമി ആവശ്യമായി വരുന്ന വികസന പ്രവർത്തനങ്ങൾക്ക് ബന്ധപ്പെട്ട യൂസർ ഏജൻസി 1980-ലെ ഫോറസ്റ്റ് (കൺസർവേഷൻ) ആശ്ട് പ്രകാരം പരിവേഷ് പോർട്ടലിൽ പ്രൊപ്പോസൽ സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർ നടപടികൾ താമസംവിന സ്വീകരിക്കുന്നതാണ്.
8. പട്ടയം നൽശുന്നത് സംബന്ധിച്ച നിയമാനുസൃത നടപടികൾ ത്വരിതഗതിയിലാക്കുന്നത് സംബന്ധിച്ച് .
01.01.1777 ന് മുൻപുള്ള വനം കയ്യേറ്റങ്ങൾ ക്രമപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ 1980-ലെ ഫോറസ്റ്റ് (കൺസർവേഷൻ) ആശ്ട് പ്രകാരം പരിവേഷ് പോർട്ടലിൽ പ്രൊപ്പോസൽ സമർപ്പിക്കേണ്ടതായിട്ടുണ്ട്. അപ്രകാരം സമർപ്പിക്കപ്പെടുന്ന പ്രൊപ്പോസലിൻമേൽ അടിയന്തിര തുടർനടപടികൾ സ്വീകരിക്കുന്നതാണ്. ജില്ലാതലത്തിൽ റവന്യു വകുപ്പ് സ്വീകരിക്കേണ്ട നടപടികൾ ത്വരിതപ്പെടുത്തുന്നതിന് സർക്കാർതലത്തിൽ നിന്നും നിർദ്ദേശം നൽകാവുന്നതാണ്.
9. വീട്ടുവളപ്പിൽ നിൽക്കുന്ന ചന്ദനമരം മുറിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുന്നത് സംബന്ധിച്ച്.
നിലവിൽ വീട്ടുവളപ്പിൽ നിൽക്കുന്ന ചന്ദനമരം മുറിക്കുന്നതിനോ, വിൽക്കുന്നതിനോ സ്ഥലം ഉടമസ്ഥന് അവകാശമില്ല. സ്ഥലം ഉടമ ചന്ദനമരം മുറിക്കുന്നതിന് വനം വകുപ്പിന് അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് വനം വകുപ്പ് ചന്ദനമരം മുറിച്ച് മറയൂർ ഡിപ്പോയിലെത്തിച്ച് ലേലം നടത്തുന്ന മുറക്ക് മാത്രമേ ഉടമസ്ഥന് സർക്കാർ നിശ്ചയിച്ച തുക ലഭ്യമാകുകയുള്ളു. നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് പച്ച ചന്ദനമരം മുറിക്കാൻ പാടില്ലാത്തതും, ഉണങ്ങിയതും തഴെ വീണ് കിടക്കുന്നതുമായ ചന്ദനമരം മാത്രമേ മുറിക്കാൻ പാടുള്ളു. ചന്ദനമരം നിൽക്കുന്ന വീട്ടിലെ താമസക്കാർക്ക് ചന്ദന മോഷ്ടാക്കളിൽനിന്ന് സുരക്ഷാ ഭീഷണി നേരിടുന്നതിനാലും, ടി നടപടിക്രമം കാലതാമസം ഉണ്ടാക്കുന്നതിനാലും വീട്ടുവളപ്പിൽ നിൽക്കുന്ന ചന്ദനമരം മുറിക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തുന്നതിന് സർക്കാർതലത്തിൽ തീരുമാനം കൈക്കൊള്ളാവുന്നതാണ്.
സംഗ്രഹം
സംസ്ഥാന വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനും ജനങ്ങളുമായി നേരിട്ട് സംവദിച്ച് അവരുടെ പരാതികളും ആവശ്യങ്ങളും പരിഹരിക്കുന്നതിനും സർക്കാർതലത്തിൽ കൈക്കൊള്ളേണ്ട തുടർനടപടികൾക്ക് പ്രതേ്യക ശ്രദ്ധ നൽശുന്നതിനും വനസൗഹൃദ സദസ്സ് ഊർജ്ജം നൽശിയിട്ടുണ്ട്. 54 നിയമസഭാമണ്ഡലങ്ങളിപ്പെട്ട 255 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ 126 പഞ്ചായത്തുകളിൽ (49.41%) മാത്രമാണ് മനുഷ്യ-വന്യമൃഗ സംഘർഷം സംബന്ധിച്ച പരാതികൾ ഉയർന്നുവന്നത്. ഭൂമി, പട്ടയം, ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരംമുറിക്കുന്നതിനുള്ള അനുമതി, ഇക്കോടൂറിസം, ആർ.ആർ.റ്റി തുടങ്ങിയ വിഷയങ്ങളിൽ ലഭിച്ച പരാതികളിൻമേൽ സമയബന്ധിതമായി തീർപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നു. പ്രസ്തുത കർമ്മപരിപാടി വനം വകുപ്പിന്റെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിന് സഹായകരമായിട്ടുണ്ട്.