Forest Minister says campaign that court has stayed road construction is false

റോഡ് പണി കോടതി സ്റ്റേ ചെയ്തു എന്ന പ്രചാരണം തെറ്റെന്ന് വനം മന്ത്രി

നേര്യമംഗലം- വാളറ ദേശീയപാത വികസനത്തിനു മരം മുറിക്കാന്‍ വനം വകുപ്പ് കൂട്ട് നിന്നതായുള്ള റിട്ട് ഹര്‍ജിയിലെ ആരോപണം അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ ഈ വിഷയത്തില്‍ റോഡ് പണി കോടതി സ്റ്റേ ചെയ്തു എന്ന പ്രചാരണം തെറ്റാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ഹൈക്കോടതിയിലെ സ്‌പെഷ്യല്‍ ജിപിയുമായി സംസാരിച്ച ശേഷം ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ദേശീയപാത വികസനത്തിനായി കേന്ദ്ര പരിസ്ഥിതി -വനം -മന്ത്രാലയം അനുവദിച്ച ഭൂമിയ്ക്ക് പുറത്തായി എന്തെങ്കിലും പ്രവര്‍ത്തികള്‍ നടത്തുന്നുണ്ടോ എന്ന് ചീഫ് സെക്രട്ടറി അന്വേഷിക്കാനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് എന്ന് കണ്ടെത്തിയാല്‍ അത് നിര്‍ത്തിവെക്കാന്‍ ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ദേശീയപാത വികസന പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടിട്ടില്ല. ഈ വിഷയത്തില്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

ദുരന്ത നിവാരണ നിയമം പ്രകാരം അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത് നടപ്പാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നു എന്നാണ് റിട്ട് ഹര്‍ജിയിലെ ആരോപണം. ദേശീയപാത വികസനത്തിന് ഭൂമി വിട്ടു കിട്ടാന്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ നല്‍കിയ അപേക്ഷ പ്രകാരം അനുവദിച്ച ഭൂമിക്ക് പുറത്തുള്ള മരങ്ങള്‍ മുറിച്ചു എന്നാണ് ആരോപണം. ഒരു സ്വകാര്യ വ്യക്തി നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.