പട്ടയഭൂമിയിൽ കർഷകർ വച്ചുപിടിപ്പിച്ച മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്നത് സംബന്ധിച്ച് –
ഉന്നതതല യോഗം ചേർന്നു.
പട്ടയഭൂമിയിൽ കർഷകർ വെച്ചുപിടിപ്പിച്ച മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച് വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത യോഗം ചേർന്നു. ഈ ആവശ്യത്തിനായി നേരത്തെ സ്വീകരിച്ചിരുന്ന നടപടികൾ യോഗം വിശദമായി ചർച്ച ചെയ്തു. കർഷകർ ഉന്നയിച്ച ഈ വിഷയം നിയമപ്രശ്നങ്ങൾ ഇല്ലാത്ത രീതിയിൽ കൈകാര്യം ചെയ്യണമെന്ന് യോഗം വിലയിരുത്തി. ഇതിനുള്ള നിർദ്ദേശങ്ങൾ റവന്യൂ വകുപ്പ് തയ്യാറാക്കുവാനും ആയത് വനം വകുപ്പ് പരിശോധിച്ച് നിയമ വകുപ്പിന്റെ അഭിപ്രായം കൂടി ആരായാനും തീരുമാനിച്ചു. ഇതിനായി എന്തെല്ലാം നിയമ ഭേദഗതികൾ ആവശ്യമാണ് എന്നത് ഉൾപ്പെടെ പരിശോധിച്ച് കരട് നിർദ്ദേശങ്ങളിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കൂടി ആരാഞ്ഞശേഷം തുടർനടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ഈ വിഷയത്തിൽ ഡിസംബർ എട്ടിന് നിയമസഭയിൽ ഉന്നയിക്കപ്പെട്ട സബ്മിഷന് മറുപടി പറയവെ ഇക്കാര്യം റവന്യൂ വകുപ്പുമായി ചർച്ച ചെയ്യുമെന്ന് സഭയെ അറിയിച്ചിരുന്നു. അതുപ്രകാരമാണ് വിഷയം ചർച്ച ചെയ്യാൻ യോഗം വിളിച്ചുചേർത്തത്.