സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങൾ വനം വകുപ്പ് മുഖേന വിൽപന നടത്തുന്നതിന് ഉടമകൾക്ക് അവകാശ നൽകികൊണ്ടുള്ള കരട് ബില്ലിന് (10.10.2024) ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി.
നിലവിൽ ചന്ദനമരം വച്ചുപിടിപ്പിക്കാമെങ്കിലും അവ വിൽപ്പന നടത്തി ആയതിന്റെ വില ലഭിക്കുന്നതിന് നിയമത്തിൽ വ്യവസ്ഥയില്ല. മാത്രവുമല്ല ചന്ദനമരം മോഷണം പോകുകയും ആയതിന് സ്ഥലമുടമയ്ക്ക് നേരെ കേസെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസ്ഥമാറ്റി ചന്ദനമരം വെച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി ഉടമകൾക്ക് വൻതുക വരുമാനം ഉണ്ടാക്കുന്നതിനും ചന്ദനമോഷണം കുറയ്ക്കുന്നതിനും ഈ ഭേദഗതി സഹായകമാകും.
എന്നാൽ പട്ടയ വ്യവസ്ഥകൾ പ്രകാരം സർക്കാരിലേക്ക് റിസർവ്വ് ചെയ്തിട്ടുള്ള ചന്ദനമരങ്ങൾ മുറിച്ച് വിൽപ്പന നടത്താൻ അനുമതിയില്ല. ഇതിന് പട്ടയം നൽകുന്നത് സംബന്ധിച്ച റവന്യൂ നിയമങ്ങളും പട്ടയത്തിലെ ഇത്തരം നിബന്ധനകളും ഭേദഗതി ചെയ്യേണ്ടതുണ്ട്.
അപകടകരമായ മരങ്ങൾ, ഉണങ്ങിയ മരങ്ങൾ, സ്വന്തം ആവശ്യത്തിന് കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഭൂമിയിലെ മരങ്ങൾ എന്നിവ മുറിച്ചുമാറ്റുന്നതിന് മാത്രമാണ് ഇപ്പോൾ അനുമതി നൽകാവുന്നത്. 2010-ലാണ് ചന്ദനമരങ്ങൾ മുറിക്കുന്നത് പാടെ നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിൽ വന്നത്.
ഉടമകൾ വിൽക്കുന്ന ചന്ദനമരങ്ങൾ സൂക്ഷിക്കുന്നതിന് ജില്ലകളിൽ ചന്ദന ഡിപ്പോകൾ സ്ഥാപിക്കും. ഇപ്പോൾ മറയൂരിൽ മാത്രമാണ് ചന്ദനം സൂക്ഷിക്കുന്നതിനുള്ള ഡിപ്പോ നിലവിലുള്ളത്.
വന കുറ്റങ്ങൾ രാജിയാക്കുന്നതിന് ഇപ്പോൾ വ്യക്തമായ നിയമ വ്യവസ്ഥകളില്ല. ഉദ്യോഗസ്ഥന് യുക്തമെന്ന് തോന്നുന്ന ഒരു തുക നിശ്ചയിച്ച് വേണമെങ്കിൽ കുറ്റം രാജിയാക്കാൻ അനുവദിക്കാം എന്നതിന് പകരം പിഴ തുകയ്ക്ക് തുല്യമായ ഒരു തുക അടച്ച് കുറ്റം രാജിയാക്കാൻ അനുവദിക്കുന്നതാണ് ഭേദഗതി. കോടതി നടപടികൾ ആരംഭിച്ച കേസുകളിൽ കോടതിയുടെ അനുവാദത്തോടെ രാജിയാക്കുന്നതിനും വ്യവസ്ഥ ചേർത്തിട്ടുണ്ട്. അഴിമതിയ്ക്കുള്ള സാധ്യത കുറയ്ക്കാൻ ഈ ദേദഗതി സഹായകമാണ്.
വനത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കൽ, വന്യമൃഗങ്ങളെ ശല്യപ്പെടുത്തൽ, ജലാശയങ്ങളിൽ വിഷം ചേർത്തും മറ്റ് വിധത്തിലും അനധികൃതമായി മത്സ്യം പിടിക്കൽ എന്നിവ തടയുന്നതിനും വ്യവസ്ഥ ചെയ്യുന്നു. വനം ഉൾപ്പന്നങ്ങൾ കൈവശം വയ്ക്കുന്നവർക്ക് അതിനുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്.
വർഷങ്ങൾക്ക് മുൻപ് നിലവിൽ വന്ന പിഴ തുകകൾ വർദ്ധിപ്പിക്കുന്നതിനും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉൾപ്പെടെ ക്രിമിനൽ നടപടി നിയമപ്രകാരം സുതാര്യമാക്കുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്. നിയമസഭ പാസാക്കിയാൽ ഉടൻ നിയമം പ്രാബല്യത്തിൽ വരും.