Man-Wildlife Conflict Mitigation-Ministerial Meeting Decides to Prepare Inter-State Plans

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം-അന്തർ സംസ്ഥാന പദ്ധതികൾ തയ്യാറാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

മനുഷ്യരും വന്യമൃഗങ്ങളും സംഘർഷ രഹിതമായി ജീവിക്കുന്നതിനുള്ള അന്തർ സംസ്ഥാന പദ്ധതികൾ തയ്യാറാക്കുവാൻ മനുഷ്യ-ആന സംഘർഷ പരിപാലനം സംബന്ധിച്ച് ബാംഗ്ലൂരിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനിച്ചു. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള കേരളത്തിന്റെ ആക്ഷൻ പ്ലാൻ സമ്മേളനത്തിൽ അവതരിപ്പിച്ചു.

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായുള്ള പദ്ധതികൾ കേരളം, തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ വനം വകുപ്പുകൾ സംയുക്തമായി തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ ദേദഗതിയും ആവശ്യപ്പെട്ടു. വന്യജീവി സങ്കേതങ്ങളിലെ മഞ്ഞക്കൊന്ന ഉൾപ്പെടെയുള്ള വൈദേശിക സസ്യങ്ങൾ നീക്കം ചെയ്യുന്നതിന് വാണിജ്യാടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പിലാക്കുകയും അതിൽ നിന്നും ലഭിക്കുന്ന വരുമാനം ആവാസ വ്യവസ്ഥ ശക്തപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ കേന്ദ്രാനുമതി തേടും.

പ്രശ്‌നമുണ്ടാക്കാൻ സാധ്യതയുള്ള ആനകളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പ്രത്യേക അന്തർ സംസ്ഥാന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. അതീവ പ്രശ്‌നക്കാരായ ആനകളെ പിടികൂടേണ്ടി വരുമ്പോൾ അവലംബിക്കുന്നതിനായി ഒരു സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോൾ തയ്യാറാക്കും.

വനപ്രദേശങ്ങൾ വനേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ നടപ്പിലാക്കുന്ന വൻകിട വികസന പദ്ധതികളുടെ ആകെ ചെലവിന്റെ അഞ്ച് ശതമാനമെങ്കിലും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി ഉപയോഗിക്കുവാൻ കേന്ദ്രത്തോട് അനുമതി തേടും. മൂന്ന് മാസത്തിലൊരിക്കൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരുടെയും ആറ് മാസത്തിലൊരിക്കൽ സംസ്ഥാന മേധാവികളുടെയും അന്തർ സംസ്ഥാന അവലോകന യോഗം ചേരുന്നതിനും യോഗത്തിൽ തീരുമാനിച്ചു.

ബാംഗ്ലൂരിൽ നടന്ന സമ്മേളനം കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, കർണ്ണാടക വനം മന്ത്രി ഈശ്വർ ഖൊൻഡ്രെ, തമിഴ്‌നാട് വനംമന്ത്രി ഡോ. മതിവേന്തൻ, തെലങ്കാന വനം മന്ത്രി കൊണ്ട സുരേഖ, ജാർഖണ്ഡ് വനം മന്ത്രി, കേരളത്തിലെ മുഖ്യവനം മേധാവി ഗംഗാസിംഗ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.