പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് തൃശൂർ മൃഗശാലയിൽ നിന്നും പക്ഷിമൃഗാദികളെത്തുന്നു
ഒക്ടോബർ മാസത്തോടെ മാറ്റിത്തുടങ്ങും
മൃഗങ്ങളെ മാറ്റുന്നതിനുള്ള കേന്ദ്ര അനുമതി ലഭ്യമായതിനെത്തുടർന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ഒക്ടോബർ മാസത്തോടെ തൃശ്ശൂർ മൃഗശാലയിൽ നിന്നും പക്ഷി മൃഗാദികളെ മാറ്റി തുടങ്ങും.
48 ഇനങ്ങളിലായി 117 പക്ഷികൾ, 279 സസ്തനികൾ, 43 ഉരഗ വർഗ്ഗജീവികൾ എന്നിങ്ങനെ 479 പക്ഷി മൃഗാദികളെയാണ് പുത്തൂരിലേക്ക് മാറ്റാനുള്ള കേന്ദ്ര അനുമതി ലഭിച്ചിരിക്കുന്നത്. ഒക്ടോബർ മാസത്തോടെ തൃശൂർ മൃഗശാലയിൽ നിന്നും ദേശീയ പക്ഷിയായ മയിലിനെ സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുവന്ന് ഈ പരിപാടിക്ക് തുടക്കം കുറിക്കുവാനാണ് ലക്ഷ്യമിടുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ തത്ത വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ, ജലപക്ഷികൾ എന്നിവയെയും മാറ്റും. ഇങ്ങനെ വിവിധ സ്പീഷിസുകളിൽ കുറച്ച് എണ്ണങ്ങളെ കൊണ്ടുവന്ന് നിരീക്ഷിച്ച ശേഷം ഒക്ടോബർ അവസാനത്തോടെ ബോണറ്റ് കുരങ്ങുകളിൽ ആദ്യ ബാച്ചും തിരുവനന്തപുരം നെയ്യാറിൽ നിന്നും ചീങ്കണ്ണികളെയും കൊണ്ടുവരും. നവംബർ ഒന്നു മുതൽ അംഗസംഖ്യ ഏറ്റവും കൂടുതലുള്ള മാനുകളെ മാറ്റുന്ന നടപടിയും തുടങ്ങും.
തിരുവനന്തപുരം മൃഗശാലയിൽ നിന്നും പുത്തൂരിലേക്ക് നൽകാമെന്ന് തീരുമാനിച്ചിട്ടുള്ള നാല് കാട്ടുപോത്തുകളെ മാറ്റുന്നതിനുള്ള അനുവാദം കൂടി കേന്ദ്ര മൃഗശാല അതോറിറ്റിയിൽ നിന്നും ലഭ്യമായാൽ ഇവയെയും നവംബർ പകുതിയോടെ പുത്തൂരിലേക്ക് മാറ്റാനാവുമെന്നാണ് കരുതുന്നത്.
കേന്ദ്ര മൃഗശാല അതോറിറ്റി നൽകിയിരിക്കുന്ന ആറുമാസം സമയത്തിന് മുൻപ് തന്നെ എല്ലാ മൃഗങ്ങളെയും മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ മറ്റു മൃഗശാലകളിൽ നിന്നും ലഭ്യമാകുന്ന മൃഗങ്ങളെ മാറ്റാനുള്ള നടപടികളും ഇതിനോടൊപ്പം മുന്നോട്ടു പോകുന്നുണ്ട്. വിദേശത്തുനിന്നും ജിറാഫ്, സീബ്ര, ആഫ്രിക്കൻ മാൻ, അനാക്കോണ്ട എന്നിവയെ കൊണ്ടുവരുന്നതിനുള്ള താൽപര്യപത്രം നേരത്തേ ക്ഷണിച്ചിരുന്നു. ഇതിന് നാല് സ്ഥാപനങ്ങൾ താൽപര്യം അറിയിച്ചിട്ടുണ്ട് തുടർനടപടികൾ നടന്നു വരികയാണ്.
മൂന്ന് ഘട്ടങ്ങളിലായി നിർമ്മാണം പൂർത്തിയാകുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് രണ്ടാം ഘട്ടം പൂർത്തിയായി മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.
ഫോറസ്റ്റ് വകുപ്പ് പിടികൂടി എവിടെയും തിരിച്ചു കൊണ്ടുപോയി വിടാൻ കഴിയാതെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന മൃഗങ്ങളെയും സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാനാണ് ഉദ്ദേശം. ഒപി, ഐപി സൗകര്യങ്ങളോടെ മുഴുവൻ സമയം പ്രവർത്തിക്കുന്ന മൃഗാശുപത്രി സമുച്ചയം സുവോളജിക്കൽ പാർക്കിലെ മറ്റൊരു ശ്രദ്ധേയമായ പദ്ധതിയാണ്.
പുത്തൂർ മുതൽ പയ്യപ്പിള്ളിമൂല വരെ നിർമ്മിക്കുന്ന ഡിസൈൻ റോഡിനായി 47.30 കോടി രൂപ ചെലവഴിച്ചാണ് സ്ഥലം ഏറ്റെടുക്കുന്നത്. അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ തുടർ നടപടികൾ പുരോഗമിക്കുകയാണ്. പൂത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള സഞ്ചാരം ഇതോടെ കൂടുതൽ സുഗമമാവും.