Pambavali, Angelvalli and Thattekad areas will be excluded from the sanctuary.

പമ്പാവാലി, ഏയ്ഞ്ചല്‍വാലി, തട്ടേക്കാട് പ്രദേശങ്ങളെ വന്യജീവി സങ്കേതത്തില്‍ നിന്ന് ഒഴിവാക്കും

സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് തത്വത്തില്‍ അംഗീകാരം

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന ജനവാസമേഖലകളായ പമ്പാവാലി, ഏയ്ഞ്ചല്‍വാലി പ്രദേശങ്ങളും തട്ടേക്കാട് പക്ഷിസങ്കേതത്തിനകത്ത് വരുന്ന ജനവാസമേഖലകളും സങ്കേതത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചു.

(09.10.2024) പരിഗണനയ്ക്ക് വന്ന ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘം സ്ഥലപരിശോധന നടത്തുന്നതാണ്. വസ്തുതകള്‍ പരിശോധിച്ച ശേഷം ആയത് കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ അടുത്ത വരുന്ന യോഗത്തില്‍ വീണ്ടും പരിഗണിക്കുന്നതാണ്. അതിന് ശേഷം ഫോറസ്റ്റ് ക്ലിയറന്‍സ് കൂടി ലഭ്യമാകേണ്ടതുണ്ട്.

വിഷയത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് കഴിഞ്ഞ അഞ്ചാം തീയതി സസ്ഥാന വന്യജീവി ബോര്‍ഡിന്റെ അടിയന്തര യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുകയും ഇവ പ്രത്യേക അജണ്ടകളായി പരിഗണിച്ച് കേന്ദ വന്യജീവി ബോര്‍ഡിന് വീണ്ടും ശുപാര്‍ശ സമര്‍പ്പിക്കുകയുമാണ് ഉണ്ടായത്. ഈ വിഷയം ചുരുങ്ങിയ സമരപരിധിക്കുള്ളില്‍ കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ യോഗത്തിനുള്ള അജണ്ടയില്‍ ഉള്‍പ്പെടുത്തുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഐ.എഫ്.എസിനെ സര്‍ക്കാര്‍ പ്രത്യേകം ചുമതലപ്പെടുത്തുകയും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ഇന്ന് (09.10.2024) ചേര്‍ന്ന കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തുകയുമാണുണ്ടായത്.

പ്രസ്തുത വന്യജീവി സങ്കേതങ്ങളുടെ പരിധിയില്‍ നിന്നും ജനവാസമേഖലകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള തുടര്‍നപടികള്‍ സ്വീകരിക്കുന്നതാണെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.