Pambavali, Angelvalli, Thattekad - Chief Wildlife Warden appointed as member of expert committee

പമ്പാവാലി , ഏയ്ഞ്ചല്‍വാലി , തട്ടേക്കാട് – വിദഗ്ധ സമിതി അംഗമായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ നിയമിച്ചു

പെരിയാര്‍ കടുവാസങ്കേത്തിനകത്തെ ജനവാസ മേഖലകളായ പമ്പാവാലി, ഏയ്ഞ്ചല്‍വാലി പ്രദേശങ്ങളിലെയും തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെയും ജനവാസ മേഖലകളെ സങ്കേതത്തില്‍ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശ പരിഗണിച്ച് സ്ഥല പരിശോധനയ്ക്കായി കേന്ദ്ര വന്യജീവി ബോര്‍ഡ് നിയോഗിച്ച വിദഗ്ധ സമിതിയിലേക്ക് സംസ്ഥാന വനം വകുപ്പിന്റെ പ്രതിനിധിയായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഐ.എഫ്.എസ്-നെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

2024 ഡിസംബര്‍ 19, 20, 21 തീയതികളിലാണ് വിദഗ്ധ സംഘം പ്രദേശങ്ങളില്‍ പരിശോധന നടത്തുക. ദേശീയ വന്യജീവി ബോര്‍ഡിന്റ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും പ്രശ്‌സത ശാസ്ത്രജ്ഞനുമായ ഡോ. സുകുമാര്‍, ദേശീയ വന്യജീവി വിഭാഗം ഇന്‍സ്പെക്ടര്‍ ജനറല്‍ എന്നിവരാണ് വിദഗ്ധ സമിതിയിലെ പ്രധാനപ്പെട്ട മറ്റ് അംഗങ്ങള്‍. കൂടാതെ ടൈഗര്‍ റിസര്‍വ്വ്, കേന്ദ്ര വന്യജീവി വകുപ്പ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരിക്കുന്നതാണ്.

05.10.2024-ല്‍ പ്രത്യേകം വിളിച്ചു ചേര്‍ത്ത സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗമാണ് ജനവാസ മേഖലകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര വന്യജീവി ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള തീരുമാനം കൈകൊണ്ടത്. ഈ വിഷയം കേന്ദ്ര വന്യജീവി ബോര്‍ഡ് അനുകൂലമായി പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി യോഗം വിദഗ്ധ സമിതിയെ നിയോഗിച്ചത്.