ചന്ദനത്തിന്റെ വെള്ള ഫയര്‍ ബ്രിക്കറ്റാക്കി വിറ്റഴിക്കുന്നതിനുള്ള നടപടികള്‍ക്ക് അംഗീകാരം നല്കി. ക്ലാസ് XV-ല്‍ ഉള്‍പ്പെട്ട സാപ് വുഡ് ചന്ദനത്തെ (ചന്ദന വെള്ള) വീണ്ടും ചെറുതാക്കി ഫയര്‍ ബ്രിക്കറ്റ് ആക്കി വിറ്റഴിക്കുവാനാണ് തീരുമാനം.
ചന്ദനവെള്ള ചിപ്സ് ബ്രിക്കറ്റ്സ് കൂടി ഉള്‍പ്പെടുത്തി കേരള ഫോറസ്റ്റ് കോഡില്‍ ഭേദഗതി വരുത്തും. ചന്ദനവെള്ള അതേപടി വിറ്റഴിക്കുന്നതിന് മറ്റിനങ്ങളെ അപേക്ഷിച്ച് വിപണി സാധ്യത കുറവാണ്. മറയൂര്‍ ചന്ദന ഡിപ്പോയില്‍ കെട്ടിക്കിടക്കുന്ന ചന്ദന വെള്ള ചിപ്സ് വിറ്റഴിക്കുന്നതിന് വിപണി സാധ്യത വര്‍ദ്ധിപ്പിക്കുവാനാണ് ഇത് മൂല്യവര്‍ദ്ധിത ഉല്പന്നമാക്കി മാറ്റുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ചന്ദനവെള്ള വിറ്റഴിച്ചില്ലെങ്കില്‍ അവ ചിതല് പിടിച്ചും കറുപ്പുനിറം ബാധിച്ചും നശിച്ചു പോകുന്നതാണ്. ഇപ്പോള്‍ ഏതാനും മരുന്ന് നിര്‍മ്മാണ കമ്പനികള്‍ മാത്രമാണ് ഇത് വാങ്ങുന്നത്.
ഇത്തരത്തില്‍ നശിച്ചുപോകാന്‍ ഇടയാകുന്ന സാധനം മൂല്യവര്‍ദ്ധനവ് വരുത്തി വില്പന നടത്തുന്ന പ്രവര്‍ത്തി വനാശ്രിത കൂട്ടായ്മയായ വന സംരക്ഷണ സമിതി, വന വികാസ ഏജന്‍സി എന്നിവയ്ക്ക് ഏറ്റെടുത്തു നടത്താവുന്നതും ഇതുവഴി വനാശ്രിത സമൂഹത്തിന് കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും ലഭിക്കുന്നതാണ്.
ചന്ദനവെള്ള ചിപ്സ് ബ്രിക്കറ്റ് ആക്കി വില്പന നടത്തുമ്പോള്‍ കിലോ ഗ്രാമിന് 500 മുതല്‍ 1000 രൂപ വരെ വില ലഭിക്കാന്‍ സാധ്യതയുള്ളതാണ്. ചന്ദനവെള്ള ഫയര്‍ ബ്രിക്കറ്റ് ആക്കി നല്കുമ്പോള് പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുമെന്നും മതപരമായ ചടങ്ങുകളില്‍ വരെ ഇത് ഉപയോഗിക്കാന്‍ സാധ്യമാകുമെന്നും വനം വകുപ്പ് കരുതുന്നു. ഉപയോഗ ശൂന്യമാകുന്ന ചന്ദനവെള്ള ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ ഗണ്യമായ റവന്യൂ വരുമാനം പ്രതീക്ഷിക്കുന്നു.