കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ വനം – വന്യജീവി വകുപ്പ് സമൂഹ്യ വനവത്കരണ വിഭാഗം നിര്‍മിച്ച ശലഭോദ്യാനവും നക്ഷത്ര വനവും ഉദ്ഘാടനം ചെയ്തു
ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും നഗര സൗന്ദര്യവത്കരണത്തിന്റെയും ഭാഗമായി പ്രകൃതിപഠനത്തിന് ഉതകുന്ന ശലഭോദ്യാനം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഒരുക്കുകയാണ്. ആദ്യഘട്ടത്തില്‍ മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജും ഗുരുവയൂരപ്പന്‍ കോളേജുമാണ് ഇടം നേടിയത്. രണ്ടാം ഘട്ടത്തില്‍ ഫാറൂഖ് കോളേജിലും ശലഭ്യോദ്യാനം നിര്‍മിക്കും.
പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. ശോഭീന്ദ്രന്റെ സ്മരണാര്‍ഥം നിര്‍മിച്ച ശലഭോദ്യാനത്തിന് ‘ശോഭീന്ദ്രം’ എന്നാണ് പേരിട്ടത്. കോളേജ് നേച്ചര്‍ ക്ലബിന്റെയും ഭൂമിത്രസേന ക്ലബിന്റെയും നേതൃത്വത്തില്‍ വനം വകുപ്പിന്റെ സഹകരണത്തോടെയാണ് ഇത് നിര്‍മിച്ചത്. ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ ഈസ അഹമ്മദ് അധ്യക്ഷത വഹിച്ചു.