കേന്ദ്ര – വന്യജീവി സംരക്ഷണ നിയമ ഭേദഗതി – വനം മന്ത്രി അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തി
1972-ലെ കേന്ദ്ര വന്യജീവി (സംരക്ഷണം) ആക്റ്റില്‍ സംസ്ഥാന ഭേദഗതി കൊണ്ടുവരുന്നത് സംബന്ധിച്ച വിഷയത്തില്‍ ഉണ്ടാകാവുന്ന നിയമ പ്രശ്നങ്ങള്‍ സംബന്ധിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണ കുറുപ്പുമായി ഇന്ന് (29.04.2025) എറണാകുളം ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തി. കേന്ദ്ര നിയമ പ്രകാരം വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ നിലവിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനാണ് കേന്ദ്ര നിയമത്തില്‍ ഭേദഗതി വേണമെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നത്.
1972-ലാണ് ഈ നിയമം പാര്‍ലമെന്റ് പാസ്സാക്കിയത്. ആ സമയത്ത് ”വനവും വന്യജീവിയും” എന്ന വിഷയം ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റില്‍ ആയിരുന്നു. ഈ വിഷയത്തില്‍ പാര്‍ലമെന്റിന് നിയമ നിര്‍മ്മാണം നടത്താന്‍ അന്ന് അധികാരം ഉണ്ടായിരുന്നില്ല. എന്നാല്‍, 11-ഓളം സംസ്ഥാനങ്ങള്‍ അവയുടെ നിയമനിര്‍മ്മാണ സഭകളില്‍ പ്രമേയം പാസ്സാക്കി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട പ്രകാരം ഭരണഘടനയുടെ 252-ാം അനുച്ഛേദപ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് പ്രസ്തുത നിയമം പാര്‍ലമെന്റ് പാസ്സാക്കിയത്. അങ്ങനെ പാര്‍ലമെന്റ് പാസ്സാക്കുന്ന ഒരു നിയമം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് മാത്രമാണ് അധികാരമെന്നും സംസ്ഥാന നിയമനിര്‍മ്മാണ സഭകള്‍ക്ക് ആയതിന് അധികാരമില്ല എന്നും ഈ അനുച്ഛേദത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പ്രസ്തുത കേന്ദ്ര നിയമം പാസാക്കിയതിന് ശേഷം നിലവില്‍ വന്ന ഭരണഘടനയുടെ 42-ാം ഭേദഗതി പ്രകാരം ‘വനങ്ങള്‍, വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം’ എന്ന വിഷയം 1977 മുതല്‍ ഭരണഘടനയുടെ സമവര്‍ത്തി ലിസ്റ്റില്‍ (കണ്‍കറന്റ് ലിസ്റ്റ്) ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ 252-ാം വകുപ്പ് പ്രകാരം സംസ്ഥാന നിയമനിര്‍മ്മാണ സഭകള്‍ക്ക് ഈ വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്താന്‍ അധികാരമില്ല എന്ന നിയമപ്രശ്നത്തിൽ, ഈ വിഷയം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം ഉണ്ടോ എന്നറിയാൻ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിനായി ഇന്ന് (29.04.2025) ചര്‍ച്ച നടത്തിയത്.
സംസ്ഥാനം ഉദ്ദേശിക്കുന്ന ഭേദഗതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രാഥമിക കരട് ബില്ലും മന്ത്രി അഡ്വക്കേറ്റ് ജനറലിന് സമര്‍പ്പിച്ചു. അതുപ്രകാരം വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ തടിച്ചുകൂടുന്ന പൊതുസ്ഥലങ്ങളില്‍ വന്യജീവികള്‍ പ്രവേശിക്കുകയോ അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ദേഹോപദ്രവം ഏല്‍പ്പിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ ജില്ലാ കളക്ടറുടെയോ വനം ചീഫ് കണ്‍സര്‍വേറ്ററുടെയോ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് എത്രയും വേഗം അങ്ങനെയുള്ള വന്യജീവിയെ കൊല്ലുന്നതിനോ മയക്കുവെടിവെച്ച് പിടിക്കുന്നതിനോ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്നതാണ് ഒരു ഭേദഗതി നിര്‍ദ്ദേശം. അതോടൊപ്പം ‘മനുഷ്യജീവന് അപകടകരമായ വന്യജീവി ‘ എന്ന് കേന്ദ്ര നിയമത്തില്‍ ഉപയോഗിച്ചിട്ടുള്ളത് വ്യക്തമല്ലാത്തതിനാല്‍ വനത്തിനും സംരക്ഷിത പ്രദേശങ്ങള്‍ക്കും പുറത്ത് വന്ന് ആരെയെങ്കിലും ആക്രമിക്കുന്ന വന്യജീവികളെയാണ് മനുഷ്യജീവന് അപകടകരമായ വന്യജീവി എന്ന് വ്യക്തമാക്കാനുള്ള വ്യവസ്ഥ ചേര്‍ക്കാനും നിര്‍ദ്ദേശിക്കുന്നുണ്ട്. പട്ടിക രണ്ടില്‍ പെട്ട വന്യജീവികളുടെ എണ്ണം, ജനനനിയന്ത്രണം, മറ്റ് സ്ഥലങ്ങളിലേക്ക് മൃഗങ്ങളെ കൊണ്ടുപോകല്‍ തുടങ്ങിയ വിവിധ ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കാനും കരട് ബില്ലില്‍ ഉദ്ദേശിക്കുന്നു.
കാട്ടുപന്നി, നാടന്‍ കുരങ്ങുകള്‍ തുടങ്ങി എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ള വന്യജീവികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ച സാഹചര്യത്തില്‍ സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കി അത്തരം ജീവികളെ ക്ഷ്രുദ്രജീവിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്നതിന് ചുമതലപ്പെടുത്തുന്നതിനും കരട് ബില്ലില്‍ വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്.
ചര്‍ച്ചയില്‍ പരിഗണിച്ച നിയമ പ്രശ്‌നങ്ങളിന്‍മേല്‍ ആവശ്യമായ നിയമോപദേശം അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. നിയമോപദേശം ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ആവശ്യമെങ്കില്‍ സമാന പ്രശ്‌നങ്ങള്‍ നേരിടുന്ന മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി കേന്ദ്ര നിയമം ഭേദഗതി ചെയ്യുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചര്‍ച്ചയില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണനും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.