സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ കോന്നി വനം ഡിവിഷനിലെ നോർത്ത് കുമരംപേരൂർ, കൊക്കാത്തോട് എന്നീ മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടങ്ങളുടെയും ഡോർമെട്രികളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു.
സംസ്ഥാനത്ത് വിവിധ മേഖലകളിൽ ജീവിക്കുന്ന സാധാരണക്കാരെ കേൾക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്ന പദ്ധതികൾ ഓരോ വകുപ്പ് മുഖേനയും ആവിഷ്കരിച്ച് നടപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ജനങ്ങളുടെ വിവിധ പരാതികൾ പരിഹരിക്കുന്നതിനായി താലൂക്ക് തല അദാലത്തുകൾ നടക്കുന്നു.
ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടും എന്നാൽ നിയമം ലംഘിക്കപ്പെടാതെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുമാണ് വനം വകുപ്പ് മുന്നോട്ടുപോകുന്നത്. ജനങ്ങളും വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സൗഹൃദ അന്തരീക്ഷം നിലനിർത്തണം. ഇതിനായുള്ള പ്രവർത്തനം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. എങ്കിൽ മാത്രമേ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് തൃപ്തികരമായ നടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂ. കോന്നിയിൽ ഇനി ഒരു ഫോറസ്റ്റ് സ്റ്റേഷൻ മാത്രമാണ് നവീകരിക്കാൻ ഉള്ളത്. ഇതിന്റെ നിർമാണ പ്രവർത്തനം ഒന്നരമാസത്തിനകം ആരംഭിക്കും.