Financial assistance for the Cavs announced

കാവുകൾക്കുള്ള ധനസഹായം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 68 കാവുകൾക്ക് സംരക്ഷണത്തിനായി ധനസഹായം പ്രഖ്യാപിച്ചു. ഓരോ ജില്ലയിലും ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ജൈവവൈവിദ്ധ്യ മൂല്യമുള്ള കാവുകളെ തെരഞ്ഞടുത്താണ് ധനസഹായം നൽകുന്നത്. തിരുവനന്തപുരം -7, കൊല്ലം- 7, ആലപ്പുഴ – 10, കോട്ടയം- 4, എറണാകുളം – 5, തൃശ്ശൂർ – 4, പാലക്കാട് – 2, മലപ്പുറം- 5, വയനാട് -3, കോഴിക്കോട് – 6, കണ്ണൂർ -7, കാസർഗോഡ് -8 എന്നിങ്ങനെ 68 കാവുകൾക്കാണ് ധനസഹായം പ്രഖ്യാപിച്ചത്.

സംസ്ഥാനതല വിദഗ്ദ്ധ സമിതിയുടെ തീരുമാനപ്രകാരം വനംവകുപ്പ് ആദ്യ ഗഡുവായി 25,000/ രൂപ അഥവാ അംഗീകൃത പദ്ധതിയുടെ 10% (ഇതിലേതാണോ കുറവ്) തുക ധനസഹായം നൽകുന്നതാണ്. 25,000/ രൂപയോ അതിൽ കുറവോ പദ്ധതി ചെലവിനായി വരുന്നവയ്ക്ക് മുഴുവൻ തുകയും മതിയായ വൗച്ചറുകൾ സമർപ്പിക്കുന്ന മുറയ്ക്ക് നൽകിവരുന്നുണ്ട്.

2024-25 വർഷത്തിൽ ഇടുക്കി ജില്ലയിൽ അപേക്ഷ ലഭ്യമാകാത്തതിനാൽ ധനസഹായം നൽകിയിട്ടില്ല. പത്തനംതിട്ട ജില്ലയിൽ പരിഗണനാർഹമായ അപേക്ഷകൾ ലഭ്യമാകാത്തതിനാൽ വീണ്ടും അപേക്ഷകൾ ക്ഷണിച്ച് അർഹമായ കാവുകൾ കണ്ടെത്തി ധനസഹായം നൽകാൻ തീരുമാനിച്ചിട്ടുള്ളതാണ്.