സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണം കണക്കാക്കാനുള്ള ഫീൽഡ്തല പരിശോധന 2023 മേയ് 17 മുതൽ 19 വരെ നടത്താനും വയനാട് പ്രദേശങ്ങളിലെ കടുവകളുടെ കണക്കെടുപ്പ് ഏപ്രിൽ ആദ്യവാരം നടത്താനും തീരുമാനിച്ചു. കാട്ടാനകളുടെയും കടുവകളുടെയും കണക്കെടുപ്പ് നടത്തുമെന്ന് നടപ്പ് നിയമസഭാ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിനെ തുടർന്നുള്ള തുടർനടപടികളാണ് ആരംഭിച്ചിട്ടുള്ളത്.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ മേൽനോട്ടത്തിലാണ് പരിശോധന നടക്കുക. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (ഭരണം) സംസ്ഥാന തലത്തിൽ നോഡൽ ഓഫീസറാകും. പെരിയാർ, പറമ്പിക്കുളം കടുവാ സങ്കേതങ്ങളിലെ ഫീൽഡ് ഡയറക്ടർമാരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
മൂന്ന് ദിവസത്തെ ഫീൽഡ് പരിശോധനയിൽ ഓരോ സാമ്പിൾ ബ്ലോക്കിനുള്ളിലെയും ആന പിണ്ഡങ്ങളുടെ എണ്ണവും മനുഷ്യ-വന്യജീവി ഇടപെടലുമായി ബന്ധപ്പെട്ട വിവരങ്ങളും ജലലഭ്യത, കൃഷി രീതി മുതലായവ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും. ആനകളുടെ ആവാസവ്യവസ്ഥയിലെ മാറ്റത്തെക്കുറിച്ചുള്ള വിവരശേഖരണവും ഈ കാലയളവിൽ നടത്തും.
ഫീൽഡ് തല പരിശോധനയ്ക്കായി ഉദ്യോഗസ്ഥർക്കും വാച്ചർമാർക്കും സന്നദ്ധപ്രവർത്തകർക്കുമുള്ള പരിശീലനങ്ങൾ 2023 ഏപ്രിൽ 17 മുതൽ ആരംഭിക്കും. ഇ.ഡി.സി, വി.എസ്.എസ് എന്നിവയിൽ നിന്നുമുള്ള സന്നദ്ധപ്രവർത്തകരെയും പരിശീലനത്തിൽ ഉൾപ്പെടുത്തും.
കണ്ണൂർ ഫോറസ്റ്റ് ഡിവിഷന്റെ ഒരു ഭാഗം, ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾ, വയനാട് നോർത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷനുകളുടെ ഭാഗങ്ങൾ, വയനാട് വന്യജീവി സങ്കേതം എന്നിവ ഉൾപ്പെടുന്ന വയനാട് ലാൻഡ്സ്കേപ്പിലാണ് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്.
ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ, ബയോളജിസ്റ്റുകൾ, വൈൽഡ് ലൈഫ് അസിസ്റ്റന്റുമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ (വൈൽഡ് ലൈഫ് എജ്യുക്കേഷൻ) എന്നിവർക്കായി ഏപ്രിൽ ആദ്യവാരം പെരിയാർ ടൈഗർ റിസർവിൽ പരിശീലനം നൽകും. വാളയാറിലെയും അരിപ്പയിലെയും സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനർമാർക്കും പരിശീലനം നൽകും.
കടുവകളുടെ എണ്ണം കൃത്യമായി കണക്കാക്കുന്നതിന് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പ്രകാരം ‘ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷന്റെ’ ഭാഗമായി 2018-ലും 2022-ലും ക്യാമറ ട്രാപ്പുകൾ വിന്യസിക്കാൻ ഉപയോഗിച്ച 312 സ്ഥലങ്ങളിൽ ക്യാമറ ട്രാപ്പുകൾ വിന്യസിക്കും.
ക്യാമറ കെണിയിൽ ഉൾപ്പെടുന്ന ഓരോ കടുവയ്ക്കും ഒരു പ്രത്യേക ഐഡി നൽകുകയും ക്യാമറ ട്രാപ്പ് വിന്യാസ കാലയളവിൽ (കേരള വനം വകുപ്പ് പരിപാലിക്കുന്ന ഡാറ്റാബേസിൽ ഉൾപ്പെടുത്തുന്നതിന്) ഉപയോഗിച്ച ഏറ്റവും കുറഞ്ഞ പ്രദേശം ഉപയോഗിച്ച് മാപ്പ് ചെയ്യുകയും ചെയ്യും.