ഇ.എസ്.എ , ഇ.എസ്.ഇസഡ് – മാധ്യമങ്ങളുടെ തെറ്റിദ്ധാരണ തിരുത്തണം
പരിസ്ഥിതി ലോല പ്രദേശങ്ങൾ (ESA), ഇക്കോ സെൻസിറ്റീവ് സോൺ (ESZ) എന്നിവ എന്താണെന്നും ഇവ തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കാതെയാണ് ചില മാധ്യമങ്ങൾ വാർത്ത നൽകുന്നത്.
വന്യജീവി സംരക്ഷണ നിയമം വ്യാഖ്യാനിച്ചുകൊണ്ട് വന്യജീവി സങ്കേതങ്ങൾക്കും നാഷണൽ പാർക്കുകൾക്കും ചുറ്റുപാടും 10 കി.മീ ചുറ്റളവിൽ ഇക്കോ സെൻസിറ്റീവ് സോൺ (ESZ) നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ബഹു.സുപ്രീംകോടതിയാണ് വിധിച്ചിട്ടുള്ളത്. ഇതാണ് ഇക്കോ സെൻസിറ്റീവ് സോൺ അഥവാ, ESZ. എന്നാൽ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരിസ്ഥിതി ആഘാതം കണക്കിലെടുത്ത് രേഖപ്പെടുത്തേണ്ട സ്ഥലങ്ങളാണ് ഇക്കോ സെൻസിറ്റീവ് ഏരിയ (ESA). മാധവ് ഗാഡ്ഗിൽ റിപ്പോർട്ട്, കസ്തൂരി രംഗൻ റിപ്പോർട്ട്, ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ട് എന്നിവ പ്രകാരം നിർദ്ദേശിക്കപ്പെട്ടു എന്ന് പറയുന്ന സ്ഥലങ്ങളാണ് ഇക്കോ സെൻസിറ്റീവ് ഏരിയ (ESA) അഥവാ പരിസ്ഥിതിലോല പ്രദേശം. ഈ പ്രദേശങ്ങൾ രേഖപ്പെടുത്തുന്നത് സംബന്ധിച്ച വിഷയമാണ് ചില മാധ്യമങ്ങൾ തെറ്റായി മനസ്സിലാക്കിയിട്ടുള്ളതും ഇത് വനം വകുപ്പ് വേണ്ട വിധം ചെയ്യുന്നില്ല എന്ന് പ്രചരിപ്പിക്കുന്നതും. ESZ തിട്ടപ്പെടുത്താൻ തയ്യാറാക്കിയ വിവരങ്ങളല്ല ESA തയ്യാറാക്കുന്നതിന് പരിഗണിക്കുന്നത്.
സംസ്ഥാനത്ത് വനം -വന്യജീവി വകുപ്പിന്റെ കീഴിൽ ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ചുറ്റുമുള്ള ഇക്കോ സെൻസിറ്റീവ് സോൺ (ESZ) മാത്രമാണ് വരുന്നത്. പരിസ്ഥിതിലോല പ്രദേശങ്ങൾ (ESA) നിശ്ചയിക്കുന്നത് സംസ്ഥാനത്തെ പരിസ്ഥിതി വകുപ്പാണ്, വനം വകുപ്പല്ല.
1972-ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണ് വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ബഫർസോൺ അഥവാ ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വന്ന കേസുകളിൽ ജനങ്ങളുടെ താൽപര്യം സംരക്ഷിച്ച് ജനവാസ മേഖലകൾ പരിപൂർണ്ണമായും ഒഴിവാക്കി നിശ്ചയിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് സമ്പാദിക്കാനും സംസ്ഥാന വനം വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ഈ ആവശ്യത്തിനായി നേരിട്ട് ഫീൽഡ് വെരിഫിക്കേഷൻ നടത്തിയാണ് വിവരങ്ങൾ ശേഖരിച്ച് ബഹു.സുപ്രീംകോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽപെടുത്തിയത്. ബഹു.സുപ്രീംകോടതി ഉത്തരവ് പ്രകാരം തയ്യാറാക്കിയ കരട് വിജ്ഞാപനങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. വന്യജീവി സങ്കേതത്തിനകത്ത് ഉൾപ്പെട്ട ജനവാസ മേഖലകൾ സങ്കേതത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കുന്നതിനുള്ള പമ്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളിലെ വിഷയവും തട്ടേക്കാട് പ്രദേശത്തെ വിഷയവും ജനങ്ങൾക്ക് അനുകൂലമായ നിർദ്ദേശങ്ങളും ഭൂപടങ്ങളും ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ആയത് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലുമാണ്.
നിലവിൽ മാധ്യമങ്ങൾ ഉന്നയിക്കുന്ന ആക്ഷേപം പരിസ്ഥിതി ലോല പ്രദേശങ്ങൾ (ESA) സംബന്ധിച്ചുള്ളതാണ്. ഇത് 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണ്. ഇത് സംസ്ഥാന പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്തു വരുന്നുണ്ട്. ജനവാസമേഖലകൾ ഒഴിവാക്കിയും കർഷകർ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളെ സംരക്ഷിക്കുന്ന വിധത്തിലും കേന്ദ്ര സർക്കാരിന് നിർദ്ദേശം സമർപ്പിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്.