Kotur Elephant Rehabilitation Center by rehabilitating elephants into forest-based habitats

ആനകളെ വനാധിഷ്ഠിത ആവാസവ്യവസ്ഥയിലേക്ക് പുനഃസ്ഥാപിച്ച് കോട്ടൂർ ആന പുനരധിവാസ കേന്ദ്രം

വന്യജീവി സംരക്ഷണത്തിന് പുതിയ മാതൃക സൃഷ്ടിച്ച് കേരളം. വനാധിഷ്ഠിത ആവാസ ആവാസവ്യവസ്ഥയിൽ ആനകളെ പാർപ്പിക്കുന്നതിനു തിരുവനന്തപുരം കോട്ടൂർ കാപ്പുകാട് വനത്തിലെ ആന പുനരധിവാസ കേന്ദ്രത്തിൽ കേരള വനം വന്യജീവി വകുപ്പ് ആവിഷ്കരിച്ച ബൃഹദ് നവീകരണ പദ്ധതിയായ കോട്ടൂർ ആന പുനരധിവാസ കേന്ദ്രം പ്രവർത്തന സജ്ജമായി.

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ധനസഹായത്തോടെ കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ സ്ഥാപിച്ച ആന പുനരധിവാസ കേന്ദ്രം വനാധിഷ്ഠിത ആവാസ ആവാസവ്യവസ്ഥയിൽ സ്ഥാപിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യ സംരംഭമാണ് . ആനകൾക്ക് പ്രകൃതിദത്തവും വനസമാനവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക, വന്യ ജീവികളുടെ ക്ഷേമം വർദ്ധിപ്പിച്ച് പുനരധിവാസം ആഗോള നിലവാരത്തിലേക്കുയർത്തുക, ടൂറിസം മേഖലയെ പരിപോഷിപ്പിച്ച് വനാശ്രിത സമൂഹത്തിന്റെ ഉന്നതിക്കായി പ്രവർത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കിയത് .

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ആന പുനരധിവാസ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വനാശ്രിത സമൂഹത്തിന്റെ സാമ്പത്തിക സാശ്രയത്വം, റെസ്പോൺസിബിൾ ടൂറിസം എന്നീ മേഖലകളെയും ഗണ്യമായി സ്വാധീനിക്കും. കിഫ്ബിയിൽ ഉൾപ്പെടുത്തി 108 കോടി രൂപ ചെലവിലാണ് 50 ആനകളെ പാർപ്പിക്കാനുള്ള സംവിധാനം ഒരുക്കിയത്. 176 ഹെക്ടർ വിസ്തൃതിയുള്ള ഈ കേന്ദ്രത്തിൽ 50 ആനകളെ വരെ പാർപ്പിക്കാൻ കഴിയും. രണ്ട് ഘട്ടങ്ങളിലായി സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത് .

പുനരധിവാസ കേന്ദ്രത്തിലെത്തിക്കുന്ന ആനകൾക്ക് കാട്ടിലുള്ളതുപോലെതന്നെ സ്വാഭാവിക ജീവിതം നൽകുകയാണ് പുതിയ കേന്ദ്രത്തിന്റെ ലക്ഷ്യം. ആന മ്യൂസിയം, സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ വെറ്ററിനറി ആശുപത്രി, പ്രകൃതി സ്‌നേഹികൾക്കും വിദ്യാർത്ഥികൾക്കുമായി പഠന ഗവേഷണ കേന്ദ്രം, പാപ്പാൻമാർക്കുള്ള പരിശീലന കേന്ദ്രം, എൻട്രൻസ് പ്‌ളാസ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, സന്ദർശകർക്കായി പാർക്കിംഗ് സൗകര്യം, കഫറ്റീരിയ, കോട്ടേജുകൾ, ടോയ്‌ലറ്റ് ബ്ലോക്ക്, ആനകളെ വീക്ഷിക്കാനുള്ള പ്രത്യേക സൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. നാട്ടാനകളുടേതടക്കം ജഡങ്ങൾ പോസ്റ്റ് മോർട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. ആനകൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കളയും അവയ്ക്ക് ഭക്ഷണം നൽകുന്നതിനുള്ള വിശാലമായ പ്രത്യേക ഇടവും പൊതുജനങ്ങൾക്ക് സുരക്ഷിതമായ അകലത്തിൽ ആനകളെ വീക്ഷിക്കുന്നതിനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട് .സമീപ വനമേഖലയിൽ താമസിക്കുന്ന ആദിവാസി വിഭാഗക്കാർക്ക് ഈ കേന്ദ്രത്തിലെ തൊഴിലവസരങ്ങളിൽ മുൻഗണന ഉണ്ടായിരിക്കും.

നെയ്യാർ ഡാം മേഖലയിലെ വനം വകുപ്പിന്റെയും, ജലവിഭവ വകുപ്പിന്റെയും ടൂറിസം പദ്ധതികളും ഇതിനോടൊപ്പം വികസിക്കും. പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടൂരിൽ നിന്നും ഈ കേന്ദ്രത്തിലേക്കുള്ള 1.7 കിലോമീറ്റർ പഞ്ചായത്തു റോഡ് ആധുനിക നിലവാരത്തിൽ പൂർത്തീകരിച്ചു. കോട്ടൂരിനെ കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്ന ഈ പദ്ധതി കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ വനാശ്രിത സമൂഹത്തിന്റെ തൊഴിൽ, സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കും. വന്യജീവി സംരക്ഷണത്തിനും സുസ്ഥിര ടൂറിസത്തിനുമുള്ള കേരളത്തിന്റെ പ്രതിബദ്ധത ഉയർത്തികാട്ടുന്ന ഈ സംരംഭം കോട്ടൂരിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി സ്ഥാപിക്കുകയും ഏഷ്യയിലുടനീളമുള്ള ആന പുനരധിവാസത്തിന് ഒരു മുൻനിര മാതൃകയായി നിലകൊള്ളുകയും ചെയ്യും.