Internet facility will be provided to the tribal community

ആദിവാസി കോളനികളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർക്ക് ഓൺലൈൻ സൗകര്യം ലഭ്യമല്ല എന്നത് സംബന്ധിച്ച മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനം വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളിൽ ഇത്തരം സേവനങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി ഉടനടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ അധികാരപരിധിയിൽ സുങ്കം, കുരിയാർകുറ്റി, കടവ്, അഞ്ചാം കോളനി, എർത്ത് ഡാം കോളനി, പൂപ്പാറ എന്നീ 6 ആദിവാസി ഊരുകളാണുള്ളത്. വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും അവരുടെ വിദ്യാഭ്യാസം, ഉദ്യോഗത്തിനുള്ള അപേക്ഷ തുടങ്ങിയ ആവശ്യങ്ങൾക്കായി ഇന്റർനെറ്റ് സൗകര്യത്തിന് വനം വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെയോ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെയോ കാര്യാലയങ്ങളെയാണ് ആശ്രയിച്ചുവരുന്നത്. അത്തരം സൗകര്യങ്ങൾ അവർക്ക് ലഭ്യമാക്കുന്നതാണ്.
വനം വകുപ്പിന്റെ ആനപ്പാടി, തൂണക്കടവ്, പറമ്പിക്കുളം എന്നിവിടങ്ങളിലുള്ള ഓഫീസുകളിൽ 03.06.2024 മുതൽ ആദിവാസി ഊരുകളിലുള്ള വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന വിവരം ഓരോ കോളനികളിലും പ്രവർത്തിച്ചുവരുന്ന ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റികൾ മുഖേന അറിയിപ്പ് നൽകുന്നതാണ്. ഈ സൗകര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരുകൊമ്പൻ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ ശ്രീ. എ.വിജിൻദേവിനെ (Mob, 9442201688) ചുമതലപ്പെടുത്തിയിട്ടുണ്ട്.