അച്ചന്‍കോവില്‍ വനം ഡിവിഷനിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതികളില്‍ ഉള്‍പ്പെടുത്തി അച്ചന്‍കോവില്‍ വനം ഡിവിഷനിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കല്ലാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ്, അച്ചന്‍കോവില്‍ ഹണി പ്രോസസിംഗ് യൂണിറ്റ്, വിദ്യാവനം, കുളത്തൂപ്പുഴ സര്‍ക്കാര്‍ എച്ച്.എസ്.എസ്ല് ഫോറസ്ട്രി ക്ലബ്, അച്ചന്‍കോവില്‍ ഹണി ബ്രാന്‍ഡ് ലോഞ്ചിംഗ് എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്.
ഉദ്യോഗസ്ഥര്‍ക്ക് മികച്ച ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് കല്ലാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസ് തുടങ്ങിയത്. ആദിവാസികളുടെ ഉന്നമനത്തിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിനുമായി 13 ലക്ഷം രൂപ ചെലവിലാണ് വനഉല്പ്പന്ന ശേഖരണ സംസ്കരണ യൂണിറ്റ് ആരംഭിച്ചത്. 2000 കിലോ തേന്‍ ശേഖരണ യൂണിറ്റാണിത്. ഇവിടെ സജ്ജമാക്കുന്ന തേന്‍ 15 വര്‍ഷത്തോളം കേടുകൂടാതെ സൂക്ഷിക്കാം. ‘അച്ചന്‍കോവില്‍ ഹണി’ ബ്രാന്‍ഡിന്റെ ലോഗോ പ്രകാശനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു.
വന്യമൃഗങ്ങളുടെ ആക്രമണം മൂലം പരിക്കേറ്റവര്‍ക്ക് സഹായധനം നല്‍കുന്നതിനായി രണ്ട് ഘട്ടങ്ങളിലായി 10 കോടി രൂപയാണ് വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷാരംഭത്തില്‍ ധനസഹായ വിതരണത്തിനുള്ള നടപടികള്‍ തുടങ്ങും.
2020-21, 2021-22 വര്‍ഷങ്ങളിലെ വനമിത്ര അവാര്‍ഡ് വിതരണം നടത്തി. വി.എസ്.എസ് അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് സൗജന്യമായി വിവിധ സാമഗ്രികള്‍ വിതരണം ചെയ്തു. വനസംരക്ഷണ സമിതി അംഗങ്ങള്‍ക്ക് എല്‍.പി.ജി കണക്ഷന്, ഗ്യാസ് സ്റ്റൗ വിതരണം, അച്ചന്‍കോവില്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം തുടങ്ങിയവയും നിര്‍വഹിച്ചു. പി.എസ് സുപാല്‍ എം.എല്‍.എ അധ്യക്ഷനായി. എന്‍ കെ പ്രേമചന്ദ്രന് എം.പി മുഖ്യപ്രഭാഷണം നടത്തി.