500 Beit Forest Officers selected as Forest Guards through Special Recruitment

വനാശ്രിത പട്ടിക വർഗ്ഗ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയെന്ന സർക്കാർ നയംപിന്തുടർന്ന് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി വന സംരക്ഷണ ജീവനക്കാരായി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ തിരഞ്ഞെടുത്തു. പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ തനതു സംസ്‌ക്കാര രീതികൾ സംരക്ഷിച്ചും അവരുടെ പരമ്പരാഗത അറിവും കർമ്മ ശേഷിയും ഉപയോഗപ്പെടുത്തി വനത്തെ സംരക്ഷിക്കുന്നതിനുമായാണ് സർക്കാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി കാടിനെ അറിയുന്നവരെത്തന്നെ നിയോഗിക്കുന്നത്. ഇത് അവരുടെ ഭൗതിക സാഹചര്യങ്ങൾ പരിഷ്‌ക്കരിക്കുകയും സാമൂഹ്യ നീതി ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടുള്ള നടപടികൾക്ക് ആക്കം കൂട്ടും. കാട്ടുതീ പ്രതിരോധം, ഇക്കോ ടൂറിസം, ചെറുകിട വന വിഭവ ശേഖരണം, ഔഷധ സസ്യകൃഷി മുതലായ രംഗങ്ങളിൽ വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തവും സേവനവും സംസ്ഥാനത്തിന് മുതൽക്കൂട്ടാണ്. പങ്കാളിത്ത വന പരിപാലന പദ്ധതിയുടെ ഗുണഭോക്താക്കൾ വനാശ്രിത പട്ടികവർഗ വിഭാഗമാണ്. ഇവരുടെ കർമ്മ ശേഷി ഉപയോഗപ്പെടുത്തുന്നതിനൊപ്പം അവർക്ക് ഇത്തരം പ്രവർത്തനങ്ങളിലൂടെ ജീവനോപാധി ഉറപ്പാക്കാൻ ഉപകരിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്.
കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നിവയുടെ കെടുതികൾ കേരളവും നേരിടുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ വന വിസ്തൃതി ഉയർന്നു നിൽക്കുന്നത് ഗുണകരമാണ്. അത് കാർബൺ ആഗിരണം വർധിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി മലിനീകരണം തടയുന്നതിനും സഹായകരമാണ്. അവേശേഷിക്കുന്ന വനങ്ങൾക്ക് പങ്കാളിത്ത വന പരിപാലന പ്രവർത്തനങ്ങൾ വഴി സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കാലാവസ്ഥാ കെടുതികളെ ഫലപ്രദമായി നേരിടുന്നതിനും അതിജീവിക്കുന്നതിനും കരുതലോടെയുള്ള നടപടികളുമായി കേരളം മുന്നോട്ടു പോവുകയാണ്. 2021-ൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വന പുനസ്ഥാപന നയം ഇതിന്റെ ഭാഗമായിട്ടാണ്.

വനസംരക്ഷണം കേവലം സർക്കാർ പരിപാടിയെന്നതിലുപരി സമൂഹത്തിന്റെയാകെ പങ്കാളിത്തമുറപ്പാക്കിയുള്ള പ്രവർത്തനമാകണം. വനം ഉദ്യോഗസ്ഥരും പ്രാദേശിക സമൂഹവും വനാശ്രിത സമൂഹവും ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികളും പരസ്പ്പര സൗഹൃദം വളർത്തിയെടുത്തുകൊണ്ട് നടപ്പാക്കേണ്ടതാണ് വന പരിപാലന പദ്ധതി. സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി വന സംരക്ഷണ ജീവനക്കാരായി (ബീറ്റ് ഫോറസ്റ്റ് ഓഫീസർ)നിയമിക്കപ്പെടുന്നവ‍‍ർക്കു നിയമന ഉത്തരവ് കൈമാറി.

പുതിയ കാലത്തിനൊപ്പം എത്തിപ്പെടാൻ കഴിയാതെ നിസഹായരായി നിൽക്കുന്ന വനാശ്രിത ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക വഴി അവർക്ക് സാമ്പത്തിക ഭദ്രതയും തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്.

ആനുകൂല്യങ്ങൾക്കപ്പുറം അടിസ്ഥാന സൗകര്യ വികസനവും അറിവും തൊഴിലുമാണ് ആദിവാസി കുടുംബങ്ങൾക്ക് ആവശ്യം. പ്രദേശത്തിന്റെയും ആദിവാസി സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ഉന്നമനത്തിനായി പുതുതായി സർവ്വീസിലെത്തുന്നവർ പ്രവർത്തിക്കണം.