Tree abundance for community afforestation

സാമൂഹിക വനവൽക്കരണത്തിന് വൃക്ഷസമൃദ്ധി

*43 ലക്ഷം തൈകൾ നടും

*758 സ്ഥലങ്ങളിൽ നഴ്സറി

കേരളത്തിന്റെ ഹരിതാവരണം വർധിപ്പിക്കുക, അന്തരീക്ഷ താപം കുറയ്ക്കുന്നതിനുള്ള കാർബൺ ന്യൂട്രൽ കേരളം എന്നീ ലക്ഷ്യങ്ങളോടെ നല്ലയിനം തൈകൾ ഉൽപ്പാദിപ്പിച്ച് വനേതര പ്രദേശങ്ങളിൽ വച്ചു പിടിപ്പിക്കുന്നതിനും അവയുടെ പരിപാലന പ്രവർത്തനങ്ങൾക്കുമായി വനം വകുപ്പും തദ്ദേശസ്വയം ഭരണ വകുപ്പും സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘വൃക്ഷസമൃദ്ധി’.

കേരളത്തിന്റെ പച്ചപ്പ് വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി വനേതര പ്രദേശങ്ങളിലും പൊതു/സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രദേശങ്ങളിലുമാണ് നടപ്പാക്കുന്നത്. സ്‌കൂളുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ-സർക്കാരിതര സംഘടനകൾ, കർഷകർ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് വൃക്ഷസമൃദ്ധി പദ്ധതിവഴി വിഭാവനം ചെയ്യുന്നത്.

നേരത്തെ കരാർ അടിസ്ഥാനത്തിൽ നൽകിയിരുന്ന പ്രവൃത്തി, തൊഴിലുറപ്പ് പദ്ധതി വഴി നടപ്പാക്കുന്നതോടെ ഗ്രാമീണ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിയ്ക്കും. പദ്ധതിയുടെ ഭാഗമായി നഴ്‌സറി സ്ഥാപിക്കാൻ സാങ്കേതിക സഹായവും നഴ്‌സറിയ്ക്കാവശ്യമായ വിത്തും വനം വകുപ്പ് നൽകും. 14 ജില്ലകളിലായി 758 സ്ഥലങ്ങളിൽ നഴ്‌സറി സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 43 ലക്ഷം തൈകൾ നടാനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതിൽ ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിക്കാൻ പ്രാധാന്യം നൽകും. നടപ്പ് വർഷത്തിൽ പദ്ധതിക്കായി വനം വകുപ്പിൽ നിന്നും 45 ലക്ഷം രൂപ വിനിയോഗിക്കും. വനം വകുപ്പിന്റെ സാമൂഹിക വനവത്ക്കരണ പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിലെ ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും ആവശ്യമായ സാങ്കേതിക സഹായങ്ങളും പരിശീലനവും നൽകും.

തണലായും ഉൽപന്നമായും മരങ്ങളെ ആശ്രയിക്കുന്ന കേരളത്തിൽ കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. വൃക്ഷസമൃദ്ധി പദ്ധതിയിലൂടെ കേരളത്തിന്റെ ഹരിതാഭ കൂട്ടുന്നത് പ്രകൃതിസംരക്ഷണത്തിനൊപ്പം വിനോദ സഞ്ചാര സാധ്യതകളും വർദ്ധിപ്പിക്കും.