ശബരിമല മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിനായി വനം വകുപ്പിന്റെ ക്രമീകരണങ്ങൾ സുസജ്ജമായി
ശബരിമല മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിനായി വനം വകുപ്പിന്റെ ക്രമീകരണങ്ങൾ സുസജ്ജമായി. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഇന്ന് പമ്പ ശ്രീരാമസകേതം ഹാളിൽ അവലോകന യോഗം ചേർന്നു.
വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനായി വനം വകുപ്പിന്റെ സംസ്ഥാനതല കോർഡിനേറ്ററായി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ഫീൽഡ് ഡയറക്ടർ പ്രോജക്ട് ടൈഗർ കോട്ടയത്തിനെ നിയമിച്ചു. കൂടാതെ ഒരു അസ്സിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ പമ്പയിലും സന്നിധാനത്തും ഓരോ കൺട്രോൾ റൂമുകൾ 15-11-2024 മുതൽ പ്രവർത്തിക്കും.
ഭക്തജനങ്ങക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനായി സത്രം, അഴുതക്കടവ്, മുക്കുഴി, പ്ലാപ്പള്ളി എന്നീ സ്ഥലങ്ങളിൽ ഇൻഫർമേഷൻ സെന്ററുകൾ സ്ഥാപിക്കും. വന്യജീവികളുടെ ശല്യം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമായി 48 അംഗ എലിഫന്റ് സ്‌ക്വാഡ്, 5 അംഗ സ്‌നേക്ക് റെസ്‌ക്യൂടീം എന്നിവ തീർത്ഥാടന കാലയളവിൽ 24 മണിക്കൂറും ളാഹ, പ്ലാപ്പള്ളി, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രവർത്തന സജ്ജമായിരിക്കും.
തീർത്ഥാടകർക്ക് സേവനം നൽകുന്നതിനായി 1500-ൽപരം അംഗങ്ങളെ ഉൾപ്പെടുത്തി 135-ലധികം സേവനകേന്ദ്രങ്ങൾ ആരംഭിക്കും. എല്ലാ താവളങ്ങളിലും ഔഷധകുടിവെള്ളം വിതരണം ചെയ്യും. സന്നിധാനത്തുനിന്നും പമ്പയിൽ നിന്നും 90 കാട്ടുപന്നികളെ സുരക്ഷിതമായി ഉൾക്കാട്ടിലേക്ക് മറ്റിയിട്ടുണ്ട്. തീർത്ഥാടന പാതകളിൽ അപകടകരമായി നിന്നിരുന്ന മരങ്ങൾ മുറിച്ചുമാറ്റി സുരക്ഷിത യാത്ര ഉറപ്പാക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പുമായി ചേർന്ന് കരിമല, മഞ്ഞപ്പൊടിത്തട്ട്, കരിക്കിലാംതോട്, പുല്ലുമേട്, ചരൽമേട്, അപ്പാച്ചിമേട്, പതിമൂന്നാം വളവ് എന്നിവിടങ്ങളിൽ വൈദ്യസഹായ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കും. ശബരിമലയിൽ വനംവകുപ്പിന്റെ ഓഫ് റോഡ് ആംബുലൻസ് വർഷം മുഴുവൻ പ്രവർത്തിച്ചുവരുന്നുണ്ട്.
അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ പുല്ലുമേട്, പ്ലാപ്പള്ളി, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആർ.ആർ.ടി ടീമുകൾ ഉണ്ടാകും. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള തീർത്ഥാടന പാതകളിലും പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കും. മനുഷ്യ വന്യമൃഗ സംഘർഷം ഒഴിവാക്കുന്നതിനും മാലിന്യം നീക്കുന്നതിനുമായി 100 അംഗ ഇക്കോഗാർഡുകളെ തീർത്ഥാടന പാതകളിൽ വിന്യസിക്കും.
വനം വകുപ്പ് ശബരിമല തീർത്ഥാടകർക്കായി തയ്യാറാക്കിയ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യാവുന്ന ‘അയ്യൻ’ മൊബൈൽ ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. തിരുവാഭരണ പാത തെളിയിക്കുന്ന ജോലികളും തടയണകൾ നിർമ്മിക്കുന്ന ജോലികളും സമയ ബന്ധിതമായി പൂർത്തിയാക്കും. കാനനപാതകളിലെ വന്യമൃഗ സാന്നിദ്ധ്യം മനസ്സിലാക്കുന്നതിന് എ.ഐ ക്യാമറകളും റിയൽ ടൈം മോണിറ്ററിംഗ് ക്യാമറകളും സ്ഥാപിക്കും