Will approach the Supreme Court *To avoid conflict between humans and animals Action based on study report

സുപ്രീം കോടതിയെ സമീപിക്കും

*മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ

പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി

വയനാട്ടിൽ കടുവ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ വന്യമൃഗങ്ങളുടെ ജനന നിയന്ത്രണ നടപടികൾ തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഒഴിവാക്കാൻ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കും. വെള്ളിയാഴ്ച ചേർന്ന ഉന്നതതല വകുപ്പ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

കള്ളിംഗ് ഉൾപ്പെടെ വന്യമൃഗങ്ങളുടെ ജനന നിയന്ത്രണ നടപടികൾ 2013 ലാണ് ഒരു കേസിൽ സുപ്രീം കോടതി തടഞ്ഞത്. കേരളമടക്കം 13 സംസ്ഥാനങ്ങൾ ഈ കേസിൽ കക്ഷികളാണ്. എന്നാൽ കേസ് സംബന്ധിച്ച നടപടികൾ നിലവിൽ മരവിച്ചിരിക്കുകയാണ്. സുപ്രീം കോടതിയിലെ സ്റ്റേ ഒഴിവാക്കിയെങ്കിൽ മാത്രമേ വന്യമൃഗങ്ങളുടെ ജനന നിയന്ത്രണത്തിനുള്ള ശാസ്ത്രീയ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് സാധിക്കൂ. വനത്തിന്റെ കാരിയിംഗ് കപ്പാസിറ്റി, വനത്തിനുള്ളിൽ മൃഗങ്ങൾക്ക് വേണ്ടത്ര ഭക്ഷണവും വെള്ളവും ലഭ്യമാണോ എന്നിവയെക്കുറിച്ചൊക്കെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ ശാശ്വതമായ ശാസ്ത്രീയ നടപടികൾ സ്വീകരിക്കും. ഈ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൃഗങ്ങളെ മാറ്റി പാർപ്പിക്കുന്നതിനും മറ്റുമുള്ള നടപടികൾ സ്വീകരിക്കാൻ സാധിക്കും. സുപ്രീം കോടതിയിൽ സ്റ്റേ നീക്കുന്നതിന് സമാന്തരമായി ഇത്തരം ശാസ്ത്രീയ സമീപനങ്ങളുമായി മുന്നോട്ടുപോയി മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
വനത്തിന് ഉൾക്കൊള്ളാനാവുന്നതിലും കൂടുതൽ എണ്ണം മൃഗങ്ങളുണ്ട്. വനാതിർത്തിക്കുള്ളിൽ വനേതര ഭാഗങ്ങളുടെ വിസ്തൃതി വർധിച്ചതിനാൽ ഭക്ഷണത്തിനായി മൃഗങ്ങൾ നാട്ടിലേക്ക് വരുന്നു എന്നുള്ള വാദങ്ങളും ഉണ്ട്.
കാട്ടിലുള്ള മൃഗങ്ങളുടെ ഭക്ഷണക്രമം ഇല്ലാതാക്കുന്ന മഞ്ഞക്കൊന്ന (Senna) മരം നിർമാർജനം ചെയ്യാൻ വിദഗ്ധ ഉപദേശം അനുസരിച്ച് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മഞ്ഞക്കൊന്ന പുൽമേടുകൾക്ക് വിനാശകരമാണ്. ഇത് കാരണം വന്യമൃഗങ്ങൾ ഭക്ഷണ പ്രശ്നം നേരിടുന്നുണ്ട്. മഞ്ഞക്കൊന്ന മുറിക്കാനുള്ള ടെൻഡർ നടപടികൾ ഉടൻ സ്വീകരിക്കും.

വയനാട് വാച്ചർ മുതൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വരെയുള്ള ഉദ്യോഗസ്ഥരുടെ വലിയ സംഘം ഡി.ഐ.ജിയുടെ നേതൃത്വത്തിൽ കടുവയെ പിടിക്കാനായി തിരച്ചിൽ നടത്തുന്നു. മയക്കുവെടിവെച്ചോ കൂട്ടിൽ കെണിയൊരുക്കിയോ പിടികൂടുകയാണ് ലക്ഷ്യം. കടുവയെ വെടിവെച്ചു കൊല്ലുന്നതിന് ഒട്ടേറെ നിയമതടസങ്ങൾ ഉണ്ട്. കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് സഹായധനം ഉൾപ്പെടെയുള്ള നടപടികൾ ഉടൻ ലഭ്യമാക്കും.
രൂക്ഷമായ കുരങ്ങ് ശല്യത്തിന് പരിഹാരം കാണാൻ വയനാട്ടിലെ വെറ്ററിനറി ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തും. അടിയന്തരമായി രണ്ടോ മൂന്നോ ഡോക്ടർമാരുടെ സേവനം കൂടി ആശുപത്രിയിൽ ഉടൻ ലഭ്യമാക്കും. വന്യമൃഗങ്ങൾ തുടർച്ചയായി വനാതിർത്തിയിൽ താമസിക്കുന്ന കർഷകരെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
കടുവയെ തേടുന്ന സ്ഥലത്ത് ഒട്ടേറെ ജനങ്ങൾ കൂട്ടമായി എത്തിയാൽ പിടികൂടുക സാധ്യമല്ല. ഇത് തിരിച്ചറിഞ്ഞ് ആളുകൾ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കണം. വർധിച്ച വന്യമൃഗശല്യം നേരിടാൻ കൂടുതൽ അടിസ്ഥാനസൗകര്യങ്ങളും ഉപകരണങ്ങളും വകുപ്പിന് ലഭ്യമാക്കും. നിരീക്ഷണ ക്യാമറകളുടെ എണ്ണം വർധിപ്പിക്കുക, ദ്രുതകർമ സേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിയും വനവും വന്യജീവികളെയും സംരക്ഷിക്കുക എന്നതിനൊപ്പം പൗരന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ഇതു രണ്ടും ഏകോപിപ്പിച്ചു കൊണ്ട്, സംഘർഷം ഒഴിവാക്കാനുള്ള നടപടികൾക്കാണ് സർക്കാർ ശ്രമിക്കുന്നത്.

ആദിവാസി വിഭാഗത്തിൽ നിന്ന് മാത്രമായി 500 പേരെ വകുപ്പിലേക്ക് നിയമിക്കുന്ന പ്രവൃത്തി പൂർത്തിയായതായും അവരെ ഉടൻ തന്നെ ജില്ലാതലത്തിൽ വിന്യസിക്കും. ജീവനക്കാരുടെ എണ്ണം കൂടുമ്പോൾ അവശ്യഘട്ടങ്ങളിലേക്ക് താത്ക്കാലിക ദ്രുതകർമ്മ ടീം രൂപീകരിക്കാനാകും. കടുവ പ്രശ്നത്തിൽ സർക്കാർ ഏറെ ഫലപ്രദമായാണ് പ്രവർത്തിക്കുന്നതെന്നും വിഷയം കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ട്.