Compensation arrears will be paid immediately to those killed or injured in the wildlife attack

വന്യജീവി ആക്രമണത്തില്‍ മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തവര്‍ക്ക് നഷ്ട പരിഹാര കുടിശ്ശിക ഉടനടി നല്‍കും

വന്യജീവി ആക്രമണത്തില്‍ മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തവര്‍ക്ക് നല്‍കാനുള്ള നഷ്ട പരിഹാര കുടിശ്ശിക മുഴുവന്‍ ഉടനടി നല്‍കും. പാലക്കാട് വനം സര്‍ക്കിളിന്റെ കീഴില്‍ നിലവിലുള്ള നഷ്ട പരിഹാര കുടിശ്ശിക നല്‍കുന്നതിന് ഒരു 1.7 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പാലക്കാട്, നെന്മാറ, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ ഘട്ടം ഘട്ടമായി തുക നല്‍കുമെന്നും വാളയാര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വ്യക്തമാക്കി. ധോണി ഇക്കോ ടൂറിസം സെന്ററിന് കാട്ടു തീ പ്രതിരോധത്തിന് ലഭിച്ച വാഹനവും ചടങ്ങില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

കാട്ടു തീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ തീയണക്കാനുള്ള സൗകര്യം വനംവകുപ്പിന് സ്വന്തമായി ഉണ്ടാകണം. എല്ലാ റേഞ്ച് ഓഫീസുകളിലും ഫോറസ്റ്റ് സ്റ്റേഷനുകളിലും ഇതിനുള്ള സൗകര്യം സൃഷ്ടിക്കും. ഇത്തരത്തില്‍ കേരളത്തില്‍ ആദ്യത്തെ സംരഭമായാണ് മലമ്പുഴയില്‍ ഫയര്‍ ട്രാക്ടര്‍ അനുവദിച്ചത്.
പൊതു സമൂഹവുമായി കൂടുതല്‍ ഇടപെടുന്ന സംവിധാനമായി വനംവകുപ്പ് പ്രവര്‍ത്തനങ്ങള്‍ പുനരാവിഷ്‌കരിക്കും. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും കൂടി ഉള്‍പ്പെട്ട പ്രവര്‍ത്തന സംവിധാനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വനത്തിന്റെയും വന്യജീവികളുടെയും മാത്രമല്ല വനാശ്രിത സമൂഹത്തിന്റെ കൂടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ആര്‍ജ്ജവത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം.

വനം വകുപ്പ് ജീവനക്കാര്‍ക്ക് കര്‍തവ്യ നിര്‍വഹണത്തിന് കൂടുതല്‍ ഭൗതിക സൗകര്യം ഉറപ്പു വരുത്തും. വനത്തിനുള്ളില്‍ സ്വയരക്ഷ ഉറപ്പാക്കാനുള്ള സൗകര്യം, വന്യജീവി ആക്രമണം സമയബന്ധിതമായി തടയുക, മനുഷ്യര്‍ക്കും വന്യജീവികള്‍ക്കും സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവയ്ക്കും ആവശ്യകരമായ സൗകര്യങ്ങള്‍ ഉറപ്പാക്കും. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അഞ്ജനാ ദേവിയുടെ ആശ്രിതര്‍ക്ക് നല്‍കാനുള്ള 10 ലക്ഷം രൂപയുടെ രണ്ടാം ഗഡു വിതരണം ചെയ്തു. കാട്ടാനകളെ തുരത്തിയോടിക്കുന്നതിനിടയില്‍ പടക്കം പൊട്ടി പരുക്കേറ്റ ഫോറസ്റ്റ് വാച്ചര്‍ ആറുച്ചാമിയ്ക്ക് വാളയാര്‍ റേഞ്ച് ഓഫീസ് ജീവനക്കാര്‍ സമാഹരിച്ച ധനസഹായം എ പ്രഭാകരന്‍ എം.എല്‍.എ ചടങ്ങില്‍ വിതരണം ചെയ്തു.