Wildlife attack: Fencing will be installed at a cost of 10.25 crores

4 ഡിവിഷനുകളിലായി 10.52 ലക്ഷം രൂപ ധനസഹായം വിതരണം ചെയ്തു

വന്യജീവി ആക്രമണം നേരിടാൻ ചാലക്കുടി, വാഴച്ചാൽ മേഖലകളിൽ 10.25 കോടി രൂപ ചിലവില്‍ ഫെൻസിംഗ് സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട് നബാർഡുമായി ധാരണയിലായിട്ടുണ്ട്. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെന്‍ട്രല്‍ സര്‍ക്കിള്‍ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ചാലക്കുടിയിൽ വന്യജീവി ആക്രമണം സംബന്ധിച്ച് വിദഗ്ധ പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഈ പ്രോജക്ടിന്റെ ഭാഗമായി 90 കിലോമീറ്റർ ചുറ്റളവിൽ വന്യജീവി ആക്രമണം തടയാൻ ഫെൻസിംഗ് സ്ഥാപിക്കും. അതാത് മേഖലയ്ക്ക് അനുയോജ്യമായ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കാനാണ് തീരുമാനം.

ടൂറിസത്തിന് കൂടുതൽ സാധ്യതയുള്ള പ്രദേശമാണ് ചാലക്കുടിയും വാഴച്ചാലും. വനസംരക്ഷണത്തിനൊപ്പം ടൂറിസ സാധ്യതയും വികസിപ്പിക്കും. ഫോറസ്റ്റ് വകുപ്പിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനും സൌകര്യ വികസനത്തിനുമായി കഴിഞ്ഞ ആറു മാസത്തിനിടയിൽ സംസ്ഥാനത്ത് 23 ഫോറസ്റ്റ് സ്റ്റേഷനുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുകയും ഈ സാമ്പത്തിക വർഷം 50 പുതിയ വാഹനങ്ങള്‍ വാങ്ങി വകുപ്പിന് നൽകുകയും ചെയ്തു. 50 വാഹനങ്ങൾ കൂടി വകുപ്പിന് നൽകും. വകുപ്പിന് ജനകീയമുഖം നൽകാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. പരാതികൾ ഉണ്ടാകുമ്പോൾ 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കും. ഫോറസ്റ്റ് വാച്ചർമാർക്ക് ഓണത്തിന് മുൻപ് ശമ്പളം നൽകുന്നതിനുള്ള നടപടിയും പൂര്‍ത്തിയായി.

അദാലത്തിന്റെ ഭാഗമായി 76 ഫയൽ തീർപ്പാക്കി. തൃശൂർ, എറണാകുളം സർക്കിൾ ഓഫീസുകളിലെ നാല് ഡിവിഷനുകളിലെ 21 പേർക്ക് 10.52 ലക്ഷം രൂപ ധനസഹായം നൽകി. തൃശൂർ, ചാലക്കുടി, വാഴച്ചാൽ, മലയാറ്റൂർ ഡിവിഷനുകളിലെ ഗുണഭോക്താക്കൾക്കാണ് ധനസഹായം വിതരണം ചെയ്തത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ 57763 ഫയലുകൾ തീർപ്പാക്കി.

വനം വകുപ്പിന്റെ വാഴച്ചാല്‍ ഡിവിഷനിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന് (ആര്‍ആര്‍ടി) അനുവദിച്ച പുതിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം മന്ത്രി നിര്‍വ്വഹിച്ചു. വാഹനത്തിന്റെ താക്കോല്‍ ഡിഎഫ്ഒ ആര്‍ ലക്ഷ്മിക്ക് കൈമാറി. ചാലക്കുടി എസ് എന്‍ ജി ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സനീഷ് കുമാര്‍ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി പുകഴേന്തി ആമുഖ പ്രഭാഷണം നടത്തി. തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ ആർ അനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു. ചാലക്കുടി മുൻസിപ്പൽ ചെയർപേഴ്സൺ എബി ജോർജ്, വാർഡ് കൗൺസിലർ വി ജെ ജോജി, ഫോറസ്റ്റ് കൺസർവേറ്റർ-സോഷ്യൽ ഫോറസ്ട്രി (എറണാകുളം റീജിയൻ) ഇന്ദു വിജയൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരായ സംബുദ്ധ മജുംദാർ, സി വി രാജൻ എന്നിവർ സംസാരിച്ചു.