Prevention of wildlife encroachment – ​​Emergency measures formulated

വന്യജീവി ആക്രമണം തടയൽ – അടിയന്തര നടപടികൾക്ക് രൂപം നൽകി

സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി വനം വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്തെ എല്ലാ വനം സർക്കിളിലും ഉണ്ടായ സംഭവങ്ങളും അതിനോട് അനുബന്ധിച്ച് സ്വീകരിച്ച നടപടികളും യോഗത്തിൽ ചർച്ച ചെയ്തു. സി.സി.എഫ് തലത്തിലുള്ള ഇന്റർ‌സ്റ്റേറ്റ് യോഗങ്ങൾ ചേർന്നതായും സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്തതായും ഉത്തര മേഖല സി.സി.എഫ് അറിയിച്ചു. വയനാട്ടിലെ നിലവിലുള്ള സോളാർ ഫെൻസിംഗുകളുടെ അറ്റകുറ്റപണികൾ നടത്തി വരുന്നുണ്ട്. 40 പമ്പ് ആക്ഷൻ ഗണ്ണുകൾ ഒരാഴ്ച്ചക്കകം ലഭ്യമാക്കുന്നതാണ്. വിവിധ സർക്കിളുകളിലെ കുളങ്ങളും മറ്റ് ജലസ്രോതസ്സുകളും നന്നാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. വനം, റവന്യൂ, പോലീസ് വകുപ്പുകൾ ചേർന്നുള്ള കമാൻഡ് കൺട്രോൾ സെന്ററുകൾ ഫലപ്രദമായി പ്രവർത്തിച്ചു വരുന്നതായി യോഗം വിലയിരുത്തി. ഇതില്ലാത്ത മറ്റ് സർക്കിളുകളിലും ഇതേ രീതിയിൽ കമാൻഡ് കൺട്രോൾ സെന്ററുകൾ രൂപീകരിക്കാൻ തീരുമാനിച്ചു. ജനജാഗ്രതാ സമിതികൾ വിളിച്ചു ചേർത്ത് ബന്ധപ്പെട്ട പഞ്ചായത്തുകളുമായി ചേർന്ന് ഫലപ്രദമായ ആസുത്രണം ചെയ്ത് നടപ്പിലാക്കണം. വനത്തിനകത്തെ കുളങ്ങൾ തടയണകൾ ജലദൗർലഭ്യം നേരിടുന്നവയുടെ ലിസ്റ്റ് മുൻഗണനാക്രമത്തിൽ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ തീരുമാനിച്ചു. വാഹനങ്ങൾ കുറവായിട്ടുള്ള ഡിവിഷനുകളിൽ ആവശ്യമായ വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനുള്ള അടിയന്തരമായ നടപടികൾ സ്വീകരിച്ചു.
ആധുനിക ഉപകരണങ്ങൾ വാങ്ങി നൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചു. ഇപ്പോൾ വന്യജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നിൽപ്പെട്ട കുരുങ്ങുകളെ പട്ടിക രണ്ടിലേക്ക് മാറ്റുന്നതിന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. ഇപ്രകാരം ചെയ്യുന്ന പക്ഷം ഇപ്പോൾ പട്ടിക രണ്ടിൽ ഉൾപ്പെട്ട കാട്ടുപന്നികളെ നശിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന തരത്തിൽ അവയുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ കഴിയുന്നതാണെന്ന് യോഗം വിലയിരുത്തി. കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് അഭ്യർത്ഥിക്കാനും തീരുമാനിച്ചു. വന്യ ജീവി ആക്രമണം വർദ്ധിച്ച സാഹചര്യത്തിൽ വനം വകുപ്പിലെ സാധാരണ ജോലികൾ മാറ്റി വെച്ച് എല്ലാ ഫീൽഡ് സ്റ്റാഫുകളും പൂർണ്ണമായും പട്രോളിംഗ് ഡ്യൂട്ടി ഉൾപ്പെടെയുള്ള ജോലികൾ നിർവ്വഹിക്കണമെന്ന കർശ്ശന നിർദ്ദേശം നൽകാൻ വനം മേധാവിയോട് നിർദ്ദേശിച്ചു.